മായാവതിക്കെതിരായ വിവാദ പ്രസംഗം: ഖേദപ്രകടനവുമായി ബി ജെ പി എം എല്‍ എ

Posted on: January 20, 2019 9:24 pm | Last updated: January 20, 2019 at 11:11 pm

ലക്‌നൗ: അധികാരത്തിനു വേണ്ടി ബി എസ് പി അധ്യക്ഷ മായാവതി അന്തസ്സ് കളഞ്ഞുകുളിക്കുകയാണെന്ന് വിവാദ പരാമര്‍ശം നടത്തിയ യു പി ബി ജെ പി എം എല്‍ എ. സാധന സിംഗ് ഖേദപ്രകടനവുമായി രംഗത്ത്. പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ബി എസ് പിയും കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധന പറഞ്ഞു.

മായാവതിക്ക് ആത്മാഭിമാനമില്ലെന്നും എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനു വേണ്ടി അന്തസ്സു കളഞ്ഞുകുളിക്കുകയാണെന്നും മറ്റുമാണ് സാധന പ്രസംഗിച്ചത്. സാധനയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് വനിതാ കമ്മീഷന്‍ തീരുമാനം.

അതിനിടെ, ബി ജെ പിയുടെ നിലവാരം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് സാധനയുടെ വാക്കുകകളെന്ന് ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പ്രതികരിച്ചു. മാനസികനില തെറ്റിയവരുടെ ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. അതിരുവിട്ട ഇത്തരം പരാമര്‍ശങ്ങള്‍ അസ്വാസ്ഥ്യജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയും പറഞ്ഞു.