കാണാന്‍ കൊതിച്ച ഫൈനല്‍, ഖത്വര്‍ കപ്പുയര്‍ത്താന്‍ അര്‍ഹതയുള്ള ടീം

Posted on: February 1, 2019 9:02 am | Last updated: February 1, 2019 at 9:02 am

ബോറ മിലുടിനോവിച്

സെര്‍ബിയന്‍ പരിശീലകന്‍. അഞ്ച് ലോകകപ്പുകളില്‍ വ്യത്യസ്ത ടീമുകളെ പരിശീലിപ്പിച്ചു. നാല് ടീമുകള്‍ക്കൊപ്പം നോക്കൗട്ട് റൗണ്ടിലെത്തി റെക്കോര്‍ഡിട്ടു.

ഏഷ്യന്‍ ഫുട്‌ബോളിലെ ചാമ്പ്യന്‍മാരാകാനുള്ള ഗുണഗണങ്ങളെല്ലാം ഖത്വറിനുണ്ട്. പരമ്പരാഗത ശക്തികളെയെല്ലാം പരാജയപ്പെടുത്തിയാണ് ഖത്വറിന്റെ മുന്നേറ്റം. ഏഷ്യന്‍ കപ്പ് നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്ന ചരിത്രനേട്ടത്തിനരികിലാണ് ഖത്വറിപ്പോള്‍.
ജപ്പാനും ഖത്വറുമായുള്ള ഫൈനല്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഖത്വറിന്റെ ഫൈനല്‍ പ്രവേശം ഏറെ വൈകാരികമായി അനുഭവപ്പെടുന്നു. 2022 ലോകകപ്പിന് തയ്യാറെടുക്കുന്ന രാഷ്ട്രവുമായി വളരെ അടുത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതിനാലാകണം. ഫെലിക്‌സ് സാഞ്ചസാണ് ഖത്വറിന്റെ കോച്ച്.
അദ്ദേഹത്തിന് കീഴില്‍ വളരെ മികച്ച ഫുട്‌ബോള്‍ ഖത്വര്‍ കളിക്കുന്നു. ഫൈനല്‍ വരെയുള്ള മുന്നേറ്റം അതടിവരയിടുന്നു. എന്നാല്‍, ജപ്പാനുമായുള്ള മത്സരം വ്യത്യസ്തമായിരിക്കും. ഞാന്‍ ചൈനയുടെ കോച്ചായിരുന്നപ്പോള്‍ ജപ്പാനെ നേരിട്ടത് ഓര്‍മയിലേക്ക് വരുന്നു. 2000 എ എഫ് സി ഏഷ്യന്‍ കപ്പ് സെമിഫൈനലില്‍ ആയിരുന്നു ആ പോരാട്ടം. മത്സരം 3-2ന് ഞങ്ങള്‍ തോറ്റു. ജപ്പാനായിരുന്നു ആ വര്‍ഷം ചാമ്പ്യന്‍മാര്‍.

ഈ അവസരത്തില്‍ ജപ്പാന്‍ കോച്ച് ഹായിമെ മൊറിയാസുവിനെയും ഖത്വര്‍ കോച്ച് ഫെലിക്‌സിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്. രണ്ട് പേരും കഠിനാധ്വാനം ചെയ്തതിന്റെ റിസള്‍ട്ടാണ് നാം കാണുന്നത്.
ആര് കപ്പുയര്‍ത്തും എന്നത് ഒറ്റയടിക്ക് പറയാന്‍ സാധിക്കില്ല. അഭിപ്രായം പറയാന്‍ എളുപ്പമാണ്. അതുപോലെയല്ല ഗ്രൗണ്ടിലെ കാര്യങ്ങള്‍. എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല.
ജപ്പാനും ഖത്വറിനും മികച്ച കളിക്കാരുണ്ട്. എന്നാല്‍, ഖത്വര്‍ ഫൈനലിലെത്തിയ രീതിയാണ് എന്നെ ആകര്‍ഷിച്ചത്. ആധികാരികമായിരുന്നു അവരുടെ കളി. പ്രതിഭയും വേഗവും ഒത്തിണങ്ങുന്ന യുവതാരങ്ങള്‍ ഖത്വറിന്റെ പ്രത്യേകതയാണ്.

എതിരാളിയെ പഠിച്ചിറങ്ങുന്ന ജപ്പാനെ ഖത്വര്‍ കരുതിയിരിക്കണം. ഏറ്റവും മികച്ച നിലയില്‍ അവസാന സെക്കന്‍ഡ് വരെ കളിച്ചാല്‍ മാത്രമേ ചാമ്പ്യന്‍മാരാകാന്‍ സാധിക്കൂ.
തന്ത്രം പ്രധാനമാണ്. ടീം സ്പിരിറ്റ് വേണം. വൈകാരികതയെ നിയന്ത്രിക്കാന്‍ സാധിക്കണം. ഇതുവരെ ഖത്വര്‍ ഇതെല്ലാം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്വര്‍ ടീമിലെ താരങ്ങളാണ് ഇപ്പോള്‍ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പ് കളിച്ചതിന്റെ പരിചയ സമ്പത്തും കളിക്കാര്‍ക്കുണ്ട്.
പതിയെ തുടങ്ങി, എതിരാളികളെ ഒന്നൊന്നായി കീഴടക്കിയ ജപ്പാനാണ് എതിരാളി. ജാഗ്രതയോടെ കളിച്ചാല്‍ ഖത്വറിന് ചരിത്രം സൃഷ്ടിക്കാം.