സാമൂഹിക ഇടപെടലിന് ചെലവേറുന്ന കാലം വരുമ്പോള്‍

ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും എങ്ങനെ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. അതിന് ഏതാണ്ട് ഒരു രൂപമായിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തിയിരിക്കുന്ന നീക്കം പുതിയൊരു തരത്തിലാണെന്ന് മാത്രം. മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്നതിന് സമാനമായിട്ടുള്ള മെസ്സേജിംഗ്, കോളിംഗ് സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളെ ഒ ടി ടി (ഓവര്‍ ദി ടോപ്) പരിധിയില്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ ട്രായ് ആലോചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഫേസ്ബുക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ ഇടപെടല്‍ ചെലവേറിയതാകും.
Posted on: February 4, 2019 10:42 am | Last updated: February 4, 2019 at 10:42 am

സാമൂഹിക മാധ്യമങ്ങളിലെ ഭീമന്മാരായ ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും എങ്ങനെ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇപ്പോള്‍ അതിന് ഏതാണ്ട് ഒരു രൂപമായിട്ടുണ്ടെന്ന് തോന്നുന്നു. സര്‍ക്കാറിനെതിരെ ക്യാമ്പയിന്‍ നടത്തുന്നുവെന്നും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നുമൊക്കെ പറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പലപ്പോഴും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതൊക്കെയും ശക്തമായ പ്രതിഷേധത്തിന്റെ മുമ്പില്‍ തകരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തിയിരിക്കുന്ന നീക്കം മറ്റൊരു തരത്തിലാണെന്ന് മാത്രം. മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്നതിന് സമാനമായിട്ടുള്ള മെസ്സേജിംഗ്, കോളിംഗ് സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളെ ഒ ടി ടി (ഓവര്‍ ദി ടോപ്) പരിധിയില്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ ട്രായ് ആലോചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഫേസ്ബുക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ ഇടപെടല്‍ ചെലവേറിയതാകും.
വര്‍ത്തമാന കാലത്ത് ഫേസ്ബുക്കും വാട്‌സാപ്പുമൊക്കെ വെറും സാമൂഹികമാധ്യമം എന്നതില്‍ നിന്നും മാറിയിട്ടുണ്ട്. വിനോദത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ഈ മാധ്യമങ്ങള്‍ വഴി ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ടെന്നതാണ് യാഥാര്‍ഥ്യം. യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇത്തരം മാധ്യമങ്ങളെയാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യം ചെയ്യുന്നതിന് സംരംഭകര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാത്രമായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘വാട്‌സാപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചാലഞ്ച്’ എന്ന് പേരിട്ടിരിക്കുന്നതാണ് പദ്ധതി. ആരോഗ്യ, ഗ്രാമീണ, സാമ്പത്തിക മേഖലയിലെ മികച്ച ആശയങ്ങള്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് 1.8 കോടിയുടെ സമ്മാനമാണ് വാട്‌സാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രമാത്രം പൊതുജനങ്ങളുമായി ഇടപഴകുന്ന ഒരു മാധ്യമത്തെ എങ്ങനെയങ്കിലും നിയന്ത്രിക്കണമെന്ന് സര്‍ക്കാറുകള്‍ ആലോചിക്കുക സ്വാഭാവികം മാത്രം.

പൊതുജനങ്ങളില്‍ നിന്നടക്കം നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഫെബ്രുവരി അവസാനത്തോടെ ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാനുമാണ് ട്രായ് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്, വാട്‌സാപ്പ്, ഗൂഗിള്‍ഡ്യൂ തുടങ്ങിയവക്ക് പുറമേ വീഡിയോ സേവനം നല്‍കുന്ന ആപ്ലിക്കേഷനുകളെയും ഒ ടി ടിയുടെ പരിധിയില്‍ കൊണ്ടുവന്ന് ഇത്തരം സേവനങ്ങള്‍ക്ക് ലൈസന്‍സ് അടക്കമുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്താനാണ് ട്രായ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത്തരം സേവനങ്ങള്‍ക്ക് ലൈസന്‍സ്, വാടക ഇനത്തില്‍ സര്‍ക്കാറിലേക്ക് ഒന്നും നല്‍കേണ്ടതായിട്ടില്ല. ഒ ടി ടിയുടെ പരിധിയിലേക്ക് ഈ സേവനങ്ങള്‍ മാറ്റുന്നതോടെ ഇത്തരം സേവനങ്ങള്‍ പണച്ചെലവുള്ളതായി മാറുമെന്നതാണ് സംഭവിക്കാന്‍ പോകുന്നത്. അപ്പോള്‍ സ്വാഭാവികമായും സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഫേസ്ബുക്, വാട്‌സാപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ നിര്‍ബന്ധിതരാകും.
ഇവിടെയാണ് വിഷയത്തിന്റെ മര്‍മം കിടക്കുന്നത്. മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനു വേണ്ടി നികുതി, സ്‌പെക്ട്രം വാടക, ലൈസന്‍സ് ഫീസ്, ടെലികോം ഉപകരണങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളിലായി വന്‍തോതില്‍ പണച്ചെലവുള്ള സേവനങ്ങള്‍, പ്രത്യകമായി വലിയ ചെലവൊന്നുമില്ലാതെ, ഇത്തരം ആപ്ലിക്കേഷനുകള്‍ നല്‍കുന്നുവെന്നതാണ് പ്രശ്‌നം. ഈ കാര്യങ്ങളൊക്കെ ഉന്നയിച്ചു സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (രീമശ) നേരത്തെ ട്രായിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ ശ്രമിച്ച് വിജയിക്കാതെ പോയ മൊബൈല്‍ സേവനദാതാക്കള്‍ അതിനുപകരം മറ്റൊരു തന്ത്രത്തിലൂടെ ഇത്തരം ആപ്ലിക്കേഷനുകളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. നിലവിലുള്ള ഡാറ്റാ പ്ലാന്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഇന്റര്‍നെറ്റിലെ ഏത് സേവനവും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്നതിലൂടെ മൊബൈല്‍ സേവനദാതാക്കള്‍ ലക്ഷ്യമിട്ടിരുന്നത്. വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേകം ഡാറ്റാ പ്ലാനുകള്‍ ഉപഭോക്താവ് സ്വീകരിക്കേണ്ടി വരുമായിരുന്നു നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കപ്പെട്ടിരുന്നുവെങ്കില്‍. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടതോടെ ഫോണ്‍ വിളികളിലൂടെയും മെസ്സേജിലൂടെയും തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വരുമാനം ഇത്തരം ആപ്ലിക്കേഷനുകള്‍ നിഷേധിക്കുന്നുവെന്ന തിരിച്ചറിവാണ് ട്രായിയുടെ അടുത്ത് ഇത്തരത്തിലൊരു പരാതിയുമായി ചെല്ലാന്‍ മൊബൈല്‍ സേവനദാതാക്കളെ പ്രേരിപ്പിച്ചത്. ഇത് ഏതാണ്ട് വിജയിക്കുന്നുവെന്നാണ് ട്രായിയുടെ നടപടികള്‍ സൂചിപ്പിക്കുന്നത്.
നമുക്കറിയാം, ഇപ്പോള്‍ ഏത് മൊബൈല്‍ സേവനദാതാവിന്റെ സിം ഉപയോഗിച്ചാലും മാസത്തില്‍ മിനിമം രൂപ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ അവരുടെ സേവനം കട്ടാകും. ഡിസംബര്‍, ജനുവരി മാസങ്ങളിലായി എല്ലാ സേവനദാതാക്കളും ഇത്തരമൊരു രീതിയിലേക്ക് തങ്ങളുടെ സേവനം മാറ്റിയിരിക്കുകയാണ്. പുതിയ സിം എടുക്കുന്ന സമയത്ത് ആജിവനാന്ത ഇന്‍കമിംഗ് കോളോടുകൂടിയുള്ള വാലിഡിറ്റിയാണ് ഈ കമ്പനികളൊക്കെയും പറഞ്ഞിരുന്നത്. അതിനൊക്കെ കടകവിരുദ്ധമായി ഇപ്പോള്‍ മൊബൈല്‍ സേവനദാതാക്കള്‍ ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനം ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയെങ്കിലും റീചാര്‍ജ് ചെയ്യാത്തവന് ഇന്‍കമിംഗ് കോളുകള്‍ പോലും തടയപ്പെടുകയാണ്. സിം എടുക്കുന്ന അവസരത്തില്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന് എതിരായിട്ടാണ് ഇത്തരമൊരു തീരുമാനം.
റിലയന്‍സ് ജിയോയുടെ വരവോടുകൂടി വിപണിയില്‍ മത്സരം മുറുകുകയും ജിയോക്കൊപ്പമെത്താനുള്ള ഓട്ടത്തിനിടയില്‍ താരിഫ് റേറ്റുകള്‍ കുറയ്ക്കാന്‍ മറ്റു കമ്പനികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തിടത്താണ് ഇപ്പോള്‍ ഇത്തരമൊരു നീക്കവുമായി കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്. മൊബൈല്‍ സേവന മേഖല പിടിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ വഴിവിട്ട സഹായത്തോടുകൂടിയുള്ള റിലയന്‍സ് ജിയോയുടെ ഓഫര്‍ തള്ളിച്ചയില്‍ മറ്റ് സേവനദാതാക്കള്‍ പിടയുകയാണെന്ന് ഇത് തെളിയിക്കുന്നു. വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഒരേസമയം മികച്ച ഓഫറുകള്‍ നല്‍കുന്നതിനൊപ്പം സേവനത്തിനായി അധികപണം കണ്ടെത്തുകയും ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ മിക്ക കമ്പനികളും.
ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നാം മറക്കുകയാണ്. ജിയോയുടെ വരവോടു കൂടി ഉപഭോക്താവിന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സംസാരസമയവും ഇന്റര്‍നെറ്റ് ഉപയോഗവും സാധ്യമാകുന്നുണ്ടെങ്കിലും മൊബൈല്‍ സേവനത്തില്‍ നിന്ന് പല കമ്പനികളും പിന്‍വാങ്ങുകയാണ്. സേവനത്തിനായി ചുരുക്കം ചില കമ്പനികള്‍ മാത്രമാകുമ്പോള്‍ അവര്‍ പറയുന്നതെന്തും നടപ്പാക്കപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുക. ഇത് തന്നെയാണ് സര്‍ക്കാറിന്റെ എല്ലാ സഹായവും കൈപ്പറ്റുന്ന കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള ജിയോ പോലുള്ള കമ്പനികള്‍ നല്‍കുന്ന വമ്പന്‍ ഓഫറുകളുടെ ഉദ്ദേശ്യവും. സേവനരംഗത്തു നിന്നും മറ്റ് കമ്പനികളെ പുകച്ചു പുറത്തുചാടിക്കുകയെന്ന തന്ത്രം. ട്രായിയുടെ മുന്നിലെത്തിയിരിക്കുന്ന സാമൂഹികമാധ്യമങ്ങളെ ഓവര്‍ ദി ടോപ്പിലുള്‍പ്പെടുത്താനുള്ള നിര്‍ദേശം നടപ്പിലായില്ലെങ്കില്‍ സാമ്പത്തിക ഞെരുക്കം മൂലം കമ്പനികള്‍ പൂട്ടേണ്ടിവരും. നിര്‍ദേശം നടപ്പിലായാലോ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കേണ്ടിവരും. രണ്ടായാലും ഉപഭോക്താവിന് അടി തന്നെയായിരിക്കും ഫലം.

വി പി എം സാലിഹ്