Connect with us

Prathivaram

പറ, ആരുണ്ട് നിങ്ങള്‍ക്ക് അങ്ങനെയൊരാള്‍ ?

Published

|

Last Updated

അത്യപൂര്‍വം ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ആത്മീയാവസ്ഥയാണോ ഇസ്‌ലാമിലുള്ളത് എന്ന് ഇനി ചോദിച്ചുപോകരുത്! അല്ല, മിനിമം, ആവറേജ്, ഗുഡ്, വെരിഗുഡ്, എക്‌സലന്റ്, ഔട്ട്‌സ്റ്റാന്‍ഡിംഗ്.. എന്നിങ്ങനെയെല്ലാമുള്ള ആത്മീയ നിലവാരങ്ങള്‍ നേടുന്നതിനുള്ള സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിലുണ്ട്. പക്ഷേ, എല്ലാറ്റിനെയും കൂടി വലിച്ചുചുരുട്ടി മിനിമത്തിലോ ആവറേജിലോ അമുക്കിക്കളയുന്നു എന്നതാണ് ജമാഅത്തിന് വന്നുപോവുന്ന കൈപ്പിഴ.

ആയതിനാല്‍, ഒരാള്‍ക്ക് അഥവ ഒറ്റ ഒരാള്‍ക്ക് മതിവരുവോളം ഇബാദത്തെടുക്കാന്‍ തോന്നുകയാണെങ്കില്‍, കഠിനമായി ഭൗതികലോകത്തെ ഇകഴ്ത്തിത്തള്ളാന്‍ ബലം കിട്ടുകയാണെങ്കില്‍ അയാളെ കൂക്കിമക്കാറാക്കേണ്ട! പക്ഷേ, ഒരു കാര്യം നോക്കണം, ശരീഅത്തിന്റെ ചുറ്റുമതിലുകള്‍ ചാടിക്കടക്കുന്നുവോ എന്ന.് ഉണ്ടെങ്കില്‍ പിടികൂടുകയും വേണം. ശൈഖ് മഖ്ദൂം ഊന്നിപ്പാടിയില്ലേ, മശാഇഖുമാരുടെ ആത്മീയപാതകളെല്ലാം കിതാബുസ്സുന്നകളാല്‍ ചങ്ങലസ്ഥമാണെന്ന്!

അപ്പോള്‍ ത്യാഗജീവിതത്തിന്റെ തീച്ചൂളകളിലൂടെയും ആരാധനാസമൃദ്ധിയുടെ പാലാഴികളിലൂടെയും കൂട്ടത്തില്‍ പെട്ട ഒരാള്‍ക്ക് തുഴയാന്‍ തോന്നുന്നുവെങ്കില്‍ അവനെ തടയുകയേ വേണ്ട! ഫും, അങ്ങനെ ഒന്നോ രണ്ടോ ആളുണ്ടായിട്ടെന്താ കാര്യം എന്നാലോചിച്ച് തല കഴക്കണ്ട. ഭൂമിയില്‍ മണ്ണെത്രയുണ്ട്? പക്ഷെ പൊന്ന് ഇത്രപ്പൊടിയല്ലേ ഉള്ളൂ. കടലില്‍ മണല്‍ എത്ര കോടിയുണ്ട്. പക്ഷെ, പവിഴം എത്ര കുറച്ചേയുള്ളൂ. കാട്ടില്‍ കമ്മൂഷ്ടപ്പ എത്ര കാണാം. പക്ഷേ കുങ്കുമപ്പൂവോ, ഇത്രപ്പശ!

പിന്നെ, അങ്ങനെ ഒന്നുരണ്ടാളുകള്‍ പോയാല്‍ ശേഷിക്കുന്ന സകലരും ആ വഴിക്ക് പോകില്ലേ, പിന്നെ ബിരിയാണി ദമ്മിടാന്‍, തേങ്ങ പറിക്കാന്‍, മുടി മുറിക്കാന്‍, പോത്ത് തറിക്കാന്‍, പറമ്പ് കിളക്കാന്‍ ആളെ കിട്ടുമോ എന്ന ആധിയൊന്നും വേണ്ട. പണപ്പത്രാസു ദാഹത്താല്‍ മക്കളെ മുഴുക്കെ ഞെക്കിമുരുടി മെഡിക്കോഎന്‍ജിനീയറിംഗ് ഫര്‍ണസുകളിലേക്ക് തള്ളിക്കയറ്റുമ്പോള്‍ എന്താ ആ വക ആധിയൊന്നും തലയില്‍ ചുഴിയാഞ്ഞു കണ്ടില്ലല്ലോ? അങ്ങനെ എല്ലാവര്‍ക്കും പോയി പൂപറിച്ചു പോരാന്‍ പറ്റിയ പ്ലാച്ചിമടക്കാടൊന്നുമല്ല ആത്മീയ ഔന്നിത്യത്തിന്റെ മഅ്‌രിഫ/ വിലായ തലങ്ങള്‍.

ഇപ്പോള്‍ പറഞ്ഞുവെച്ചത് തടയണ്ട എന്നിടത്താണ്. ഇനി നമ്മളല്‍പ്പം കൂടി നീങ്ങിയിരിക്കുകയാണ്. പോരാ, അവരെ പ്രോത്സാഹിപ്പിക്കണം. പോരാ, പറ്റുന്നവരൊക്കെ ആ വഴിക്ക് ചിന്തിക്കാനും ചലിക്കാനും ആവശ്യമായ ആത്മീയ സന്ദര്‍ഭങ്ങള്‍ സമൂഹത്തിന് സംവിധാനിച്ചു കൊടുക്കണം. ഭൗതികലോകത്തിന്റെ വെട്ടിപ്പിടുത്തത്തിലേക്ക് എടുത്തുചാടാന്‍ ഉടുപ്പുമാറ്റി നില്‍ക്കുകയാണ് പൊതുജനം. അതിന് ചെറുവിരല്‍ കൊണ്ട് ഒരു തള്ളുകൊടുത്താല്‍ മതി. എന്നാല്‍, ഭൗതികചിന്തയുടെ ചെളിപ്പരപ്പില്‍ കിടന്ന് മദിക്കുന്ന മണ്ണുങ്കട്ടകളെ ആത്മീയവെളിച്ചത്തിന്റെ കരയിലേക്ക് ചൊട്ടിയിടലാണ് ശ്രമകരം. ഒരുവിധക്കാരെയൊന്നും അതിന് വിധേയപ്പെട്ട് കിട്ടില്ല.

ഇവിടെ ഞാനൊരു അനുഭവം പറയാം: ജമാഅത്തിന്റെ വളര്‍ച്ചയിലും വ്യാപ്തിയിലും മതിമറന്ന് കോള്‍മയിര്‍ കൊള്ളുന്ന ഒരു പച്ചപ്പാവം ജമാ.സുഹൃത്ത് ഒരു ദിവസം വിശദമായ സ്റ്റാറ്റിസ്റ്റിക്‌സുമായി എന്റെയടുത്തുവന്നു. ജമാഅത്തിനെ പ്രതി പൊള്ളും മതിപ്പ് എന്നില്‍ കത്തിച്ചെടുക്കലാണ് ആശാന്റെ ആവേശം എന്ന് മനസ്സിലായി. ജമാഅത്ത് തലമുറയിലെ ന്യൂജെന്‍ എത്തിപ്പെട്ട ഉന്നത സ്ഥാനങ്ങള്‍, എന്നുവെച്ചാ, സഊദി, ഖത്വര്‍, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സര്‍വകലാശാലകളിലും മറ്റും വഹിക്കുന്ന ഉന്നത പദവികള്‍, ജെ എന്‍ യുവിലും ജാമിഅ മില്ലിയയിലും അലിഗഢിലും കയറിപ്പറ്റാനിരിക്കുന്നവരുടെ മികവുകള്‍, യൂറോപ്പിലേക്ക് ചേക്കേറാനായി ക്വാളിഫൈഡായി നില്‍ക്കുന്ന അഭ്യസ്തരുടെ പേരുവിവരങ്ങള്‍ ആദിയായവ പൊളിച്ചുചെരിയുന്നു. മലപ്പുറത്തുള്ള ഒരു മാഷ് മുഖാന്തിരം നാസയുമായി ബന്ധപ്പെട്ട് സയന്റിസ്റ്റുകളെ വാര്‍ത്തെടുക്കാനുള്ള, രാമോജി മോഡലില്‍ കേരളത്തില്‍ ഇസ്‌ലാമിക് സിനിമാവ്യൂഹം നെയ്യാനുള്ള പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചുവിട്ടു. എല്ലാം കേട്ട ശേഷം ഞാന്‍ ചോദിച്ചു: ഒക്കെ നല്ലതുതന്നെ! പക്ഷേ, ഭൗതികമോഹങ്ങളൊന്നുമില്ലാതെ, ദീന്‍ ആഴത്തില്‍ പഠിപ്പിച്ച്, മഅ്‌രിഫത്തിന്റെ വഴികളിലൂടെ വളര്‍ത്തി മുസ്തജാബുദ്ദഅവത്തായ ആളുകളെ വാര്‍ത്തുവിടുന്ന എന്ത് സ്ഥാപനമാണ് നിങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ളത്? കക്ഷിക്ക് എന്റെ ചോദ്യം തന്നെ മനസ്സിലായില്ല! ഗ്യും!! ബി ടെക്, എം ടെക്, എം ബി എ, എയറോനോട്ട് എന്നൊക്കെ കേട്ടിരിക്കും. പക്ഷെ, “മുസ്തജാബുദ്ദഅവത്” എന്ന തസ്തിക?

ഞാന്‍ പാങ്ങനെ വിശദീകരിച്ചു. ആളുകളെല്ലാം ധനത്തിനും സ്ഥാനത്തിനും പിന്നാലെ പരക്കം പായുന്ന ഒറ്റക്കണ്ണന്‍ ദജ്ജാലുമാരായി മാറിയ കാലത്ത് അതിനെ കൊഴുപ്പിക്കാനും അതിലേക്ക് കൊതിപ്പിക്കാനുമല്ലേ നിങ്ങളും ആക്കം കൂട്ടുന്നത്? ഞാന്‍ കോടമ്പുഴ ബാവ ഉസ്താദിന്റെ തൂലികാതരംഗങ്ങള്‍ എന്ന പുസ്തകം മറിച്ച് അഹ്‌ലുസ്സുഫയേയും മുതഅല്ലിമുകളെയും വിശേഷിപ്പിച്ചെഴുതിയ രണ്ട് ലേഖനങ്ങള്‍ ഉറക്കെ വായിപ്പിച്ചു. അപ്പോഴേക്കും ഞാന്‍ അടുക്കളയില്‍ ചെന്ന് കട്ടങ്കാപ്പിയും കൂവ്വക്കിഴങ്ങ് ഉപ്പിട്ടു പുഴുങ്ങിയതുമായി വന്നു.

ഭൗതികവിജ്ഞാനങ്ങളൊന്നും വേണ്ടെന്നല്ല, മറിച്ച്, ഭൗതിക ലോകത്തിന്റെ വൈറല്‍പുകകളില്‍ നിന്ന് മാറി മതം അതിന്റെ സത്തയോടെ പഠിക്കുകയും പകര്‍ത്തുകയും ചെയ്ത്, കൈ ഉയര്‍ത്തി അങ്ങ് ചോദിച്ചാല്‍ ഉത്തരം ഉടനെ കിട്ടുന്ന വിശുദ്ധരെ വാര്‍ത്തെടുക്കുന്ന ഒരു സംഗതിയും നിങ്ങള്‍ക്ക് ഇല്ലേ? അവര്‍ക്ക് പണവും പ്രൗഢിയും പത്രാസും ഒന്നും കാണില്ല. ഹദീസിലില്ലെ, ജഡപിടിച്ച, പൊടിപുരണ്ട എത്രയെത്രയാളുകളാണ്, അല്ലാഹുവിനെ പിടിച്ച് ഒരു കാര്യമങ്ങ് ചോദിക്കുകയല്ലേ വേണ്ടൂ, ഉത്തരം കിട്ടിപ്പോയി, ഉറപ്പ്! ഔലിയാക്കള്‍ക്കില്ലേ ഒരു പറച്ചില്‍, ആ രോഗം ഇനി വേണ്ട- അതോടെ സൂര്യനുദിച്ചാല്‍ ഇരുട്ടെന്ന പോലെ അത് പമ്പ കടന്നില്ലേ- പതിനായിരക്കണക്കിന് പച്ചയായ അനുഭവങ്ങള്‍ ആര്‍ക്ക് നിഷേധിക്കാനാകും.
അപ്പോള്‍ “പണമാണ് കാര്യം, പദവിയാണ് പ്രധാനം” എന്ന മോട്ടോയോടുകൂടി പരക്കം പായുന്ന ഒരു സമുദായത്തില്‍ അല്ല അതിനപ്പുറം ചില കാര്യങ്ങളുണ്ട് എന്ന് പറഞ്ഞ് കാണിച്ചുകൊടുക്കാന്‍ മാതൃകകള്‍ വേണം. അതില്ല എന്നതാണ് ജമാഅത്ത് നേരിടുന്ന ഏറ്റവും കഠിനമായ ദാരിദ്ര്യം. അതായത് രാവിലെ മുതല്‍ രാവുവരെ ഹറാം പോയിട്ട് ഒരു കറാഹത് പോലും ചെയ്യാതെ, ഖുര്‍ആനും ഹദീസും ഫിഖ്ഹും തസ്വവ്വുഫും ചൊല്ലിക്കൊടുത്തും മാതൃക കാണിച്ചും ജീവിതങ്ങള്‍ സംസ്‌കരിച്ചും സമ്പൂര്‍ണ ഇലാഹീ തൃപ്തിയിലായി കഴിഞ്ഞുകൂടുന്ന അപൂര്‍വമാളുകളുടെ ലഭ്യത. അവര്‍ക്ക് നിങ്ങളീപ്പറയുന്ന ഡിഗ്രിയോടും ഡിപ്ലോമയോടും തേങ്ങേടെ മൂടിനോടും ഒന്നും ഒരു പ്രതിപത്തിയുമില്ല. പണത്തോട് ഇഷ്ടമില്ല. അവര്‍ പണിയെടുക്കുന്നതും സമയം ചെലവഴിക്കുന്നതും പണത്തിന് വേണ്ടിയല്ലതാനും.

കുറേക്കാലം മുമ്പിലിരുന്ന് പഠിച്ച്, ബിരുദം വാങ്ങി, യോഗ്യനായി ഇനി അധ്യാപനപരമായ കര്‍മജീവിതത്തിലേക്ക് ഇറങ്ങാനിരിക്കുന്ന സുലൈമാന്‍ ഉസ്താദിനോട് ശൈഖുനാ ഒ കെ ഉസ്താദ് പറയുന്നത് “ഇഹ്‌യാഉസ്സുന്നയില്‍ മുദരിസായി നില്‍ക്കണം, ശമ്പളമൊന്നുമുണ്ടാകില്ല!!” എന്നാണ്. “ഓ അതിനെന്താ, ഞാനിനിയും അവിടുന്ന് ഓതുകയാണ് എന്ന് വെച്ചാപ്പോരേ” എന്നാണ് ഉസ്താദിന്റെ മറുപടി. കിട്ടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ശമ്പളം തരാമെന്ന് പറഞ്ഞ് മറ്റൊരിടത്ത് നിന്ന് വിളിച്ചപ്പോള്‍ “വേണ്ട, ഞാനീ ശമ്പളം കൊണ്ട് തന്നെ കഷ്ടിച്ച് കഴിഞ്ഞുകൊള്ളാം” എന്ന് പറഞ്ഞ ശൈഖുനയുടെ ശിഷ്യനാണിതെന്ന് ഓര്‍മ വേണം. സുലൈമാന്‍ ഉസ്താദിന്റെ ശിഷ്യനായ ഒരു പ്രമുഖ മുദരിസ് ഈയടുത്ത് ഒരു തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞു. കുറേക്കാലമായില്ലേ കൂലി വാങ്ങി കിതാബോതിക്കൊടുക്കാന്‍ തുടങ്ങിയിട്ട്! ഇനി മുതല്‍ ദര്‍സ് നടത്തുന്നതിന് ഞാന്‍ ശമ്പളം വാങ്ങില്ല, മാശാഅല്ലാഹ്! അഞ്ചുറുപ്യ അധികം കിട്ടുന്ന പണി എവിടെ കിട്ടും, അത് എങ്ങനെയെങ്കിലും നായാടിപ്പിടി എന്ന് ഉപദേശിക്കുന്ന ഒലക്കപ്പുണ്ണാക്കിന്റെ പേഴ്‌സനാലിറ്റി ഡിവലപ്‌മെന്റ് ക്ണാപ്പുകള്‍ കൂണുപോലെ പെരുത്തുചീര്‍ത്ത ഒരു സാമൂഹിക സന്ദര്‍ഭത്തിലാണ് ഷോക്കുപിടിപ്പിക്കുന്ന ഈ തീരുമാനം എന്നോര്‍മ വേണം.

മതപഠനത്തിന് പോകുന്ന കുട്ടികള്‍ക്കറിയാം, നരിശമ്പളം കിട്ടുന്ന വലിയ ജോലിയൊന്നും കിട്ടിയേക്കണമെന്നില്ല എന്ന്, സമൂഹത്തിന്റെ കണ്ണില്‍ അത്ര വലിയ വില ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും. എന്നിട്ടും ആ പഠിപ്പിനെ തിരഞ്ഞെടുക്കുന്ന ഒരു സംസ്‌കാരം നിലവിലുള്ളത്, അത് ഭദ്രമായി മുന്നോട്ടുപോകുന്നത്- ജമാഅത്ത് വായില്‍വെള്ളവുമായി മാറിനിന്ന് ശ്രദ്ധിക്കണം, ഇപ്പോള്‍ പ്രത്യേകിച്ചും. പാന്റും സ്യൂട്ടും കോട്ടുമിട്ട് അഡ്മിനിസ്റ്റ്രേട്ടറും ബിസിനസ് ജിറാഫും ആയി ഞെളിയേണ്ട വെള്ളക്കരണ്ടി ജന്മങ്ങളാണ് ഇപ്പോള്‍ മുത്തുനബിയുടെ സുന്നത്ത് പൂക്കുന്ന വെള്ളയും വെള്ളയും തലപ്പാവും ധരിക്കുന്ന തുച്ഛശമ്പള ഹിഫ്‌ള്- ശരീഅ കോഴ്‌സുകളിലേക്ക് ഒഴുകിവരുന്നത്. അപ്പോള്‍ മുസ്തജാബുദ്ദഅവത്തിന്റെ ഉത്പാദനം എന്ന് പറയുന്നത്, കിളച്ചുകൂട്ടിയ അയിരു മലയില്‍ നിന്ന് ഇത്തിരിത്തങ്കം അരിച്ചെടുക്കുമ്പോലെ കഠിനകഠോരമാണ്. പക്ഷേ, അത് കിട്ടണമെങ്കില്‍ ആ വഴിയിലേക്ക് വലിയൊരു വ്യൂഹം പോയിക്കൊണ്ടേയിരിക്കണം. എല്ലാവരും ഗോള്‍ പോസ്റ്റിലേക്കെത്തണമെന്നില്ല. എന്നല്ല, ചിലര്‍ വഴിക്കുവെച്ച് മഹാവെടക്കുകളായി കെട്ടളിഞ്ഞു എന്നുമൊക്കെ വരാം.

ഇനി നേരത്തെ പറഞ്ഞതിനെ നെഞ്ചില്‍ തറക്കുന്ന ഒരു ചോദ്യശൂലമാക്കി നമുക്കിവിടെ നിര്‍ത്താം. ജമാഅത്തുകാര്‍ ഒറ്റക്കും കൂട്ടമായും ആലോചിക്കേണ്ടത് ഇസ്‌ലാമിനെ കണ്ടുപഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ക്ക്, ഒരു കറാഹത്തു പോലും ചെയ്യാതെ ജീവിക്കുന്ന ഒരു മഹാമനുഷ്യനെ തൊട്ടുകാണിക്കാനായി ആരാണുള്ളത്? അയാള്‍ക്ക് വെച്ചുനീട്ടാന്‍ ഏടുകളെമ്പാടും അടിച്ചിറക്കിയതുണ്ടാകാം. പക്ഷേ, ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെന്ന് മാത്രമല്ല, പാല് പോയിട്ട് ഗോമൂത്രം പോലും തരില്ലല്ലോ? പറ, പൂര്‍ണമായി മാതൃകയാക്കാന്‍ പറ്റിയ ആരുണ്ട്? ആരുണ്ട്? കൈ ഉയര്‍ത്തി ഒരു കാര്യം മോളിലുള്ളവനോട് ചോദിച്ച് കൈ താഴ്ത്തും മുന്നേ ഉത്തരം മന്നസല്‍വ പോലെ മുന്നിലെത്തിക്കാന്‍ കഴിയുന്ന ആരുണ്ട്? ഭൗതികസങ്കേതങ്ങള്‍ സങ്കീര്‍ണമാക്കിയ, അല്ലെങ്കില്‍ ഭൗതികമേഖല കൈമലര്‍ത്തിയ ഒരു മഹാആധിക്ക് ശമനം കിട്ടാന്‍ ഓടിച്ചെല്ലാനുള്ള ഏത് സാത്വികനാണുള്ളത്? നമ്മളെത്ര മോശമാണെങ്കിലും “ഓറു”ടെ കൂടെയിരുന്നിട്ടില്ലേ, പ്രാര്‍ഥനയില്‍ പങ്കാളികളായിട്ടില്ലേ, പടച്ചോന്‍ കാക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുന്ന ആരാണുള്ളത്? ആരെയാണ് അമ്മട്ടില്‍ വാര്‍ത്തുവിടുന്നത്? ഇതൊന്നുമില്ലാതെ വെറും ശമ്പളക്കുല കൊത്തിഞാത്തുന്ന ഗ്രൗട്ട് മാറ്റി കാവി മാറ്റി ടൈല്‍സ് മാറ്റി മാര്‍ബിള്‍ മാറ്റി ഗ്രാനൈറ്റ് മാറ്റി…നല്ല “നിലവാര”ത്തില്‍ സുഖമായി ജീവിക്കുന്ന കുറേ പേരെ ഉണ്ടാക്കിയാല്‍ എല്ലാമായി എന്നാേേേേണാാാാാ????
.