Connect with us

Eranakulam

20 പട്ടിക ജാതി യുവാക്കള്‍ വിദേശത്തേക്ക്; ചരിത്രമെഴുതി എറണാകുളം ജില്ലാ പഞ്ചായത്ത്

Published

|

Last Updated

കൊച്ചി: പട്ടിക ജാതി വികസന ഫണ്ട് വിനിയോഗിച്ച് 20 യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വിദേശത്തേക്കയച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് ചരിത്രം കുറിച്ചു. നടപ്പ് വര്‍ഷത്തെ എസ് സി പദ്ധതിയില്‍ യുവജന സൗഹൃദ പദ്ധതിയുടെ ഭാഗമായി അങ്കമാലിയിലെ എസ്‌പോയര്‍ അക്കാദമിയുമായി ചേര്‍ന്ന് സ്‌കഫോള്‍ഡിംഗ് പരിശീലനം നല്‍കിയാണ് യുവാക്കള്‍ക്ക് സഊദി അറേബ്യ, ഖത്വര്‍ തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭ്യമാക്കിയത്. പൂര്‍ണമായും സൗജന്യ തൊഴില്‍ പരിശീലനം നല്‍കി ഗള്‍ഫില്‍ ജോലി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് എറണാകുളം ജില്ലാ പഞ്ചായത്താണ്. ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഞ്ച് പേര്‍ക്കുള്ള വിസയും പതിനഞ്ച് പേര്‍ക്ക് നിയമന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ വിതരണം ചെയ്തു.

“പുതിയ ആകാശം” എന്ന പദ്ധതിയിലൂടെ ഓരോ വിദ്യാര്‍ഥിക്കും വിദേശ ജോലിക്ക് ഒരു ലക്ഷം രൂപ ധന സഹായം ജില്ലാ പഞ്ചായത്ത് നല്‍കുന്നു. വിസ, യാത്ര ചെലവുകള്‍ ഉള്‍പ്പെടെയാണ് ധന സഹായം.

നവയുഗം പദ്ധതിക്ക് കീഴില്‍ നാല് പരിശീലന പദ്ധതികളാണ് ഉള്ളത്. 75 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
എസ്‌പോയര്‍ അക്കാദമിയുടെ സഹായത്തോടെ സ്‌കഫോള്‍ഡിംഗ്, ഫാബ്രിക്കേറ്റര്‍ പരിശീലനവും ഫാക്ടിന്റെ പരിശീലന വിഭാഗമായ സിപ്പെറ്റിന് കീഴില്‍ കാഡ്കാം പരിശീലനം, കോഴിക്കോട് പി ആര്‍ ടി സിയില്‍ സൈനിക പരിശീലനം എന്നീ പദ്ധതികളാണ് പട്ടികജാതി യുവാക്കള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 130 യുവാക്കള്‍ ആണ് പരിശീലനം നേടുന്നത്. പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 20 പേര്‍ക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട് പ്രസംഗിച്ചു.

Latest