കരിപ്പൂര്‍ വിമാനത്താവള വികസനം: കേന്ദ്രത്തിന്റെ പിന്തുണയും സഹകരണവുമില്ല-മുഖ്യമന്ത്രി

Posted on: February 4, 2019 2:00 pm | Last updated: February 4, 2019 at 6:50 pm

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും നടത്തിപ്പിനും സംസ്ഥാന സര്‍ക്കാര്‍ പരിഗണന നല്‍കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പിന്തുണയും സഹകരണവുമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മംഗലാപുരം വിമാനത്താവളത്തിലെ അപകട ശേഷം ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍നിന്നും അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം ബേസിക് സ്ട്രിപ്പില്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം പാരലല്‍ ടാക്‌സിവേ, റണ്‍വേ എന്‍ഡി സേഫ്റ്റി ഏരിയ എന്നിവ നിയമാനുസൃതായി വര്‍ധിപ്പിക്കണം.ഇതിന് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എംകെ മുനീറിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.