മുസ്‌ലിം നവോത്ഥാനവും സാമ്പ്രദായിക വായനകളും

ഇന്ന് കേരളത്തിലെ സുന്നി മുസ്‌ലിംകളുടെ ജൈവികതയും വൈജ്ഞാനികമായ കുതിപ്പും അറബി, അറബി മലയാളം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ കാണുന്ന ബഹുമുഖമായ അറിവും, ബഹുസ്വരതയോടെയുള്ള നില്‍പ്പും ഒക്കെ ശ്രദ്ധിക്കുക. അപ്പുറത്ത്, സലഫിസത്തിന് ബീജാവാപം നല്‍കിയ വക്കം മൗലവിയെയും മറ്റും കേരളത്തിലെ പ്രഥമ നവോത്ഥാനത്തിന്റെ ഉണര്‍വായി ചിലര്‍ അടയാളപ്പെടുത്തുന്ന കാലത്ത് സലഫിസത്തിന് വന്ന പരിണാമങ്ങളും ആലോചിക്കുക. സലഫിസത്തിന്റെ ഈ പരിണാമങ്ങള്‍ തന്നെ മൗലവിയെയും സമശീര്‍ഷരെയും സ്വയം വെളിപ്പെടുത്തുന്നില്ലേ?
Posted on: January 31, 2019 6:02 am | Last updated: January 30, 2019 at 11:25 pm

വലിയ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മാര്‍ക്‌സിസത്തെക്കുറിച്ച് പഠിക്കാന്‍ അവലംബിച്ചത് കാള്‍ മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയും ദി പോവെര്‍ട്ടി ഓഫ് ഫിലോസഫിയും പോലുള്ള പുസ്തകങ്ങളുടെ അറബി വിവര്‍ത്തന പതിപ്പുകള്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അറബി ഭാഷ ചരിത്രപരമായി ഏറെ സമ്പന്നമാണ്. പതിനാല് നൂറ്റാണ്ടു മുമ്പുള്ള അതിന്റെ അഴക് ഇപ്പോഴും തനിമയോടെ നില്‍ക്കുന്നു. ഇംഗ്ലീഷ് ഒരു ഭാഷയായി രൂപപ്പെടുന്നതിന്റെ മുമ്പേ ലോകം മുഴുവന്‍ വ്യാപിച്ച ഭാഷയാണത്. അറബിയുടെ ഈ ജനകീയതയാണ് മുസ്‌ലിംകള്‍ ഉള്ള ദേശങ്ങളില്‍ അഗാധമായി അറബി പഠിക്കാന്‍ സാധ്യമായിട്ടില്ലാത്ത സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ പ്രാദേശിക ഭാഷകളുടെ സ്വരവും ശൈലിയുമായി ഇണക്കമുള്ള രൂപത്തിലുള്ള വകഭേദങ്ങള്‍ ഉണ്ടായത്. അറബിത്തമിഴ്, അറബി മലയാളം, അറബി തുര്‍ക്കി പോലുള്ളവ ഉദാഹരണം. ഈ പ്രാദേശികമായി രൂപപ്പെട്ട നവഭാഷകളും അത്യധികം സമ്പന്നമായിരുന്നു. കഥകളും കവിതകളും മറ്റു സാഹിതീയ രൂപങ്ങളുമെല്ലാം അതിലൂടെ അനവരതം രചിക്കപ്പെട്ടു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട് അറബി മലയാളത്തിലൂടെ.

കേരളത്തിലെ മുസ്‌ലിംകള്‍ സമ്പൂര്‍ണ സാക്ഷരത പ്രാപിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊന്നിലൊന്നുമല്ല. ഒരു ഭാഷയില്‍ എഴുത്തും വായനക്കും സാധ്യമാവുക എന്നതാണല്ലോ സാക്ഷരതയുടെ നിര്‍വചനം. നൂറ്റാണ്ടുകളായി അവരെല്ലാവരും അറബിയിലോ അറബി മലയാളത്തിലോ അറിവുള്ളവരായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അതിലവഗാഹം ഉണ്ടായിരുന്നു.
കൊളോണിയലസം കടന്നുവരുമ്പോള്‍ മുസ്‌ലിംകളുടെ വിവിധ തരത്തിലുള്ള അതിനോടുള്ള ഇടപഴകലുകള്‍ ജ്ഞാനശാസ്ത്രപരമായും മതപരമായും അവര്‍ക്കുള്ള അറിവിന്റെ കൂടി ബലത്തിലായിരുന്നു. വളരെ വൈകി ലിപിയിലേക്ക് രൂപപ്പെട്ട, പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഉണ്ടാക്കപ്പെട്ട മലയാളം ആദ്യഘട്ടത്തിലെ ഉപയോഗിക്കുന്നതിനേക്കാള്‍ അറബിയിലും അറബി മലയാളത്തിലും അവഗാഹമുള്ള മുസ്‌ലിംകള്‍ക്ക് എളുപ്പവും, പാരമ്പര്യമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ സുഗമവും തങ്ങളുടെ മതപരമായ വിവിധ സംജ്ഞകളെ യഥാതഥമായി പകരുക സാധ്യവും അറബിയിലോ അറബി മലയാളത്തിലോ ആയിരുന്നു. ഇന്നത്തെപ്പോലെ ദേശീയത എന്ന സങ്കല്‍പ്പം ഒന്നും വികസിച്ചിട്ടില്ലാത്ത, ഓരോ നാട്ടുരാജ്യങ്ങളും സ്വതന്ത്ര രാജ്യങ്ങളായിരുന്ന കാലത്ത്, വിശ്വത്തോളം വളര്‍ന്ന ഭാഷയുമായി കൂടുതല്‍ ഇടപെടുക എന്നത് അവര്‍ ആര്‍ജിച്ച പ്രബുദ്ധതയുടെ കൂടി ഭാഗമാണല്ലോ.

കേരളത്തിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമാനതയില്ലാത്ത പ്രതിരോധം തീര്‍ത്തവരാണ്. ഈ കുറിപ്പുകാരന്റെ വീടുള്ളത് ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന മലബാര്‍ കലാപകാലത്ത് രക്തസാക്ഷിയായ സയ്യിദിന്റെ നാട്ടിലാണ്. ആ സയ്യിദിന്റെ ജീവിതത്തെയും നിലപാടുകളെയും കുറിച്ച് ലഭ്യമായ രേഖകള്‍ വെച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മതപരമായ ബോധവും അറിവും ഒക്കെയാണ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് അവര്‍ക്ക് കരുത്ത് പകര്‍ന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

ചെമ്പ്രശ്ശേരി തങ്ങളുടെ കാലത്ത് ജീവിച്ച വ്യക്തിയാണ് മക്തി തങ്ങള്‍. മക്തി തങ്ങള്‍ പക്ഷേ, കൊളോണിയല്‍ അറിവിന്റെ മേല്‍ക്കോയ്മക്ക് കീഴ്‌പ്പെട്ട ആളായിരുന്നു. അതിനാല്‍ തന്നെ മാപ്പിളമാരുടെ/ കേരളത്തിലെ മുസ്‌ലിംകളുടെ ജൈവികതയോ അറിവിന്റെ ആഴമോ, അവര്‍ ഇടപെട്ട ഭാഷയുടെയും സാഹിത്യത്തിന്റെയും മൗലികതയോ അദ്ദേഹത്തിന് വേണ്ടപോലെ മനസ്സിലാവാതെപോയി. അതിനെ കൊളോണിയല്‍ അനുഭവത്തിന്റെ/ സ്വാധീനത്തിന്റെ കൂടി തലത്തിലാണ് അദ്ദേഹം മനസ്സിലാക്കിയത് എന്നും പറയാം. അതുകാരണം വളരെയധികം പരിമിതമായതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബി മലയാളത്തെ അദ്ദേഹം തിരസ്‌കരിച്ചു. അതില്‍ നിത്യവ്യവഹാരം നടത്തുന്ന മുസ്‌ലിംകളെ അധിക്ഷേപിച്ചു. പകരം, ശ്രേഷ്ഠ മലയാളമേ പുരോഗതിക്കു കാരണമാവൂ എന്ന് ശഠിച്ചു. ഏറെയൊന്നും പഴക്കമില്ലാത്ത അന്നത്തെ മലയാളത്തിലേക്ക് മുസ്‌ലിംകള്‍ അവരുടെ എല്ലാ ജ്ഞാന സഞ്ചയങ്ങളും ഉപേക്ഷിച്ച് രക്ഷപ്രാപിക്കണം എന്ന് പറയുന്നതിലെ അപകടം എത്രയാണെന്ന് നോക്കൂ. ഇങ്ങനെയുള്ള ഒരാളെയാണ് കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകനാക്കി പ്രതിഷ്ഠിക്കാന്‍ ചിലര്‍ തുനിയുന്നതും അതിന് നേരെയുള്ള മൗലികവും യാഥാര്‍ഥ്യ സ്വഭാവമുള്ളതുമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അമര്‍ഷം കാണിക്കുന്നതും അധിക്ഷേപിക്കുന്നതും. മക്തി തങ്ങള്‍ അന്ന് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെയും അവരുടെ ഭാഷാ വ്യവഹാരങ്ങളെയും നിന്ദിച്ചതിന്റെ വിവിധ മാതൃകകള്‍ ഇവരിലൂടെയും കാണപ്പെടുന്നു എന്നത് എന്തിന്റെ സൂചനകളാവും.
മുസ്‌ലിംകള്‍ക്ക് അറബിയോടുള്ള ആ ബന്ധം മതപരമായ തലത്തില്‍ ഉള്ളതോടൊപ്പം തന്നെ, ലോകത്തിന്റെ വിവിധ അറിവ് സങ്കേതങ്ങളിലേക്ക് അവരെ എത്തിച്ചു എന്നതിന്റെ കൂടി ഫലമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രാരംഭകാലത്തെ പണ്ഡിതനും സലഫികളോട് ഏറ്റവും കര്‍ക്കശമായ നിലപാടുകള്‍ എടുക്കാന്‍ ലോകത്തെ മുസ്‌ലിം പണ്ഡിതരുടെ മാതൃകകള്‍ സ്വീകരിച്ച് അനേകം എഴുത്തുകള്‍ നടത്തുകയും ചെയ്ത അഹമ്മദ് കോയ ശാലിയാത്തി നടത്തിയ ജ്ഞാന വ്യവഹാരങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതിശയിച്ചു പോകും നമ്മള്‍. അന്നത്തെ ഏറ്റവും മൗലികതയുള്ളതും പ്രചാരത്തിലുള്ളതുമായ ലോകഭാഷയായ അറബിയിലാണ് അദ്ദേഹം അത് നടത്തിയത്.
സമ്പന്നമായ അറബിയില്‍ വ്യവഹരിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇംഗ്ലീഷ് ഭാഷ എന്ന, നമ്മുടെ നാടിനെ കീഴടക്കാന്‍ വന്നവര്‍ കൊണ്ടുവന്ന, പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒന്നിനോട് അന്ന് പക്ഷം ചേരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അത് അവരുടെ ബൗദ്ധികതയുടെ, നിലപാടിന്റെ, ആര്‍ജവത്തിന്റെ കൂടി അടിത്തറയില്‍ നിന്ന് രൂപപ്പെട്ട ബോധമായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് അത് ആകാമായിരുന്നു. മൗലികമായി തങ്ങളുടെ ഭാഷയെ വിപുലീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ആയിരുന്നു കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍ ശ്രദ്ധാപൂര്‍വം ഏര്‍പ്പെട്ടത് എന്ന് പറയാം. എല്ലാ അറിവും നേടുക എന്ന പൊതുസ്വഭാവത്തില്‍ മലയാളം കൂടുതല്‍ വികസിച്ചു വന്നപ്പോള്‍ അതിലും അറിവ് നേടുന്ന പ്രവണതയിലേക്ക് കേരള മുസ്‌ലിംകള്‍ മാറി. അതേതെങ്കിലും വ്യക്തിയുടെ ആഹ്വാനത്തിന്റെ പരിണിതിആയിരുന്നില്ല. കൂട്ടമായ മാറ്റം സംഭവിച്ചതായിരുന്നു; കാലഘട്ടത്തോട് ചേര്‍ന്നുകൊണ്ട്.
സ്വാതന്ത്ര്യാനന്തരം മലയാളം കൂടുതല്‍ വിപുലീകരിക്കപ്പെട്ടപ്പോള്‍ അതിനോടുള്ള സജീവമായ ഇടപെടലുകള്‍ മുസ്‌ലിംകളില്‍ നിന്നുണ്ടായി. അതോടൊപ്പം അറബിയെയും അറബി മലയാളത്തെയും സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും. എന്നാല്‍, മക്തിയും തുടര്‍ന്നു വന്ന ഐക്യസംഘവും വക്കം മൗലവിയും എല്ലാം ശ്രമിച്ചത് കേരളത്തിലെ പാരമ്പര്യ ജൈവികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനും കൊളോണിയലിസം പ്രചരിപ്പിക്കാന്‍ ശ്രമിച്ച വിവിധ ബോധ്യങ്ങളിലേക്കു മാനസികമായി അടിമപ്പെടുത്താനും ആയിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലൂടെ പണ്ഡിതര്‍ കൂട്ടായി ശ്രമിച്ചത് അതിനെതിരെ, യഥാര്‍ഥ മതത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ജ്ഞാന പ്രചാരണങ്ങള്‍ക്കായിരുന്നു.

പ്രാരംഭത്തില്‍ സൂചിപ്പിച്ച, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ലോക വായനകള്‍ അറബിയിലൂടെയും ഉര്‍ദുവിലൂടെയുമാണ് വികസിച്ചത്. ഭംഗിയും ലാളിത്യവുമുള്ള മലയാളത്തില്‍ അദ്ദേഹം അത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം; കേരളം സമ്പൂര്‍ണമായ സംസ്ഥാനമായി രൂപപ്പെട്ട ശേഷം ഏറ്റവും ക്രിയാത്മകമായി മലയാളത്തില്‍ ഇടപെട്ടതും സുന്നികള്‍ ആയിരുന്നു. എന്നാല്‍ എല്ലായിപ്പോഴും തങ്ങളുടെ മതപരമായ മൗലികതയെ ഉയര്‍ത്തിപ്പിടിക്കുന്ന അറബിയേയും കേരളത്തില്‍ ജനകീയമായി ലിപിയില്‍ ഉപയോഗിച്ച അറബി മലയാളത്തെയും സുന്നി മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിച്ചു.
മാപ്പിളമാരുടെ കൂടി, നിരന്തര പ്രയത്‌ന ഫലമായി ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചപ്പോള്‍, തുടര്‍ന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വളര്‍ന്നപ്പോള്‍, ആ ഭാഷയെ പഠിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ അതില്‍ വ്യവഹാരങ്ങള്‍ നടത്താനും കേരളത്തിലെ സുന്നികള്‍ മുമ്പിലുണ്ടായിരുന്നു. ഇതിനെല്ലാം അര്‍ഥം ഓരോ കാലഘട്ടത്തെയും അതിന്റ സൂക്ഷ്മതയില്‍ മനസ്സിലാക്കാനും മതപരവും സാമൂഹികവുമായ വിവിധ പരിപ്രേക്ഷ്യങ്ങളുടെ തലത്തില്‍ അറിവുകളുമായി ഇടപെടാനും എന്നും സജീവമായ സന്നദ്ധത കാണിച്ചവരാണ് സുന്നികള്‍ എന്നാണ്.
ഇന്ന് കേരളത്തിലെ സുന്നി മുസ്‌ലിംകളുടെ ജൈവികതയും വൈജ്ഞാനികമായ കുതിപ്പും അറബി, അറബി മലയാളം, മലയാളം, ഇംഗ്ലീഷ് ഭാഷകളിലൊക്കെ കാണുന്ന ബഹുമുഖമായ അറിവും, ബഹുസ്വരതയോടെയുള്ള നില്‍പ്പും ശ്രദ്ധിക്കുക. അപ്പുറത്ത്, സലഫിസത്തിന് ബീജാവാപം നല്‍കിയ വക്കം മൗലവിയെയും മറ്റും കേരളത്തിലെ പ്രഥമ നവോത്ഥാനത്തിന്റെ ഉണര്‍വായി അടയാളപ്പെടുത്തുന്ന കാലത്ത് സലഫിസത്തിന് വന്ന പരിണാമങ്ങളും ആലോചിക്കുക. സലഫിസത്തിന്റെ ഈ പരിണാമങ്ങള്‍ തന്നെ മൗലവിയെയും സമശീര്‍ഷരെയും സ്വയം വെളിപ്പെടുത്തുന്നില്ലേ? ഇപ്പോഴും സലഫിസത്തെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നവരെയൊക്കെ കേരളത്തിലെ സുന്നികള്‍ എങ്കിലും യഥാര്‍ഥ സ്വഭാവത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

എം ലുഖ്മാന്‍