നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; പീഡിപ്പിച്ചതായി മൂന്നു പെണ്‍കുട്ടികളുടെ കൂടി മൊഴി

Posted on: February 4, 2019 12:35 pm | Last updated: February 4, 2019 at 1:41 pm

ചെന്നൈ: പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് നടി ഭാനുപ്രിയയുടെ ചെന്നൈ ടി നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കൂടി കണ്ടെത്തി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ സമിതി (എന്‍ സി പി സി ആര്‍) യാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് മൂന്നു പേരും സമിതിക്കു മൊഴി നല്‍കിയതായാണ് വിവരം.

ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോസംഭവം ചൂണ്ടിക്കാട്ടി എന്‍ സി പി സി ആറിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഭാനുപ്രിയയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയുടെ വീട്ടില്‍ നാലു പെണ്‍കുട്ടികളുണ്ടെന്നും ഇവരെല്ലാവരെയും ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ മനുഷ്യക്കടത്തും സംശയിക്കണമെന്ന് റാവോ പറയുന്നു.

നേരത്തെ പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭാനുപ്രിയക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ മകളെ വീട്ടുജോലിക്കെന്നു പറഞ്ഞ് ചെന്നൈയിലെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതായി സമാല്‍കോട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചിരുന്ന 10,000 രൂപ വേതനം 18 മാസത്തോളമായി കുട്ടിക്ക് നല്‍കിയില്ലെന്നും കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ കുട്ടിയെ ഉപദ്രവിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രഭാവതി താരത്തിന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. എന്നാല്‍, ഒന്നര ലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നു മോഷ്ടിച്ചതായി ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്.