സമ്മാനിതനായ പ്രണബ്, രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടുപിറകെയാണ് പ്രണാബിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് എന്നത് ഭാരതരത്‌ന പ്രഖ്യാപനത്തിലെ രാഷ്ട്രീയത്തിന് തെളിവാണ്. പ്രത്യേകിച്ച് ബംഗാളിയില്‍. സകല യോഗ്യതയുണ്ടായിട്ടും അവരദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയില്ല, വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിളങ്ങിയിട്ടും ഭാരത രത്‌നം നല്‍കി ആദരിച്ചില്ല. അര്‍ഹിക്കുന്ന അംഗീകാരം ഈ ബംഗാളി ബ്രാഹ്മണന് നല്‍കാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാകാന്‍ ഇടയുള്ള നഷ്ടത്തെ പശ്ചിമ ബംഗാള്‍, അസാം, ഒഡീഷ അടക്കം ഉത്തര - പൂര്‍വ ദേശത്ത് ലാഭമുണ്ടാക്കി മറികടക്കാനാണ് മോദി - ഷാ സഖ്യത്തിന്റെ പരിപാടി. അതിലേക്ക് കനപ്പെട്ട സംഭാവന നല്‍കാന്‍ പാകത്തില്‍ ബംഗാളി അഭിമാനബോധമുണര്‍ത്താന്‍ ഭാരതരത്‌നത്തിലൂടെയും സംഘഗാനങ്ങളിലൂടെയും കഴിയുമോ എന്നാണ് പരിശോധന.
Posted on: January 28, 2019 11:34 am | Last updated: January 28, 2019 at 12:15 pm

പ്രിയങ്കാ ഗാന്ധിയും പ്രണാബ് കുമാര്‍ മുഖര്‍ജിയുമാണ് നടപ്പു രാഷ്ട്രീയ തീരൈപ്പടത്തിലെ മിന്നും താരങ്ങള്‍. മറ്റു താരങ്ങള്‍ തരാതരംപോലെയുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരി ഗീത മേത്ത പത്മശ്രീ പുരസ്‌കാരം നിരസിച്ച്, ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള രാഷ്ട്രീയ വിലപേശലിന്റെ സാധ്യതയെ രാജ്യത്തിന്റെ പരമോന്നത പൗര ബഹുമതികളിലൊന്നുമായി ബന്ധിപ്പിക്കാനില്ലെന്ന് തുറന്നു പറഞ്ഞ് താരമായി. നമ്പി നാരായണന് പത്മ വിഭൂഷണ്‍ നല്‍കാമെങ്കില്‍ ഏത് കൊടും കുറ്റവാളിക്കും അതു നല്‍കാമെന്ന് പറഞ്ഞ്, അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിലൂടെയുണ്ടായ താരത്തിളക്കത്തിന് മാറ്റേകിയിരിക്കുന്നു കേരളത്തിന്റെ മുന്‍ ഡി ജി പി, ടി പി സെന്‍കുമാര്‍. അങ്ങനെ പലവിധം താരങ്ങള്‍. താരമാകാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍!

കോണ്‍ഗ്രസിലെ ‘നാലണ മെമ്പര്‍ഷിപ്പും’ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒറ്റ ദിവസം കൊണ്ട് കരഗതമായിരിക്കുന്നു പ്രിയങ്ക ഗാന്ധി വദ്‌രക്ക്. എന്നാകും രാഷ്ട്രീയ പ്രവേശനം എന്ന, രണ്ട് ദശകത്തിലധികം പഴക്കമുള്ള ചോദ്യത്തിന് ഇതോടെ ഉത്തരമായി. നരേന്ദ്ര മോദി സര്‍ക്കാറിനാല്‍ ഭാരതരത്‌ന സമ്മാനിക്കപ്പെട്ടതാണ് പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന ബംഗാളി ബ്രാഹ്മണന്, താരപ്പൊലിമ ഏറ്റുന്നത്. ഇനിയങ്ങോട്ടുള്ള ദിനങ്ങളില്‍ രാഷ്ട്രീയത്തില്‍ സജീവമായി രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുക എന്നതാണ് താരപ്പൊലിമ, പ്രിയങ്ക ഗാന്ധിക്ക് നല്‍കുന്ന ഉത്തരവാദിത്തമെങ്കില്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അതുവഴി രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചതിനുമുള്ള പ്രതിഫലമാണ് പ്രണാബിന്റെ ഭാരതരത്‌നം. വിനയാന്വിതനായി, നമ്രശിരസ്‌കനായി രത്‌നത്തെ പ്രണാബ് സ്വീകരിക്കുമ്പോള്‍ അതിലൊരു രാഷ്ട്രീയപ്പോര് കാണുന്നുണ്ട് നരേന്ദ്ര മോദിയും കൂട്ടരും. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടുപിറകെയാണ് പ്രണാബിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് എന്നത് ഭാരതരത്‌ന പ്രഖ്യാപനത്തിലെ രാഷ്ട്രീയത്തിന് തെളിവാണ്. ‘രാജ്യത്തിന് ഞാന്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ രാജ്യം എനിക്ക് നല്‍കി’യെന്ന വിനയവാക്യത്തിന്റെ അകമ്പടിയോടെ രത്‌നം ശിരസ്സിലേറ്റാന്‍ തീരുമാനിക്കുമ്പോള്‍ സംഘ രാഷ്ട്രീയത്തിന് അറിഞ്ഞോ അറിയാതെയോ സഹായം ചെയ്തുകൊടുക്കുന്നുണ്ട്, തികഞ്ഞ മതനിരപേക്ഷ നിലപാടുകാരനെങ്കിലും പ്രണാബ്. പ്രിയങ്കയുടെ സാന്നിധ്യവും അറിഞ്ഞോ അറിയാതെയോ അധികാരത്തുടര്‍ച്ചക്കുള്ള നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിന്റെ ശ്രമങ്ങള്‍ക്ക് തുണയാകുമോ എന്ന സന്ദേഹവും ശക്തം.

1969ല്‍ രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത പ്രണാബ് അക്കാലം വാണ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരില്‍ വിശ്വസ്തനായി. 1973ല്‍ മന്ത്രിയായി. 1982 മുതല്‍ 84 വരെ ധനകാര്യ മന്ത്രിയും. അന്ന് പ്രണാബിന് കീഴില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായിരുന്നു പിന്നീട് പ്രണാബുള്‍പ്പെട്ട മന്ത്രിസഭയില്‍ പ്രധാനിയായ ഡോ. മന്‍മോഹന്‍ സിംഗ്. 1984ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ മറ്റാരെക്കാളും യോഗ്യന്‍ താനാണെന്ന തോന്നലുണ്ടായി പ്രണാബിന്. എന്നാല്‍, നേതൃപുത്രനായ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. അതോടെ പ്രണാബ് പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തിറങ്ങി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ പ്രണാബ് പിന്നീട് തിരിച്ചെത്തുന്നത്, ബൊഫോഴ്‌സ് കോഴയാരോപണത്താല്‍ ചൂഴ്ന്ന്, രാജീവ് ഗാന്ധിയാകെ ക്ഷീണിതനായി നില്‍ക്കുമ്പോഴാണ്. പാര്‍ട്ടിയെയും നേതാവിനെയും രക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്ന തോന്നലില്‍ പ്രണാബ് മുന്‍കൈയെടുത്തുണ്ടാക്കിയ സന്ധി.
പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും സംഘ്പരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണത്തിനും ശേഷം 1999ല്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരമുറപ്പിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കരുനിക്കാന്‍ സോണിയക്കൊപ്പം പ്രണാബുണ്ടായിരുന്നു. 2004ല്‍ ബി ജെ പിയെ പുറത്തിരുത്തി ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ യു പി എ സര്‍ക്കാറുണ്ടാക്കിയപ്പോള്‍, അതിനൊരു പൊതുമിനിമം പരിപാടിയുണ്ടാക്കിയപ്പോള്‍ ഒക്കെ പ്രണാബിന്റെ തന്ത്രങ്ങള്‍ കോണ്‍ഗ്രസിനെ തുണക്കാനുണ്ടായി.

അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച് യു പി എ സര്‍ക്കാറിനെ ന്യൂനപക്ഷമാക്കിയപ്പോള്‍ മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയെ ഒപ്പം നിര്‍ത്തി സര്‍ക്കാറിനെ രക്ഷിച്ചെടുത്തതും ഈ ‘ബ്രാഹ്മണ’ ബുദ്ധിയായിരുന്നു. പില്‍ക്കാലം പ്രണാബിനെ രാഷ്ട്രപതിയാക്കി, ആ വലിയ കെട്ടിടത്തിന്റെ ഏകാന്തതയില്‍ തളച്ചു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയാകുക എന്ന മോഹം സാധിക്കാതെ. ഹിന്ദിയില്‍ പ്രാവീണ്യമില്ലാത്തതാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള അയോഗ്യതയെന്ന് സ്വയം സമാധാനിച്ചു അദ്ദേഹം. അതൊരു അയോഗ്യതയാകരുതെന്ന് മനസ്സിലാക്കിക്കൊണ്ട് ഹിന്ദി പഠിക്കാന്‍ തുടങ്ങിയിരുന്നു അക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി.

ചരിത്രം ഇത്ര ദീര്‍ഘിപ്പിച്ചത്, ഇത്രയും വലിയ സംഭാവനകള്‍ ചെയ്ത നേതാവിനെ അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള പാട്ടുകളാകും ഇനി സംഘഗാനമാകാന്‍ പോകുന്നത് എന്നതുകൊണ്ടാണ്. പ്രത്യേകിച്ച് ബംഗാളിയില്‍. സകല യോഗ്യതയുണ്ടായിട്ടും അവരദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയില്ല, വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിളങ്ങിയിട്ടും ഭാരത രത്‌നം നല്‍കി ആദരിച്ചില്ല. അര്‍ഹിക്കുന്ന അംഗീകാരം ഈ ബംഗാളി ബ്രാഹ്മണന് നല്‍കാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു. എം പി, സഹമന്ത്രി, മന്ത്രി, ധനമന്ത്രി, രാഷ്ട്രപതി എന്നീ പദവികളിലൊക്കെ ഇരിക്കുമ്പോഴും കുടുംബക്ഷേത്രത്തില്‍ ദൂര്‍ഗാപൂജക്ക് പൂജാരിയാകാന്‍ എത്തിയിരുന്നു പ്രണാബ്. കോണ്‍ഗ്രസുകാരനെങ്കിലും ഹിന്ദു ധര്‍മത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ കൂറിന് മറ്റെന്തു വേണം തെളിവായി! എന്നിട്ടോ? ഇന്ദിരാ ഗന്ധി കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനായ പ്രണാബിനെ തള്ളി, സങ്കരവംശജനായ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കി. പിന്നീട് ഇറ്റലിക്കാരിയായ സോണിയയെ പാര്‍ട്ടിയുടെ സര്‍വാധികാരിയാക്കി. ഇപ്പോള്‍ നേതൃത്വം അടക്കിവാഴുന്ന രാഹുലും അടക്കിവാഴാന്‍ ഒരുങ്ങുന്ന പ്രിയങ്കയും വംശവശാല്‍ സങ്കരം തന്നെ. ഹിന്ദു ധര്‍മങ്ങളെ പരിപാലിച്ചുപോന്ന ബ്രാഹ്മണന് കോണ്‍ഗ്രസൊരിക്കലും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. അവിടെ പരിഗണന ആ കുടുംബത്തിനും അതിന്റെ പരിചാരകര്‍ക്കും മാത്രമേയുണ്ടാകൂ. ഇവിടെ നോക്കൂ, എതിരാളിയായിട്ടും ഭാരതരത്‌നാത്താല്‍ പ്രശോഭിതനാക്കാന്‍ തങ്ങള്‍ക്ക് മടിയുണ്ടായില്ല. രാഷ്ട്രീയ സ്വയം സേവക്‌സംഘിന്റെ ആസ്ഥാനത്തെത്തി കേശവ് ബലിറാം ഹെഡ്‌ഗേവാറിനെ അമ്മ ഇന്ത്യയുടെ മഹദ് പുത്രനെന്ന് വാഴ്ത്തിയതും ഹിന്ദു ധര്‍മത്തോട്, പ്രണാബിനുള്ള കൂറുകൊണ്ടാണ്. ഈ വിധത്തിലൊക്കെയാകും സംഘ ഗാനങ്ങളുടെ ഉള്ളടക്കം.
സ്വയംകൃതാനര്‍ഥങ്ങളാലും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്താലും പൊതു തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാകാന്‍ ഇടയുള്ള നഷ്ടത്തെ പശ്ചിമ ബംഗാള്‍, അസം, ഒഡിഷ അടക്കം ഉത്തര – പൂര്‍വ ദേശത്ത് ലാഭമുണ്ടാക്കി മറികടക്കാനാണ് മോദി – ഷാ സഖ്യത്തിന്റെ പരിപാടി. അതിലേക്ക് കനപ്പെട്ട സംഭാവന നല്‍കാന്‍ പാകത്തില്‍ ബംഗാളി അഭിമാനബോധമുണര്‍ത്താന്‍ ഭാരതരത്‌നത്തിലൂടെയും സംഘഗാനങ്ങളിലൂടെയും കഴിയുമോ എന്നാണ് പരിശോധന. മുഖ്യ എതിരാളി തൃണമൂല്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വിഭാഗങ്ങള്‍ നല്‍കുന്ന പിന്തുണ ഉയര്‍ത്തിക്കാട്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പാകത്തില്‍ ആസൂത്രണം ചെയ്യുന്ന രഥയാത്ര, കോടതിയുടെ തടയൊഴിഞ്ഞ് നടക്കുക കൂടി ചെയ്താല്‍ പ്രതീക്ഷ വര്‍ധിക്കും.
പ്രണാബിനെ സമ്മാനിതനാക്കിയപ്പോള്‍ പയറ്റുന്ന അതേ തന്ത്രമാണ് ഭൂപേന്‍ ഹസാരിക എന്ന വലിയ സംഗീതജ്ഞന് മരണാനന്തര ബഹുമതിയായി രത്‌നം സമ്മാനിച്ചതിന്റെയും അന്തരംഗത്തില്‍. 2004ല്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായി ഗുവാഹത്തിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു ഭുപേന്‍ ഹസാരിക. അസം രാജ്യത്തിന് സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളെ ആദരിക്കാന്‍ നരേന്ദ്ര മോദി വരേണ്ടി വന്നുവെന്ന തോന്നല്‍, അല്ലെങ്കില്‍ തന്നെ പ്രാദേശിക വികാരവും വംശീയ വികാരവുമൊക്കെ തീവ്രമായ മണ്ണില്‍ ചെലവാകുമെന്ന കണക്കുകൂട്ടല്‍ അത്ര അസ്ഥാനത്താണെന്ന് പറഞ്ഞുകൂട.

 

പ്രണാബിനെ രത്‌നമാക്കിയതിനെച്ചൊല്ലിയുണ്ടാക്കുന്ന സംഘഗാനങ്ങളുടെ അലയൊലി ബംഗാളിന് പുറത്തേക്കുമൊഴുകും. അതിനെ നേരിടേണ്ടിവരും പ്രിയങ്കയെ കിഴക്കന്‍ ഉത്തര്‍ പ്രദേശത്തേക്ക് നിയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടി. പൊതുതെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദിയിലും രാഹുല്‍ ഗാന്ധിയിലും കേന്ദ്രീകരിക്കാനിരിക്കുന്ന മാധ്യമ ശ്രദ്ധ ഇനി പ്രിയങ്കയിലേക്ക് കൂടി വീഴേണ്ടിവരും. അവിടെ സമയനഷ്ടം നരേന്ദ്ര മോദിക്കാകുമെന്നുറപ്പ്. അതിലപ്പുറം ഉത്തര്‍ പ്രദേശിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തുഴേന്നേല്‍പ്പിനൊന്നും പ്രിയങ്കയുടെ സാന്നിധ്യം സഹായിക്കുമെന്ന് കരുതുക വയ്യ. നേതാക്കളുടെ നിരയ്ക്കപ്പുറത്ത് പാര്‍ട്ടി സവിധാനങ്ങളൊന്നും ഉത്തര്‍ പ്രദേശിന്റെ ഭൂരിഭാഗത്തും കോണ്‍ഗ്രസിനില്ല. അതുടന്‍ ഉണ്ടാകുമെന്ന് കരുതാനും വയ്യ. അപ്പോള്‍ പിന്നെ പ്രിയങ്കയെ രംഗത്തിറക്കി, 80 സീറ്റിലും മത്സരിച്ച് കൊടികൊണ്ട പ്രചാരണത്തിനിറങ്ങുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് എന്താണ്? വിശാരദരുടെ കണക്കുകള്‍ പ്രകാരം, നിലവില്‍ ബി ജെ പിയോട് പലകാരണങ്ങളാല്‍ അതൃപ്തരായ മുന്നാക്ക വിഭാഗങ്ങളില്‍ വലിയൊരളവിനെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞേക്കും. അങ്ങനെ വന്നാല്‍ എസ് പി – ബി എസ് പി സഖ്യത്തിന് കാര്യങ്ങള്‍ എളുപ്പമാകും. ആ ഉദ്ദേശ്യം മുന്‍നിര്‍ത്തി, അഖിലേഷിന്റെയും മായാവതിയുടെയും അറിവോടെയാണ് പ്രിയങ്കയെ കളത്തിലിറക്കിയതെന്നാണ് വിശാരദ പക്ഷം.

പക്ഷേ, പ്രിയങ്ക കളത്തിലിറങ്ങുകയും കോണ്‍ഗ്രസ് പ്രചാരണം ശക്തമാകുകയും ചെയ്താല്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ നിശ്ചയിക്കുന്ന ന്യൂനപക്ഷങ്ങളുള്‍പ്പെടെ വലിയൊരു വിഭാഗം ആശയക്കുഴപ്പത്തിലാകും. കോണ്‍ഗ്രസ് ജയിച്ചാലേ ദേശീയതലത്തില്‍ ബി ജെ പിയ്ക്ക് ബദലാകൂ എന്ന് ധരിക്കുന്നവര്‍ പ്രത്യേകിച്ചും. അത്തരം വോട്ടുകള്‍ എസ് പി – ബി എസ് പി സഖ്യത്തിനും കോണ്‍ഗ്രസിനുമിടയില്‍ ഭിന്നിച്ചാല്‍ ചെന്നായക്ക് രുധിരപാന സാധ്യത ഏറും. പ്രിയങ്കയുടെ സാന്നിധ്യമുണ്ടാക്കുന്ന ലാഭ സാധ്യതയോളം വലുതാണ് നഷ്ട സാധ്യതയുമെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി – അമിത് ഷാ സഖ്യത്തിന് ഇപ്പോഴുമുള്ള വൈഭവം (നുണകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിച്ചും വര്‍ഗീയമായി ഭിന്നിപ്പിച്ചുമൊക്കെ) കണക്കിലെടുത്താല്‍ യുദ്ധമുഖത്ത് എന്തട്ടിമറിയും പ്രതീക്ഷിക്കണം. പ്രിയങ്കയെന്ന താരത്തിന് രാഷ്ട്രീയ തിരൈപ്പടത്തിലെ വേഷം തീരുമാനിക്കും മുമ്പ് ഇതേക്കുറിച്ചൊക്കെ ആലോചിച്ചിരുന്നോ ആവോ? അതോ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നേടിയ വിജയത്തോടെ, ഇനിയങ്ങോട്ട് വിജയകാലമെന്ന് ധരിച്ച്, പ്രിയങ്കയെ ഇറക്കിയാല്‍ ഉത്തര്‍പ്രദേശവും കൈപ്പിടിയിലാകുമെന്ന് കണക്കുകൂട്ടിയതാവുമോ?
രത്‌നമായതിലും രത്‌നമാകാന്‍ പോകുന്നതിലും സംഘപരിവാരം രാഷ്ട്രീയ സാധ്യത കാണുന്നുവെന്ന അപകടമുണ്ട്. അത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തമുണ്ട് തിരൈപ്പടത്തില്‍ ഇപ്പോള്‍ മിന്നുന്ന താരങ്ങള്‍ക്ക്. ഗീത മേത്ത പത്മശ്രീ നിരസിച്ചത് സഹോദരന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ സാധ്യതകള്‍ തുറന്നിടാന്‍ വേണ്ടിയാണെങ്കില്‍, രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യതകള്‍ ഇല്ലാതാക്കും വിധത്തിലുള്ള തിരസ്‌കാരങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അത് വളരെ പ്രധാനവുമാകുമായിരുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ തിളങ്ങുമായിരുന്നു ഈ താരങ്ങള്‍.

രാജീവ് ശങ്കരന്‍