ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഉറപ്പിച്ച് ശിവസേന

Posted on: January 23, 2019 10:20 am | Last updated: January 23, 2019 at 1:27 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് ശിവസേന. ഇത്തവണ തൂക്കുസഭയായിരിക്കും നിലവില്‍ വരികയെന്നും ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ ശിവസേന പിന്തുണക്കുമെന്നും ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ബിജെപി എപ്പോഴും സ്വന്തം കാര്യമാത്രമാണ് നോക്കുന്നത്. അതിനാല്‍, ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കാന്‍ തീരുമാനിച്ചുവെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് പ്രതികരിച്ചു.

ഏറെ നാളുകളായി ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ശിവസേന. സഖ്യമില്ലെന്ന ശിവസേനയുടെ പ്രഖ്യാപനം ബിജെപി നേതൃത്വത്തില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലുള്‍പ്പെടെ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തത്.