വിശ്വാസ്യത സംശയത്തിന്റെ നിഴലില്‍

ഏതൊരു പൊതുബജറ്റിന്റെയും ആധാര ശിലയായ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മൂടിവെച്ചുകൊണ്ടാണ് പീയൂഷ് ഗോയലിന്റെ വാഗ്ദാന പെരുമഴ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ജനങ്ങള്‍ എങ്ങനെയാണ് ബജറ്റ് നിര്‍ദേശങ്ങളെ വിശ്വസിക്കേണ്ടത്? കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സമയത്ത് രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്നും ലോകത്തിലെ ആറാം സാമ്പത്തിക ശക്തിയാണെന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യത ചോദ്യം ചെയ്യുന്നു.
Posted on: February 2, 2019 10:13 am | Last updated: February 2, 2019 at 10:13 am

പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ അവതരിപ്പിച്ച ഇത്തവണത്തെ കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും അവകാശ വാദങ്ങളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതാണ്. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്നും ലോകത്തിലെ ആറാം സാമ്പത്തിക ശക്തിയാണെന്നുമുള്ള അവകാശ വാദങ്ങള്‍ ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ഏതൊരു പൊതുബജറ്റിന്റെയും ആധാര ശിലയായ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മൂടിവെച്ചുകൊണ്ടാണ് പീയൂഷ് ഗോയലിന്റെ വാഗ്ദാന പെരുമഴ. ബജറ്റ് കാലയളവില്‍ അധികാരമില്ലാത്ത ഒരു സര്‍ക്കാറിന് എന്തും വാഗ്ദാനം ചെയ്യാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ജനങ്ങള്‍ എങ്ങനെയാണ് ബജറ്റ് നിര്‍ദേശങ്ങളെ വിശ്വസിക്കേണ്ടത്? കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ രാജ്യം എങ്ങനെയാണ് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അത്ഭുതത്തോടെയാണ് ചോദിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം 2017-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാധാരണ ഗതിയില്‍ ബജറ്റിന് തൊട്ടുമുമ്പ് പുറത്തുവരുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് രാജ്യത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് പുറത്തുവന്നാല്‍ തിരഞ്ഞെടപ്പ് ഗിമ്മിക്കായ ബജറ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഇത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സര്‍വേ കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചത്. അതേസമയം ഈ റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ലെന്നും ഓരോ മൂന്ന് മാസത്തെയും സ്ഥിതിവിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ഇതിനെ ന്യായീകരിച്ചത്.

ഈ സര്‍ക്കാറിന്റെ കാലത്ത് ഒരിക്കലും നടപ്പാക്കേണ്ടതില്ലാത്ത നിരവധി വാഗ്ദാനങ്ങളടങ്ങിയ ബജറ്റ് പ്രസംഗം വോട്ട് തേടാനുള്ള കെണി മാത്രമാണെന്ന് സാധാരണ ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ലെങ്കിലും സാമ്പത്തിക വിദഗ്ധര്‍ക്കും അല്‍പ്പം ചിന്തിക്കുന്നവര്‍ക്കും വ്യക്തമായി മനസ്സിലാവുന്നതാണ്. മോദി സര്‍ക്കാറിന്റെ നോട്ടു നിരോധനത്തിന് മുമ്പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപ്പെടുത്തുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍ എസ് എസ് ഒ) ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രമാണ് പുറത്തുവിട്ടത്. നോട്ട് നിരോധത്തിന് ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണിതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോഴും ഈ നിരക്ക് വളരെ ഉയര്‍ന്ന തോതിലാണ്.

നേരത്ത തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെട്ട 1972-73ന് ശേഷം വീണ്ടും വലിയ തോതില്‍ തൊഴിലില്ലായ്മയാണ് നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011-12 കാലയളവില്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മയാണ് ആറ് വര്‍ഷത്തിനിപ്പുറം 6.1ലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയില്‍ 15നും 29നുമിടയില്‍ പ്രായമുള്ള പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 17.4 ശതമാനമാണ്. 2011ല്‍ ഇത് അഞ്ച് ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 2011ലെ 4.8 ശതമാനത്തില്‍ നിന്ന് 2017-18ല്‍ ഇത് 13.6 ശതമാനമായി വളര്‍ന്നിട്ടുണ്ട്. അതേസമയം, നഗര പ്രദേശങ്ങളില്‍ 2017-18ല്‍ പുരുഷന്മാരില്‍ 18.7 ശതമാനവും, സ്ത്രീകളില്‍ 27.2 ശതമാനവുമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധനം പ്രഖ്യാപിച്ച ശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേ ഫലം രാജ്യത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മയെ ചൂണ്ടിക്കാട്ടുമ്പോള്‍ നോട്ടുനിരോധം വലിയ നേട്ടമായിരുന്നുവെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ജനാധിപത്യ മര്യാദകളെയും ഭരണപരമായ പതിവ് കീഴ്‌വഴക്കങ്ങളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ അട്ടിമറിക്കുന്നത് പതിവാക്കിയ മോദി സര്‍ക്കാറിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ് സാമ്പത്തിക സര്‍വേഫലം പൂഴ്ത്തിവെച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയുള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാറിന്റെ വിവരങ്ങള്‍ ലോക സമൂഹം വിശ്വാസത്തിലെടുക്കുന്നില്ലെന്ന യാഥാര്‍ഥ്യം അടുത്ത കാലത്ത് പ്രകടമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ജി ഡി പി റിപ്പോര്‍ട്ട് പോലും ലോക സമൂഹം വിശ്വാസത്തിലെടുക്കുന്നില്ലെന്നത് ഒരു രാജ്യത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നതിന്റെ വലിയ ഉദാഹരണമാണ്.
അതേസമയം നോട്ട് നിരോധനം നികുതി വരുമാനം വര്‍ധിപ്പിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇതില്‍ വസ്തുതാപരമായ ചില ഘടകങ്ങളെ കുറിച്ചും ജി എസ് ടിയില്‍ ഒരു ലക്ഷം കോടിയുടെ വരുമാനക്കുറവ് അനുഭവപ്പെട്ടതിനെ കുറിച്ചും ബജറ്റില്‍ പരാമര്‍ശങ്ങളില്ല. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17 ശതമാനവും, കോര്‍പറേറ്റ് ടാക്‌സില്‍ 13 ശതമാനവും വര്‍ധന പ്രതീക്ഷിക്കുന്ന ബജറ്റിലെ നേട്ടങ്ങള്‍ നോട്ടുനിരോധത്തിന് ചാര്‍ത്തിക്കൊടുക്കുമ്പോള്‍ മുന്‍ വര്‍ഷം പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് 22 ശതമാനമായിരുന്നുവെന്നതും പേ റിവിഷന്‍ യു ജി സിയിലടക്കം നടന്ന വര്‍ഷമാണെന്ന യാഥാര്‍ഥ്യവും വിസ്മരിക്കുകയാണ്. ഇങ്ങനെ നോക്കുമ്പോള്‍ നോട്ട് നിരോധനം നികുതി വരുമാനം വര്‍ധിപ്പിച്ചുവെന്ന് പറയുന്നത് വസ്തുതാപരമാണെന്ന് കാണാനാകില്ല. കാരണം നോട്ട് നിരോധനം വഴി ഇത്ര നികുതി പിരിച്ചു എന്ന് പറയാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യഥാര്‍ഥ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
മാത്രമല്ല, നികുതി കണ്ടെത്തുന്നതിനുള്ള സമാന്തര മാര്‍ഗങ്ങള്‍ സംബന്ധിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ല. കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ പലതിന്റേയും ഫണ്ട് അലോക്കേഷന്‍ വെട്ടിക്കുറച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്. ജി എസ് ടിയില്‍ പ്രതീക്ഷിച്ച വരുമാനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ ഇടിവ് വന്നിട്ടുണ്ട് എന്ന കാര്യം പറയുന്നില്ല. ജി എസ് ടി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കിയെന്നതും കാണാതിരിക്കാനാകില്ല. വീടുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഇളവുകള്‍ കൊടുത്തപ്പോള്‍ ഭവന വായ്പാ പലിശ 1.80 ലക്ഷത്തില്‍ നിന്ന് 2.40 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നതും വിസ്മരിക്കാനാവില്ല.

ഖാസിം എ ഖാദര്‍