Connect with us

Gulf

ഡോക്ടര്‍ വീടുകളിലെത്തുന്നു; സ്മാര്‍ട് സംവിധാനങ്ങളുമായി ഡി എച്ച് എ ഹോം കെയര്‍ സേവനം

Published

|

Last Updated

ദുബൈ: രോഗ ബാധിതരായവര്‍ക്ക് വീടുകളിലെത്തി ചികിത്സ നല്‍കുന്ന, ദുബൈ ഹെല്‍ത് അതോറിറ്റിയുടെ സംരംഭത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച അറബ് ഹെല്‍തില്‍ ഹോം കെയര്‍ പദ്ധതിയില്‍ ഡി എച്ച് എ നല്‍കുന്ന സേവനങ്ങള്‍ വിശദീകരിക്കപ്പെട്ടു.
രോഗീപരിചരണത്തില്‍ ഡിപ്പാര്‍ട്‌മെന്റ് കാണിക്കുന്ന മുന്തിയ പരിഗണനയുടെ ഭാഗമായാണ് ഹോം കെയര്‍ പദ്ധതി ആരംഭിച്ചതെന്നും നിലവില്‍ 1,300ലധികം പേര്‍ക്ക് സേവനമെത്തിക്കുന്നുവെന്നും ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതാമി പറഞ്ഞു. സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചുരുങ്ങിയ സമയത്തിലും കൃത്യതയിലുമാണ് സേവനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡി എച്ച് എയുടെ ഇലക്‌ട്രോണിക് ഹെല്‍ത് റെക്കോര്‍ഡ് സംവിധാനമായ സലാമയുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് പ്രൈമറി ഹെല്‍ത് കെയര്‍ സെക്ടര്‍ സി ഇ ഒ ഡോ. മനാല്‍ തരിയം വ്യക്തമാക്കി. വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്വദേശികള്‍ക്കാണ് നിലവില്‍ സേവനം നല്‍കുന്നത്. ഭിന്നശേഷിക്കാരായവര്‍ക്കും രോഗം മൂര്‍ചിച്ച് ചലനേശേഷിയില്ലാത്തവര്‍ക്കും ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഇദ്ദ കാലയളവില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കുമാണ് നിലവില്‍ സേവനം നല്‍കുന്നത്.

നിരവധി സ്മാര്‍ട് ഉപകരണങ്ങളുടെ സഹായത്തോടെ രോഗിയെ നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. രോഗിയെ പരിചരിക്കുന്ന നഴ്‌സിനു സ്മാര്‍ട് ടാബിലൂടെ ഡോക്ടറുമായി ബന്ധപ്പെടാനാകും. ഇത് രോഗീ പരിചരണത്തില്‍ കാലതാമസവും മറ്റും അമ്പത് ശതമാനത്തിലേറെ കുറക്കാനായിട്ടുണ്ട്.

അല്‍ സലാമയില്‍ വയര്‍ലസ് സംവിധാനത്തിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. ശരീരത്തില്‍ സ്പര്‍ശിക്കേണ്ടതില്ലാത്ത തെര്‍മോ മീറ്റര്‍, കൈകളില്‍ ഘടിപ്പിക്കുന്ന രക്തസമ്മര്‍ദം പരിശോധിക്കുന്ന ഉപകരണം, പള്‍സ് ഓക്‌സിമീറ്റര്‍, പോക്കറ്റ് ഇലക്‌ട്രോ കാര്‍ഡിയോഗ്രാം, ഗ്ലുക്കോസ് മോണിറ്റര്‍, വയര്‍ലസ് സ്റ്റെതസ്‌കോപ്പ് എന്നിവ 4ജി റൂട്ടറിലൂടെ ഘടിപ്പിച്ചാണ് പരിശോധനകള്‍ നിര്‍വഹിക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ പ്രഥമ സംരംഭമാണിതെന്നും ഡോ. മനാല്‍ തരിയം പറഞ്ഞു.
രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ഫോം പൂരിപ്പിച്ച് നല്‍കുന്നതിലൂടെ പദ്ധതിയില്‍ ചേരാനാകും. അവ വെരിഫിക്കേഷന്‍ നടത്തി കണ്‍സള്‍ട്ടിംഗ് ടീം വീട്ടില്‍ രോഗിയെ സന്ദര്‍ശിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡോക്ടര്‍മാര്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ നിരന്തരം കണ്‍സള്‍ട്ടേഷന്‍ നടത്തും. ആവശ്യമെങ്കില്‍ വീട്ടിലെത്തി പരിശോധന നടത്തും. പുരോഗതിക്കനുസരിച്ച് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുമാണ് നടക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest