Connect with us

Editorial

സമതുലിതം

Published

|

Last Updated

പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ചത്. റോഡുകള്‍ ഉള്‍പ്പെടെ അടിസ്ഥാന വികസനത്തിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ നവകേരള നിര്‍മിതിക്കായി 25 പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5,500 കോടി രൂപ ചെലവില്‍ തിരുവനന്തപുരം – കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 6,000 കിലോമീറ്റര്‍ റോഡ് നിര്‍മാണം, രണ്ട് വര്‍ഷം കൊണ്ടുതന്നെ റോഡുകള്‍ക്ക് പുതിയ മുഖച്ഛായ, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപ, രണ്ടാം കുട്ടനാട് പാക്കേജിന് 1,000 കോടി, കുടിവെള്ള പദ്ധതിക്ക് 250 കോടി, ജീവനോപാധി വികസനത്തിന് 4,500 കോടി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി തുടങ്ങിയവയാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. 42 ലക്ഷം കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നാല് ഭാഗങ്ങളിലായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആരോഗ്യ മേഖലയിലെ മുഖ്യ ഇനം.
ന്യൂനപക്ഷ ക്ഷേമത്തിനായി 49 കോടിയും ന്യൂനപക്ഷക്ഷേമ വികസന കോര്‍പറേഷന് 15 കോടിയും വകയിരുത്തി. ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്കും കോഴിക്കോട് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠന കേന്ദ്രവും ഒരുക്കും. വിദേശ രാഷ്ട്രങ്ങളില്‍ മരണപ്പെടുന്ന കേരളീയരുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന പ്രഖ്യാപനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പ്രവാസ ലോകം കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ സ്വദേശിവത്കരണം മൂലം ഗള്‍ഫില്‍ നിന്നുള്ള കേരളീയരുടെ മടക്കം ക്രമാതീതമായി വര്‍ധിച്ചിരിക്കെ തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് മാറ്റിവെച്ച സംഖ്യ പരിമിതമായിപ്പോയി. 25 കോടിയാണ് ഈയിനത്തില്‍ നീക്കിവെച്ചത്. യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും ഇടതു സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന സംഘ്പരിവാര്‍ ആരോപണത്തിന്റെയും പശ്ചാത്തലത്തിലായിരിക്കണം ശബരിമല വികസനത്തിന് 739 കോടിയും ശബരിമല റോഡിന് 200 കോടിയും ദേവസ്വം ബോര്‍ഡിന് 100 കോടിയും വകയിരുത്തിയിട്ടുണ്ട്.

1.42 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ മൊത്തം ചെലവ്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.88 ശതമാനം കൂടുതല്‍ വരുമിത്. റവന്യൂ ചെലവിലെ വര്‍ധന 9.81 ശതമാനമാണ്. അതേസമയം റവന്യൂ വരുമാനം 15.35 ശതമാനം ഉയരുമെന്നും•റവന്യൂ കമ്മി 1.68 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി താഴുമെന്നുമാണ് പ്രതീക്ഷ. 12,18,28 ശതമാനം ജി എസ് ടി ഉള്ള ഉത്പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയതാണ് അധിക വരുമാനത്തിനു കണ്ട മുഖ്യമാര്‍ഗം. ഇതനുസരിച്ച് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍. സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, പെയിന്റ്, ടൈല്‍, പ്ലൈവുഡ്, സ്വര്‍ണം, വെള്ളി, ടൂത്ത്‌പേസ്റ്റ്, സോപ്പ്, ശീതള പാനീയം, ചോക്ലേറ്റ്, ഇരുചക്ര വാഹനങ്ങള്‍, മദ്യം, സിനിമാ ടിക്കറ്റ് തുടങ്ങിയവയുടെ വില കൂടും. സെസ് വഴി ആയിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നികുതി വര്‍ധനവില്‍ നിര്‍മാണ മേഖലയിലെ മിക്ക വസ്തുക്കളും ഉള്‍പ്പെടുന്നതിനാല്‍ വീട് നിര്‍മാണത്തിന് ഇനി ചെലവേറും. വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്കുള്ള ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ട്. ഭൂമിയുടെ ന്യായവിലയും താമസത്തിനുള്ള കെട്ടിടങ്ങളുടെ ആഡംബര നികുതിയും പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചു.
പ്രളയം സൃഷ്ടിച്ച മുരടിപ്പിന് പുറമെ നികുതി വരുമാനത്തിലും സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനായില്ല. നികുതി ഘടന ജി എസ് ടിയിലേക്ക് മാറിയതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായതോടെ കിട്ടുന്ന നികുതി പെട്ടിയില്‍ വെച്ച് സ്വസ്ഥമായി ഇരിക്കേണ്ട ഗതികേടിലാണ് സംസ്ഥാനങ്ങളെന്നാണ് തോമസ് ഐസക് പറയുന്നത്. ജി എസ് ടിയുടെ കുഴപ്പമല്ല, അതിലെ വ്യവസ്ഥകളിലെയും നടത്തിപ്പിലെയും പാൡകള്‍ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പുനരുദ്ധാരണം സര്‍ക്കാറിന്റെ മുമ്പില്‍ ഒരു വെല്ലുവിളിയാണ്. കേന്ദ്ര സഹായമാണ് പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്നടിയുന്ന സംസ്ഥാനങ്ങള്‍ക്ക് സാധാരണഗതിയില്‍ രക്ഷാമാര്‍ഗം. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സഹായം വളരെ പരിമിതമാണ്. 25,000 ത്തില്‍പരം കോടിയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്ന പ്രളയത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന് കേന്ദ്രം അനുവദിച്ചത് കേവലം 3,000 കോടി രൂപ മാത്രം. യു എ ഇയടക്കം പല വിദേശ രാഷ്ട്രങ്ങളും വാഗ്ദത്തം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കാതെ സംസ്ഥാനത്തിന്റെ മുമ്പിലുള്ള മറ്റു വഴികള്‍ക്ക് വിലങ്ങിടുകയും ചെയ്തു. പ്രളയത്തിനു ശേഷം കേരളത്തിനുള്ള വായ്പയിലും വെട്ടിക്കുറവ് വരുത്തി. എന്തിനാണ് കേരളത്തോട് കേന്ദ്രത്തിന് ഇത്രമാത്രം ക്രൂരതയെന്ന് മലയാളികള്‍ ഒന്നടങ്കം ചോദിക്കുന്നുണ്ടെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് മന്ത്രി ബജറ്റിലേക്ക് പ്രവേശിച്ചത്.

സാമ്പത്തിക ഞെരുക്കം കൊണ്ടായിരിക്കാം പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ബജറ്റില്‍ കുറേയേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി കൈയടി വാങ്ങാന്‍ മന്ത്രി മുതിരാതിരുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധന, കുടുംബശ്രീക്ക് 1,000 കോടി രൂപ, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വ്യാപനം തുടങ്ങി ചുരുക്കം ഇനങ്ങളിലൊതുങ്ങുന്നു ജനപ്രിയ പദ്ധതികള്‍. അല്ലെങ്കിലും സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ കൊണ്ട് കാര്യമില്ല. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് സര്‍ക്കാറിന്റെ വിജയം.

Latest