പ്രാര്‍ഥനക്ക് അനുമതി ലഭിച്ചില്ല; റോഡരികില്‍ കുര്‍ബാന നടത്തി

തൃശൂര്‍
Posted on: January 21, 2019 12:02 pm | Last updated: January 21, 2019 at 12:02 pm
തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് വഴിയരികില്‍ കുര്‍ബാന നടത്തുന്ന യാക്കോബായ വിശ്വാസികള്‍

തൃശൂര്‍: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ഞായറാഴ്ചയിലെ കുര്‍ബാന ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പള്ളി പരിസരത്തെ റോഡില്‍ നടത്തി. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് യാക്കോബായ വിഭാഗം വിശ്വാസികള്‍ റോഡരികില്‍ കുര്‍ബാന നടത്തിയത്.
ഞായറാഴ്ചയിലെ കര്‍മങ്ങള്‍ നടത്താന്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും കലക്ടര്‍ അനുവദിച്ചിരുന്നില്ല.

ഇരുവിഭാഗത്തിനും പള്ളിയില്‍ പ്രവേശിക്കാനാകാത്ത സഹചര്യമായതോടെയാണ് യാക്കോബായ വിഭാഗം വഴിയരികില്‍ കുര്‍ബാന അര്‍പ്പിച്ചത്. രാവിലെ എട്ടരയോടെ മാന്ദാമംഗലം സെന്ററില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നശേഷം മൗന പ്രാര്‍ഥനയായാണ് പള്ളിപരിസരത്തെ റോഡിലേക്ക് നീങ്ങിയത്. അവിടെ നിന്നാണ് വികാരി ഫാദര്‍ ബേസില്‍ റോയ് എറാടിക്കുന്നേല്‍ കുര്‍ബാന അര്‍പ്പിച്ചത്. 500ലധികം വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കെടുത്തു. പത്തോടെ ചടങ്ങുകള്‍ കഴിഞ്ഞ് ഇവര്‍ പിരിഞ്ഞ് പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഒല്ലൂര്‍ പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന പള്ളി നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ അധീനതയിലാണ്. ഇവിടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥന നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അവര്‍ക്കനുകൂലമായി കോടതി വിധി വന്നതോടെ വീണ്ടും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം സമരം നടക്കുകയും കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പള്ളി അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.