പബ്ജി ഗെയിം കളിക്കാന്‍ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയില്ല; പതിനെട്ടുകാരന്‍ തൂങ്ങിമരിച്ചു

Posted on: February 4, 2019 5:46 pm | Last updated: February 4, 2019 at 5:46 pm

മുംബൈ: ഗെയിം കളിക്കുന്നതിന് പുതിയ ഫോണ്‍ വാങ്ങണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ തൂങ്ങിമരിച്ചു. മുംബൈയിലെ കുര്‍ള നെഹ്‌റു നഗറിലാണ് സംഭവം.

പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് 37,000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കണമെന്ന കുട്ടിയുടെ ആവശ്യത്തിന് സമ്മതം മൂളാന്‍ വീട്ടുകാര്‍ തയാറായില്ല. 20,000 രൂപക്കു താഴെ വിലയുള്ള ഫോണ്‍ മാത്രമെ വാങ്ങിത്തരാനാകൂ എന്നു പറഞ്ഞതോടെ നിരാശനായ കുട്ടി വീട്ടിലെ അടുക്കളയിലുള്ള ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. അപകട മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്.

പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്‌സ് എന്ന പബ്ജി ഗെയിം നൂറു പേര്‍ തമ്മില്‍ നടത്തുന്ന പോരാട്ടമാണ്. അവസാനം ഇതില്‍ ഒരാള്‍ വിജയിയാവും. ഗെയിം കുട്ടികള്‍ക്ക് ലഹരി പോലെയായിത്തീരുന്നതിനാല്‍ ഇതു നിരോധിക്കണമെന്ന് വ്യാപക ആവശ്യമുയര്‍ന്നിരുന്നു.

കുട്ടികളില്‍ അക്രമ മനോഭാവം വളര്‍ത്തുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതിനും മറ്റും ഇടയാക്കുന്ന ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ പതിനൊന്നുകാരനായ ഒരു വിദ്യാര്‍ഥി തന്റെ അമ്മ മുഖാന്തിരം മുംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.