കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍ച സാമൂഹികാഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കും

Posted on: February 3, 2019 10:56 am | Last updated: February 3, 2019 at 10:56 am

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹ്യാഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം നാട്ടുകാരുടെ ഹിയറിംഗിന് നടത്തും. അതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

വിമാനത്താവള വികസനത്തിന് നിലവിലെ ഭൂമി അപര്യാപ്തമാണ്. 137 ഏക്കര്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്. പള്ളിക്കല്‍ വില്ലേജ് പരിധിയില്‍ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടി വരിക. കൃത്യമായ വിവര ശേഖരണം നടത്തുന്നതിനും പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിനും സാമൂഹികാഘാത പഠനവുമായി സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റി മാന്യമായ നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാവൂയെന്ന് എം എല്‍ എ മാരായ ടി വി ഇബ്‌റാഹീം, പി അബ്ദുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
സ്ഥലം നഷ്ടപ്പെടുന്നവരെ പരിഗണിച്ചു കൊണ്ടുമാത്രമേ കൂടുതല്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ സി ഷീബ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനാവാസ റാവു, ഡെപ്യൂട്ടി കലക്ടര്‍മാരായ എം അബ്ദുല്‍ സലാം, കാവേരിക്കുട്ടി, തഹസില്‍ദാര്‍ പി രഘുനാഥന്‍, കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം യു രാമന്‍കുട്ടി, ജില്ലാ സര്‍വ്വേ സൂപ്രണ്ട് കെ ദാമോദരന്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുത്തു.