ഹാക്കത്തോണ്‍: ബി ജെ പിക്കു മറുപടി നല്‍കി കപില്‍ സിബല്‍

Posted on: January 22, 2019 11:10 pm | Last updated: January 22, 2019 at 11:10 pm

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന ഹാക്കര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബി ജെ പി ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ്. ലണ്ടനില്‍ നടന്ന ഹാക്കത്തോണില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് പ്രതിനിധിയായല്ല, സ്വന്തം നിലക്കാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. തനിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ഹാക്കറുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുകയും തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പുവരുത്തുകയുമാണ് ചെയ്യേണ്ടത്.

നേരത്തെ, ഹാക്കത്തോണ്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ കബില്‍ സിബല്‍ പങ്കെടുത്തിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സിബല്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ആശിഷ് റായ്‌യുടെ ക്ഷണ പ്രകാരമാണ് ലണ്ടനില്‍ പോയത്. എല്ലാ പാര്‍ട്ടികളെയും റായ് പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു.