Malappuram
കാലാവധി നീട്ടല്‍: സ്വകാര്യ ബസ്‌മേഖലക്ക് ആശ്വാസമാകുന്നു
നിലമ്പൂര്‍: സ്വകാര്യ ബസുകളുടെ സര്‍വീസ് കാലാവധി 20 വര്‍ഷമാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് മേഖലക്ക് ആശ്വാസമാകുന്നു. നിലവില്‍ 15 വര്‍ഷമായിരുന്നു സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്.
ഇന്ധന വില വര്‍ധനവും ഇന്‍ഷ്വറന്‍സ്, ടാക്‌സ്ചാര്‍ജ് വര്‍ധനവും യാത്രക്കാര്‍ കുറയുന്നതും കാരണം സ്വകാര്യ ബസ് മേഖല ഏറെ തകര്‍ച്ചയിലായിരുന്നു. ദേശസാത്കൃത റൂട്ടുകളിലും അന്തര്‍ ജില്ലാ റൂട്ടുകളിലും ഉള്‍ഗ്രാമങ്ങളിലും സ്വകാര്യ ബസ് സര്‍വീസ ്കുറഞ്ഞ് വരികയാണ്. 1500 ഓളം ബസുകളുണ്ടായിരുന്ന ജില്ലയില്‍ 300ലേറെ ബസുകളാണ് നഷ്ടം കാരണം ഗ്യാരേജില്‍ അഭയം തേടിയത്. നിരവധി ബസുകള്‍ സര്‍വീസ് വെട്ടി ചുരുക്കിയും ജീവനക്കാരെ കുറച്ചും നിലനില്‍പ്പിനായുള്ള ശ്രമത്തിലുമാണ്.
കിതച്ച് നീങ്ങുന്ന സ്വകാര്യ ബസ്‌മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബസുടമകളുടെ സംഘടനകളും തൊഴിലാളി യൂനിയനുകളും നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍വീസ് നടത്തുന്നതിനുള്ള കാലാവധി അഞ്ച് വര്‍ഷം നീട്ടി നല്‍കിയത് ഇവര്‍ക്ക് ആശ്വാസമാകും. പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാതിനാല്‍ സര്‍വീസ് നിര്‍ത്തേണ്ട ബസുകള്‍ക്കാണ് ഈ നടപടി ഏറെ ഗുണം ചെയ്യുക. നിലമ്പൂര്‍ മേഖലയില്‍ 25 ഓളം ബസുകള്‍ നിരത്തിലിറക്കാനാവാതെ ഉടമകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. കാലാവധി കഴിയുകയും ബസുടമ വാഹനം മാറ്റി സര്‍വീസ് ആരംഭിക്കാത്തതിനാലും നിലമ്പൂരില്‍ മാത്രം 150ലേറെ ബസ് ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ മലയോര മേഖലയിലേക്കുള്ള സര്‍വീസു പോലും നിലച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. അഞ്ച് വര്‍ഷം കൂടി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കാലാവധി ലഭിച്ചതോടെ നിര്‍ത്തിയിട്ട ബസുകളും സര്‍വീസിന് ഒരുങ്ങുകയാണ്. സര്‍ക്കാര്‍ നടപടി വിദ്യാര്‍ഥികളുള്‍പ്പെടെ പൊതുജനത്തിനും ആശ്വാസ നടപടിയാണ്.
അതേസമയം പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തില്‍ വാഹനങ്ങളുടെ എന്‍ജിനില്‍ മലിനീകരണം കുറക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിബന്ധനയോടെയാണ് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടികാലാവധി നല്‍കുന്നത്. ഇതുമായി ബസപ്പെട്ട പരിശോധനകള്‍ മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമാക്കും.




