കോണ്‍ഗ്രസിനുള്ള സംഭാവനയില്‍ ഇടിവ്

Posted on: January 19, 2019 1:31 pm | Last updated: January 19, 2019 at 1:31 pm

ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ വലിയ ഇടിവ്. 2017- 18 വര്‍ഷത്തില്‍ 199 കോടി രൂപ മാത്രമാണ് സമാഹരിക്കാനായതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വരുമാനത്തില്‍ നിന്ന് 197 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവഴിക്കുകയും ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച വാര്‍ഷിക സാമ്പത്തിക പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. തിരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോ (എ ഡി ആര്‍) മിനും ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. എ ഡി ആറിന്റെ വെബ്‌സൈറ്റിലും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2017-18 വര്‍ഷത്തില്‍ ബി ജെ പിയുടെ സമ്പാദ്യത്തിന്റെ അഞ്ചില്‍ ഒന്ന് മാത്രമാണ് കോണ്‍ഗ്രസിന്റേത്. കഴിഞ്ഞ വര്‍ഷം ബി ജെ പിയുടെ വരുമാനം 1,027 കോടി രൂപയായിരുന്നു. 2016-17ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസിന്റെ ആ വര്‍ഷത്തെ വരുമാനം 225 കോടി രൂപയായിരുന്നു. 2001-02 മുതല്‍ 2012-13 വരെ ബി ജെ പിയെക്കാള്‍ വരുമാനമുണ്ടായിരുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. 2014ല്‍ കേന്ദ്രത്തില്‍ അധികാരം ലഭിച്ചതിന് ശേഷമാണ് ബി ജെ പി കൂടുതല്‍ വരുമാനമാര്‍ജിക്കാന്‍ തുടങ്ങിയത്. സ്വാഭാവികമായി കോണ്‍ഗ്രസിന്റെ വരുമാനം കുറയുകയും ചെയ്തു.
കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനത്തില്‍ അഞ്ച് കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനയാണ്. ഈ മാര്‍ഗത്തിലുള്ള ബി ജെ പിയുടെ വരുമാനം 210 കോടി വരും. രാഷ്ട്രീയ ദാതാക്കള്‍ തങ്ങളുടെ വ്യക്തിവിവരം വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബേങ്കില്‍ നിന്ന് വാങ്ങി നല്‍കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. കോണ്‍ഗ്രസിനും ബി ജെ പിക്കുമല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്കൊന്നും ഈ മാര്‍ഗത്തിലൂടെയുള്ള സംഭാവന ലഭിച്ചിട്ടില്ല.
ദേശീയ പാര്‍ട്ടികളുടെ കണക്കെടുത്താല്‍ കോണ്‍ഗ്രസും ബി ജെ പിയും തന്നെയാണ് സംഭാവനയുടെ വലിയ വിഹിതം കൈക്കലാക്കിയിട്ടുള്ളത്. മറ്റ് പ്രധാനപ്പെട്ട അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച മൊത്തം സംഭാവന 171 കോടി മാത്രമാണ്.
കൂടുതല്‍ സംഭാവന ലഭിക്കുന്ന പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാറുണ്ടെന്ന് എ ഡി ആര്‍ സ്ഥാപകാംഗമായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നു ള്ള ത്രിലോചന്‍ ശാസ്ത്രി അഭിപ്രായപ്പെട്ടു.