യു ഡി എഫും ബി ജെ പിയും ഒന്നിച്ചു; തൊടുപുഴ നഗരസഭയില്‍ ഇടതിന് ഭരണം നഷ്ടമായി

Posted on: January 25, 2019 8:25 pm | Last updated: January 25, 2019 at 8:25 pm

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ യു ഡി എഫും ബി ജെ പിയും ഒത്തുചേര്‍ന്നു നടത്തിയ നീക്കത്തില്‍ എല്‍ ഡി എഫിനു ഭരണം നഷടപ്പെട്ടു. എല്‍ ഡി എഫ് ചെയര്‍പേഴ്‌സണ്‍ മിനി മധുവിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി ജെ പി പിന്തുണയോടെ പാസാവുകയായിരുന്നു.

യു ഡി എഫില്‍ നിന്നുള്ള 14 അംഗങ്ങളും ബി ജെ പിയിലെ എട്ടു പേരും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ എല്‍ ഡി എഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെയാണ് യു ഡി എഫിന് 14ഉം എല്‍ ഡി എഫിനു 13ഉം ബി ജെ പിക്ക് എട്ടും അംഗങ്ങളുള്ള നഗരസഭയില്‍ നിന്ന് എല്‍ ഡി എഫ് ഭരണസമിതി പുറത്തായത്. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

ചെയര്‍പേഴ്‌സണെ നിര്‍ണയിക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ബി ജെ പി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2015ല്‍ യു ഡി എഫ് അധികാരത്തിലെത്തിയിരുന്നു.
മുസ്‌ലിം ലീഗിലെ സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സണാവുകയും ചെയ്തു. യു ഡി എഫിലെ ധാരണയനുസരിച്ച് കഴിഞ്ഞ മേയില്‍ സഫിയ രാജിവെച്ചപ്പോള്‍ വീണ്ടു തിരഞ്ഞെടുപ്പു നടന്നു. ഇതില്‍ കോണ്‍ഗ്രസ് അംഗം ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവാകുകയും വോട്ടുനില തുല്യമാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് എല്‍ ഡി എഫിലെ മിനി മധു ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.

യു ഡി എഫ് ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുക. ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിലും യു ഡി എഫും ബി ജെ പിയും ഒന്നിച്ചു നില്‍ക്കാനാണ് സാധ്യത.