Connect with us

National

ഗാന്ധിജിയുടെ നെഞ്ചില്‍ 'നിറയൊഴിച്ച' സംഭവം; അഞ്ച് ഹിന്ദുസഭാ നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ഗാന്ധിയുടെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ചു കത്തിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വെടിവെപ്പിന് നേതൃത്വം നല്‍കി ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഉള്‍പ്പെടെ പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 147, 148, 149, 295 എ എന്നിവകുപ്പുകള്‍ ചേര്‍ത്ത് കലാപ ശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ച് സംഘം ചേരല്‍ തുടങ്ങിയ കേസുകളാണ് ചേര്‍ത്തിരിക്കുന്നത്. പൂജ ശകുന്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ അതി ഗൗരവതരമായാണ് കാണുന്നതെന്നും മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പോലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു.

ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പൂജശകുന്‍ പാണ്ഡേ രാജ്യത്തെ വേദനിപ്പിച്ച് ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കൃത്രിമ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. പ്രതിരൂപത്തില്‍ നിന്ന് രക്തമൊഴുകുന്നതും ആവിഷ്‌കരിച്ചിരുന്നു. രണ്ട് തവണയാണ് വെടിയുതിര്‍ത്തത്.

വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ ഇത് സംബന്ധിച്ച വീഡിയോ ദൃശ്യം പുറത്തുവിട്ടു. ഗാന്ധിയുടെ ചിത്രം വെച്ച ഫ്‌ളക്‌സിലേക്ക് കൃത്രിമ തോക്ക് ഉപയോഗിച്ച് പൂജ ശകുന്‍ പാണ്ഡേ വെടിവെക്കുകയും തുടര്‍ന്ന് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നതാണ് ദൃശ്യം. ഗോഡ്‌സെ മഹാത്മാവാണെന്നും ഗോഡ്‌സെക്ക് മരണമില്ലെന്നും ഉച്ചത്തില്‍ വിളിച്ചാണ് വെടിയുതിര്‍ക്കുന്നത്. വെടിയുര്‍ത്ത ശേഷം തീ കൊളുത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുമഹാസഭ പരിപാടി സംഘടിപ്പിച്ചത്.

ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ മാല അണിയിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ട് ആഘോഷിക്കുകയും ചെയ്തു. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിച്ചുവരുന്നതെന്നും ഈ ദിവസം ഗാന്ധി വധത്തില്‍ സന്തോഷം പങ്കുവെക്കാന്‍ മധുരം വിതരണം ചെയ്യുമെങ്കിലും ഗാന്ധിവധം പുനരാവിഷ്‌കരിക്കുന്നത് ആദ്യമായിട്ടാണെന്നും ഹിന്ദുമഹാസഭാ വൃത്തങ്ങള്‍ പറഞ്ഞു.

1948ലാണ് നാഥൂറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കേസില്‍ നാഥൂറാം ഗോഡ്സെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും അടക്കം അഞ്ച് പ്രതികളെയാണ് ശിക്ഷിച്ചത്. ഗോഡ്‌സെയെ 1949 നവംബര്‍ 15ന് അംബാല ജയിലില്‍ വെച്ച് തൂക്കിലേറ്റിയിരുന്നു.

ഗാന്ധിയുടെ പ്രവൃത്തികളും ചിന്തകളും തീവ്രഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്ര സങ്കല്‍പ്പത്തിന് എതിരാണെന്ന് പ്രവര്‍ത്തകരെ കൂടി ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍ അവര്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Latest