ദേശീയ പോലീസ് ഫുട്‌ബോള്‍; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്

Posted on: February 3, 2019 10:49 am | Last updated: February 3, 2019 at 10:49 am

മലപ്പുറം: ദേശീയ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പാണ്ടിക്കാട്, മലപ്പുറം, ക്ലാരി, നിലമ്പൂര്‍ മൈതാനങ്ങളിലാണ് ഇന്ന് രാവിലെ 7.30ന് മുതല്‍ മത്സരം ആരംഭിക്കുന്നത്.

നിലമ്പൂരില്‍ അരുണാചല്‍ പ്രദേശും ബംഗാളും തമ്മിലാണ് ആദ്യ മത്സരം. ഗ്രൂപ്പ് ജിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അരുണാചല്‍ പ്രദേശ് വരുന്നത്. രണ്ടാം മത്സരത്തില്‍ സി ആര്‍ പി എഫും തമിഴ്‌നാട് പോലീസും ഏറ്റുമുട്ടും. വൈകീട്ട് അഞ്ച് മണിക്ക് മൂന്ന് മത്സരങ്ങള്‍ നടക്കും. ക്ലാരിയില്‍ മേഘാലയ പോലീസ് ആസാം റൈഫിള്‍സിനേയും പാണ്ടിക്കാട് ബി എസ് എഫ് ജാര്‍ഖണ്ഡ് പോലീസിനേയും മലപ്പുറത്ത് കേരള പോലീസ് ത്രിപുര പോലീസിനേയും നേരിടും.

7.30ന് കരുത്തരായ മിസോറാം പോലീസ് മണിപ്പൂര്‍ പോലീസിനേയും പഞ്ചാബ് പോലീസ് ഒഡീഷ പോലീസിനേയും സി ഐ എസ് എഫ് സിക്കിം പോലീസിനേയും നേരിടും. ശക്തരായ മഹാരാഷ്ട്രാ, സിക്കിം, ആസാം ടീമുകളില്‍ നിന്നും ഗ്രൂപ്പ് ഇ യിലെ ചാമ്പ്യന്മാരായാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീം മത്സരത്തിനിറങ്ങുന്നത്. അതേസമയം ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരാണെങ്കിലും കരുത്തില്‍ കുറവൊന്നും ത്രിപുരക്കില്ല.

സി ആര്‍ പി എഫിനോട് വന്‍ തോല്‍വി വാങ്ങിയെങ്കിലും മറ്റൊരു പട്ടാള ടീമായ ആര്‍ പി എഫിനേയും ഛണ്ഡിഗഡിനെയും ജമ്മു കശ്മീരിനേയും തോല്‍പിച്ചാണ് നോക്കൗട്ടിനെത്തുന്നത്. ഇന്ന് നടക്കുന്ന പതിനാറ് ടീമുകളുടെ മത്സരത്തില്‍ നിന്നും എട്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലിലെത്തും.