പന്നിപ്പനി: ഈ വര്‍ഷം മരിച്ചത് 169 പേര്‍; മരണം ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍

Posted on: January 30, 2019 9:15 pm | Last updated: January 30, 2019 at 10:51 pm

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി (എച്ച് വണ്‍ എന്‍ വണ്‍) ബാധിച്ച് ഈ വര്‍ഷം 169 പേര്‍ മരിച്ചതായി കണക്കുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച വരെ 4,571 പേര്‍ക്ക് അസുഖം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ അധികൃതരെ ആശങ്കയിലാഴ്ത്തുന്ന കണക്കാണിത്.

രാജസ്ഥാനിലാണ് മാരക അസുഖം ബാധിച്ച് കൂടുതലാളുകള്‍ മരണപ്പെട്ടത്. 76 മരണങ്ങളാണ് ഇവിടെയുണ്ടായത്. 1,976 പേര്‍ക്കു അസുഖം ബാധിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിലെ വക്താവ് വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി. ജോധ്പൂര്‍ ജില്ലയില്‍ മാത്രം 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്താണ് മരണ നിരക്കില്‍ തൊട്ടു പിന്നില്‍. 24 പേരാണ് ഇവിടെ മരിച്ചത്. 600 കേസുകള്‍ ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് (27-174), ഡല്‍ഹി (18-532), ഹരിയാന (8-372), മഹാരാഷ്ട്ര (12-82), ഹൈദരാബാദ് (2-16) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

അസുഖം നേരത്തെ കണ്ടത്താനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് പന്നിപ്പനി ബാധിത സംസ്ഥാനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദ്വിദിന പരിശോധനാ ദൗത്യത്തിന്റെ ഭാഗമായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലെ (എന്‍ സി ഡി സി) പ്രതിനിധി സംഘം ചൊവ്വാഴ്ച ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

ശൈത്യ കാലാവസ്ഥയാണ് അസുഖം പടരാന്‍ ഇടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ചുമക്കുമ്പോഴും തുമ്മുമ്പോഴും ഡിസ്‌പോസിബിള്‍ ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായയും പൊത്തിപ്പിടിക്കുക, സോപ്പുപയോഗിച്ച് കൈകള്‍ നന്നായി കഴുകുക, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക, രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാലുടന്‍ ഡോക്ടറെ കണ്ടു ചികിത്സ തേടുക തുടങ്ങിയവയാണ് രോഗം പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.