വിജയ് മല്യയെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറും

Posted on: February 4, 2019 9:30 pm | Last updated: February 5, 2019 at 10:34 am

ലണ്ടന്‍: 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറും. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ്‌ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങുന്നതിനെതിരായ പുതിയ സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമമനുസരിച്ച് മല്യയെ സാമ്പത്തിക കുറ്റവാളിയായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മുംബൈ പ്രത്യേക കോടതിയാണ് പുതിയ നിയമമായ ഫ്യുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് 2018 പ്രകാരം വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. മല്യയെ പ്രസ്തുത നിയമപ്രകാരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് നടപടി. വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിരുന്നു.

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് വിജയ് മല്യ യുകെയിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കല്‍ കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.