Connect with us

Kerala

സീറ്റിനായി യൂത്ത് കോണ്‍ഗ്രസിന്റെ കലാപക്കൊടി

Published

|

Last Updated

കൊച്ചി: പാര്‍ട്ടിയില്‍ പുതുതലമുറയുടെ “വസന്ത കാലത്തിനു” വേണ്ടി ഈ തിരഞ്ഞെടുപ്പ് കാലത്തും യുവ നേതൃനിര ശബ്ദമുയര്‍ത്തും. എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പ് കാലത്തുമുള്ളതുപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുശേഷം യുവ കോണ്‍ഗ്രസ് നേതാക്കളുടെ വാദങ്ങളും പ്രസ്താവനകളും വലിയ വിവാദമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശവും നല്‍കി. കഴിഞ്ഞ തവണ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യസഭ വൃദ്ധസദനമാക്കുന്നു, വൈദ്യശാസ്ത്രം തോല്‍ക്കാതെ കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് രക്ഷയില്ല തുടങ്ങിയ പരാമര്‍ശങ്ങളോടെ പതിവായി മത്സരിക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇക്കുറി അത്തരത്തിലുള്ള യാതൊരു വിവാദങ്ങള്‍ക്കും ഇടവരുത്താതെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുതുതായി ദേശീയ നേതൃത്വത്തിന് സമര്‍പ്പിക്കപ്പെട്ട പട്ടികയിലും യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വടകരയില്‍ പുതുമുഖമെന്ന നിലയില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായ അഭിജിത്തിനും ആലപ്പുഴയില്‍ പി സി വിഷ്ണുനാഥിനുമാണ് യുവ പ്രാതിനിധ്യമെന്ന പേരില്‍ സീറ്റ് നല്‍കുന്നതെന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ട പട്ടിക സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രാഥമികമായി ഇതിനകം കോണ്‍ഗ്രസ് തയ്യറാക്കിയിട്ടുണ്ട്. മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, തിരുവനന്തപുരത്ത് ശശി തരൂര്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എന്നിവരും എറണാകുളത്ത് കെ വി തോമസ്, ചാലക്കുടി കെ ബാബു എന്നിവരുമാണ് നിലവിലെ പട്ടികയിലുള്ളത്.

തൃശൂരില്‍ ബെന്നി ബെഹ്‌നാന്‍, പി സി ചാക്കോ എന്നിവരിലാരെങ്കിലും മത്സരിക്കും. ചിലപ്പോള്‍ ടി എന്‍ പ്രതാപന് നറുക്കു വീണേക്കും. പാലക്കാട് നിലവില്‍ പുതുമുഖത്തെയാണ് തേടുന്നതെങ്കിലും പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന ഒരാളെയാണ് ഇവിടെ പരിഗണിക്കുക. ബി ജെ പിക്ക് ശക്തികൂടുന്നുവെന്ന് കരുതുന്ന പാലക്കാട് ബി ജെ പി വോട്ടുകളില്‍ ഭിന്നത വീഴ്ത്താന്‍ തക്ക കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണിത്. കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയും നിലവില്‍ പരിഗണിച്ചിട്ടുണ്ട്. ആലത്തൂരില്‍ കായികതാരം ഐ എം വിജയനെ മത്സരിപ്പിക്കുന്നതിനും ആലോചനയുണ്ട്. വിജയനില്ലെങ്കില്‍ ഇവിടെയും ഒരു മുതിര്‍ന്ന നേതാവിനെത്തന്നെ പരിഗണിക്കും.

മറ്റെവിടെയും യുവാക്കള്‍ക്ക് സീറ്റു നല്‍കാനിടയില്ലെന്ന് വിലയിരുത്തപ്പെടുന്നതിനിടയിലാണ് കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമായി നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യം ഉന്നയിച്ചത്. ഇത്തവണ പറഞ്ഞ് പറ്റിക്കാന്‍ നോക്കേണ്ടെന്നും യുവാക്കളെ തഴയുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ലെന്നും ഡീന്‍ പറഞ്ഞു. നിലവില്‍ സിറ്റിംഗ് എം പിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതി എങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണമെന്ന് ഇതിനകം യൂത്ത് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. അനിവാര്യര്‍ അല്ലാത്ത സിറ്റിംഗ് എം പി മാരെ മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വയനാട് എം ഐ ഷാനവാസിന്റെ മകളെ മത്സരിപ്പിക്കുന്നതുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനെയും യുവനേതാക്കള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

പ്രവര്‍ത്തകര്‍ക്ക് ബോധ്യം വരാത്ത ആരെ സ്ഥാനാര്‍ഥിയാക്കിയാലും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ഇതിനകം അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ നേതൃത്വം അടിച്ചേല്‍പ്പിക്കരുത്. ദേശീയ നേതൃത്വം കൊണ്ട് വന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താവൂയെന്നാവശ്യപ്പെടുന്ന സംസ്ഥാനത്തെ വിശദ വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് ഇതിനകം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിക്കഴിഞ്ഞു.

വിജയ സാധ്യത ഇല്ലാത്തവരെ
അംഗീകരിക്കില്ല: ഡീന്‍ കുര്യക്കോസ്

കൊച്ചി: ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ദേശീയ നേതൃത്വം കൊണ്ട് വന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താവൂ. ഘടകകക്ഷികള്‍ സീറ്റുകള്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അവര്‍ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടണം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരംമാനിച്ചേ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കാവൂ. സിറ്റിംഗ് എം എല്‍ എ മാരെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് പാര്‍ലിമെന്റില്‍ ബി ജെ പിയേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കോണ്‍ഗ്രസിന് വേണമെന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് പോലും ഘടക കക്ഷികള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് കമ്മിറ്റിയുടെ വികാരമെന്നും അദ്ദേഹം പറഞ്ഞു.