ജെ എന്‍ യുവില്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചത് എബിവിപിക്കാര്‍; വെളിപ്പെടുത്തലുമായി മുന്‍ നേതാക്കള്‍

Posted on: January 18, 2019 1:06 pm | Last updated: January 18, 2019 at 1:06 pm

ന്യൂഡല്‍ഹി: ജെ എന്‍ യുവിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ എ ബി വി പി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താത്തത് ചൂണ്ടിക്കാട്ടി മുന്‍ നേതാക്കള്‍. പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന രാജ്യദ്രോഹ കേസില്‍ തെളിവായി സ്വീകരിച്ച വീഡിയോയില്‍ ചില എ ബി വി പി പ്രവര്‍ത്തകരെ കാണാമെന്നും ഇവര്‍ക്കെതിരെ കേസെടുത്തില്ലെന്നുമാണ് മുമ്പ് ഇതേ സംഘടനയുടെ നേതാക്കളായിരുന്ന പ്രദീപ് നര്‍വാലും ജതിന്‍ ഗൊരായയും ആരോപിക്കുന്നത്.

സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപി ഈ നാടകം കളിച്ചതെന്നും പ്രദീപ് നര്‍വാള്‍ പറയുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അതിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബിജെപി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയായിരുന്നു ജെ എന്‍ യു സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടക്കുമ്പോള്‍ എ ബി വി പിയുടെ ജെ എന്‍ യു യൂനിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു പ്രദീപ്. ജെ എന്‍ യു യൂനിറ്റ് മുന്‍ വൈസ് പ്രസിഡന്റാണ് ജതിന്‍. കേസിനാസ്പദമായ സംഭവത്തില്‍ എ ബി വി പി നിലപാടില്‍ പ്രതിഷേധിച്ചാണ് രണ്ട് പേരും സംഘടന വിട്ടത്. എന്നാല്‍, ഇവര്‍ മറ്റ് സംഘടനകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് എ ബി വി പി പ്രതികരിച്ചു.

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചന്ന് ആരോപിച്ച് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഏഴ് കശ്മീരി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.