വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍

Posted on: February 3, 2019 1:00 pm | Last updated: February 3, 2019 at 1:00 pm

കോഴിക്കോട്: വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്നയാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗണപതി ഹോമവും കുടുംബത്തിന്റെ ഐശ്യര്വത്തിനായി ഐശ്വര്യപൂജയും നടത്താനുള്ള രസീത് നല്‍കി തട്ടിപ്പ് നടത്തിയ എറണാകുളം പനമ്പള്ളി നഗറിലെ പനമ്പള്ളി അപ്പാര്‍ട്ട്‌മെന്റ് 23/303 ലെ താമസക്കാരനായ വി രാമചന്ദ്രനാണ് (62) പിടിയിലായത്.
തട്ടിപ്പിനായുള്ള രസീത് ബുക്കുമായി പാളയത്തെത്തിയപ്പോഴായിരുന്നു പോലീസ് പ്രതിയെ പിടികൂടിയത്. തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിശേഷാല്‍ മഹാഗണപതി ഹോമം നടക്കുന്നുവെന്ന പേരില്‍ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുകയായിരുന്നു ലക്ഷ്യം.

ഇതിന് പുറമേ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്താനും വിദേശത്തുള്ള ഭര്‍ത്താവിനും വിവിധ തരം പൂജകള്‍ നടത്താനെന്ന പേരിലും തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തട്ടിപ്പിനെ കുറിച്ചറിഞ്ഞ തളി ക്ഷേത്ര കമ്മിറ്റി കസബ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ സി സി ടി വി ദൃശ്യങ്ങളും പോലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍സെല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ചതിലൂടെയാണ് പാളയത്ത് തന്നെയുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഹിന്ദു കുടുംബം താമസിക്കുന്ന ഫ്‌ളാറ്റുകളാണ് ഇയാള്‍ പണപ്പിരിവിന് തിരഞ്ഞെടുക്കുന്നത്. പൊറ്റമ്മല്‍, തൊണ്ടയാട്, മാങ്കാവ്, ഈസ്റ്റ്ഹില്‍, ചാലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഫ്‌ളാറ്റുകളില്‍ ചെന്നാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്. ആയിരം മുതല്‍ മുവായിരം രൂപവരെയുള്ള രസീത് ബുക്കുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് പാളയം ഭാഗത്ത് നിന്നാണ് കസബ എസ് ഐ. വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.