അടിത്തറകളായി ചാലിയവും പൊന്നാനിയും

മറ്റൊരു സവിശേഷത, ആവിര്‍ഭാവ കാലം മുതല്‍ക്കെ കേരള വൈജ്ഞാനിക മേഖലക്ക് ആഗോള വൈജ്ഞാനിക കേന്ദ്രങ്ങളുമായിട്ട് അടുപ്പമുണ്ടായിരുന്നു. ലോക വൈജ്ഞാനിക കേന്ദ്രമെന്ന നിലക്ക് ഖ്യാതി നേടിയ അല്‍ അസ്ഹറുമായുള്ള ബന്ധമാണ് പൊന്നാനി ദര്‍സിനും അവിടുന്നിങ്ങോട്ടുള്ള ദര്‍സീ ശൃംഖലകള്‍ക്കും അടിസ്ഥാനപരമായി വര്‍ത്തിച്ചത്. ഇന്നും സ്ഥിതി വ്യത്യസ്തമല്ല, എങ്കിലും കേരളീയ പാഠ്യപദ്ധതിക്കുള്ള സവിശേഷത വിഷയ കേന്ദ്രീകൃതമെന്നതിനപ്പുറം എല്ലാ ശാഖകളിലും അവബോധമുണ്ടാകുന്ന തരത്തില്‍ ആഴത്തിലുള്ള പഠനം നടത്തുന്നു എന്നതാണ്.
പഠനം
Posted on: January 17, 2019 5:26 pm | Last updated: January 17, 2019 at 5:26 pm

വിശുദ്ധ ഇസ്‌ലാമിനെ പ്രചരിപ്പിക്കാനുള്ള പ്രബോധന യാത്രക്കിടയില്‍ മാലിക് ബ്‌നു ദീനാര്‍ (റ) കേരളത്തിലെത്തുന്നത് ഹിജ്‌റ അഞ്ചാം വര്‍ഷമാണ്. പ്രബോധന പ്രവര്‍ത്തന പദ്ധതികളുമായി വിവിധ പ്രദേശങ്ങളിലെത്തിയ സാത്വികര്‍ മസ്ജിദുകള്‍ നിര്‍മിക്കുന്നതിലും അവ കേന്ദ്രമാക്കി മതപഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നതോട് കൂടിയാണ് കേരളത്തിലെ ദര്‍സിന്റെ ചരിത്രം ആരംഭിക്കുന്നത്. വ്യവസ്ഥാപിതമല്ലായെങ്കിലും കേരളത്തില്‍ ദര്‍സീ പാരമ്പര്യത്തിന് നാന്ദി കുറിക്കുന്നത് ചാലിയത്ത് നിന്നായിരുന്നു.
ചാലിയത്തിന്റെ പങ്ക്
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാര്‍ (റ) സഹോദര പുത്രനായ മാലിക് ബ്‌നു ഹബീബിനെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചു. മഹാനവര്‍കള്‍ അഞ്ച് മാസക്കാലം ചാലിയത്ത് താമസിച്ചു. ആ കുറഞ്ഞ കാലയളവിലെ ഇസ്‌ലാമിക പ്രബോധനത്തിന്റെ സജീവത പല കുടുംബങ്ങളും കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കാന്‍ കാരണമായി. കേരളീയ ഇസ്‌ലാമിക ചരിത്രത്തില്‍ ചാലിയം സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. ചാലിയത്തോട് ചേര്‍ന്ന് പുഴക്കരയില്‍ മാലിക് ബ്‌നു ഹബീബ് (റ) സ്ഥാപിച്ച മസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു പൊന്നാനി അടക്കമുള്ള പ്രദേശങ്ങളിലേക്ക് പ്രബോധക വൃന്ദം സഞ്ചരിച്ചത്. മാലിക് ബ്‌നു ഹബീബ്(റ) വിന്റെ പൗത്രനായിരുന്ന സൈനുദ്ദീന്‍ ആണ് ചാലിയത്തെ ആദ്യ ഖാസിയായി വരുന്നത്. ഇങ്ങനെ ചാലിയം കേന്ദ്രീകരിച്ച് ഖാസിമാരെ നിയമിക്കുന്ന രീതി കാലങ്ങളോളം തുടര്‍ന്നു. അക്കാലത്തുണ്ടായിരുന്ന മലബാറിലെ മുസ്‌ലിം ജീവിതത്തിന്റെ മതപരവും ആത്മീയപരവുമായ കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നത് ചാലിയം ഖാസിമാരായിരുന്നു.
അന്നത്തെ കോഴിക്കോടിന്റെ വിശാലത ഇന്നുള്ളതിനേക്കാള്‍ കൂടുതലായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാനാകും. പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ കേരളം സന്ദര്‍ശിച്ച ചൈനക്കാരായ മുസ്‌ലിം സഞ്ചാരി മാഹ്വാന്‍ കൊച്ചി മുതല്‍ കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങളാണ് കോഴിക്കോടായി അവതരിപ്പിക്കുന്നത് എന്നൊരു നിരീക്ഷണം ‘മഖ്ദൂമും പൊന്നാനിയും’ എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ചാലിയവും മറ്റനേകം പ്രദേശങ്ങളും കോഴിക്കോടിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇതു പ്രകാരമാകാം ചാലിയത്തെ ഖാസിമാര്‍ കോഴിക്കോട് ഖാസിമാരായി അറിയപ്പെടാന്‍ ഇടയായത്. ഇവരെല്ലാം തന്നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിജ്ഞാന പ്രചാരണത്തിനും മറ്റും അര്‍ഹമായ പ്രാധാന്യം നല്‍കി മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ദര്‍സുകള്‍ നടത്തിയിരുന്നു. മാലിക് ബ്‌നു ദീനാറിന്റെയും അനുചരരുടെയും കാലഘട്ടം, മഖ്ദൂമുമാരുടെ കാലഘട്ടം എന്നിവക്കിടയിലെ ദീര്‍ഘമായ കാലയളവില്‍ മുസ്‌ലിം കേരളത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നത് കോഴിക്കോട് ഖാസിമാരെന്ന് പില്‍ക്കാലത്ത് ഖ്യാതി നേടിയ ചാലിയം ഖാസിമാരായിരുന്നു. മസ്ജിദ് കേന്ദ്രീകൃത ദര്‍സുകള്‍ക്ക് തുടക്കം കുറിച്ചതും ഇവര്‍ തന്നെയായിരുന്നു.
ഒരു സമൂഹത്തെ
രൂപപ്പെടുത്തിയ വിധം
കേരളീയ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക മതപഠന രീതികള്‍ക്ക് വ്യവസ്ഥാപിതമായ ചിട്ട കൊണ്ടുവന്നത് മസ്ജിദ് കേന്ദ്രീകൃത ദര്‍സുകളിലൂടെയായിരുന്നുവെന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഖാസി സൈനുദ്ദീന്‍ റമസാനുശ്ശാലിയാത്തിയുടെ കീഴില്‍ കോഴിക്കോട് മുദാക്കരയിലും പുത്രന്‍ ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍ കാലിക്കൂത്തിക്ക് കീഴില്‍ കുറ്റിച്ചിറയിലുമുണ്ടായിരുന്ന ദര്‍സുകള്‍ക്ക് സമ്പൂര്‍ണ വ്യവസ്ഥാപിത രൂപമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് മഖ്ദൂമുമാര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ അതിന് തിരുത്തായി. ഇങ്ങനെയുള്ള മസ്ജിദ് കേന്ദ്രീകൃത ദര്‍സുകളില്‍ നിന്നായിരുന്നു ഒരു സമൂഹത്തെ സമുദ്ധരിക്കാന്‍ പ്രാപ്തരായ പണ്ഡിതന്മാര്‍ പിറവിയെടുത്തത്. ഇസ്‌ലാമിന്റെ ആന്തരിക സത്തയെ തുടക്കം മുതല്‍ തന്നെ വ്യക്തമായി വിഭാവനം ചെയ്യാന്‍ ഇവര്‍ക്കായിട്ടുണ്ട്. പൊന്നാനി ആസ്ഥാനമാക്കി മഖ്ദൂം സ്ഥാപിച്ച ദര്‍സില്‍ വിദ്യാര്‍ഥികളുടെ പ്രായത്തിനും അഭിരുചിക്കുമനുസരിച്ച് പഠന ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കിയിരുന്നു. പാഠഭാഗങ്ങള്‍ ഉരുവിടുക എന്നതിലുപരി വിദ്യാര്‍ഥിയുടെ ആത്മീയ ഭൗതിക സംസ്‌കരണത്തിലധിഷ്ഠിതമായി വ്യക്തിത്വ രൂപവത്കരണം കൂടി ആ പാഠ്യപദ്ധതി വിഭാവനം ചെയ്തിരുന്നു. അങ്ങനെയാണ് അദ്കിയ മനഃപാഠമാക്കല്‍ നിര്‍ബന്ധമാകുന്നത്. പൊന്നാനി വിളക്കിത്തിരുന്നവരെ സമുദ്ധാരണത്തിന് പ്രാപ്തരായവര്‍ എന്നര്‍ഥം വരുന്ന മുസ്‌ലിയാര്‍ എന്ന് വിളിക്കുന്ന പൊതുജനത്തില്‍ നിന്നും മഖ്ദൂമീ ശിഷ്യരുടെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധവും പരിഷ്‌കരണ സ്വാധീനവും മനസ്സിലാക്കാം.
മതവിദ്യാഭ്യാസം യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്ന് തനതായ രൂപത്തില്‍ സ്വീകരിക്കാന്‍ സാധിക്കുക, അടിസ്ഥാനപരമായ അറിവുകള്‍ സമ്പാദിക്കാനും ജീവിതത്തെ ക്രമപ്പെടുത്താനും കഴിയുക, ആരാധനകള്‍ പരിശീലിക്കാനും ആത്മീയദാഹം തീര്‍ക്കാനും അവസരം ലഭിക്കുക, സാത്വിക ജീവിതത്തെ മാതൃകയാക്കാനും ജീവിത സംസ്‌കരണം നേടിയെടുക്കാനും പ്രചോദനമാകുക തുടങ്ങിയ ഒട്ടേറെ സവിശേഷതകള്‍ ഉള്‍കൊള്ളുന്ന, നൂറ്റാണ്ടുകളോളം പഴക്കമുള്ള ജനകീയ സംരംഭങ്ങളായിരുന്ന ദര്‍സുകളായിരുന്നു ഓരോ ദേശത്തെയും മുസ്‌ലിം ഉമ്മത്തിനെ ഒരര്‍ഥത്തില്‍ വാര്‍ത്തെടുത്തത്.
കേരളത്തിലെ ആദ്യകാല ദര്‍സുകള്‍ കലാശാലകള്‍ തന്നെയായിരുന്നു. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ സ്ഥാപിച്ച ദര്‍സ് സമ്പ്രദായത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറിവുകളുടെ മേളനമുണ്ടായിരുന്നു. പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളില്‍ ലോകത്തെ അതിസമ്പന്നമായ വൈജ്ഞാനിക വ്യവഹാരങ്ങള്‍ പൊന്നാനി ദര്‍സില്‍ വന്‍തോതില്‍ എത്തിയിരുന്നു. വിവിധ വിഷയങ്ങളില്‍ അവര്‍ ബൃഹത്തായ ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്ത് അധ്യാപനം നടത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കൊപ്പം അക്കാലത്തെ ലഭ്യമായ ഗോളശാസ്ത്രം, തത്വചിന്ത, തച്ചുശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങള്‍ ദര്‍സുകളില്‍ പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ദര്‍സുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഉലമാവൃന്ദം വ്യത്യസ്തമായ മത- ഭൗതിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടിയവരായിരുന്നു.
അറബി ഭാഷയുമായുള്ള ബന്ധം കേരളത്തിന്റെ വാണിജ്യ മേഖല അന്തര്‍ ദേശീയ ബന്ധം സ്ഥാപിച്ചതു മുതല്‍ക്കുള്ളതാണ്. മലയാളം ഒരു ഭാഷയായി രൂപപ്പെടുന്നതിന് മുമ്പു തന്നെ അറബി മലയാളത്തിലൊരു ജനകീയമായ സംവേദന മേഖല മലയാളി മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു. പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ രചനകളിലൂടെ കേരളത്തെ ആഗോള വൈജ്ഞാനിക ശൃംഖലയുമായി ബന്ധപ്പെടുത്തി. അങ്ങനെയാണ് വൈജ്ഞാനിക ലോകത്തേക്ക് പള്ളിദര്‍സില്‍ നിന്നുള്ള സംഭാവനയായി ഫത്ഹുല്‍ മുഈന്‍ എത്തുന്നത്.
അറിവും മനുഷ്യരാശിയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യ ബന്ധം നിലനില്‍ക്കുന്നതു കൊണ്ടുതന്നെ എല്ലാ സമൂഹങ്ങളിലും വിദ്യാഭ്യാസം തനതായ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രാകൃതമെന്ന് അക്കാദമിക ലോകം സൂചിപ്പിച്ചിരുന്ന സാമൂഹികസാഹചര്യത്തിലും അറിവും മനുഷ്യ പ്രക്രിയയും ഒരുമിച്ചു ചേര്‍ന്നാണ് മുന്നോട്ട് പോയിരുന്നത്. ഇവിടെയെല്ലാം പഠിതാവിനും ഗുരുനാഥനുമിടയില്‍ ചില കീഴ്‌വഴക്കങ്ങള്‍ നിലനിന്നിരുന്നു. അതിനെ ദര്‍സീ സമ്പ്രദായത്തിന്റെ ജ്ഞാനശാസ്ത്രപരമായ സവിശേഷതകളായി എണ്ണാന്‍ കഴിയും. ഈ സവിശേഷതകള്‍ തലമുറകളിലൂടെ അധ്യാപകരിലേക്കും വിദ്യാര്‍ഥികളിലേക്കും പകര്‍ന്നിട്ടുണ്ട്. അധ്യാപനത്തിന്റെയും അധ്യായനത്തിന്റെയും യഥാര്‍ഥ പ്രതിഫലം പരലോകത്താണ്, മതപരമായ ശ്രേഷ്ഠത അധ്യാപകനും ഉസ്താദുമാര്‍ക്കുമാണ് എന്ന യാഥാര്‍ഥ്യത്തെ മനസ്സിലേക്കാവാഹിച്ചവരായിരുന്നു കേരള മുസ്്‌ലിം പണ്ഡിത നേതൃത്വം. അധ്യാപനവും അധ്യായനവും അവര്‍ക്കൊരു ആത്മീയാഹാരവും ആരാധനയുടെ ഭാഗവും മന്ത്രോച്ചാരണവുമായിരുന്നു. പഠിതാവും ഗുരുനാഥനും തമ്മില്‍ കോര്‍ത്തിണക്കിയ ഹൃദയ ബന്ധങ്ങളില്‍ നിന്നായിരുന്നു പല നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും അടിത്തറ പാകിയിരുന്നത്. ഇസ്‌ലാമില്‍ ആദരവിന്റെയും പരിഗണനയുടെയും മാനദണ്ഡങ്ങളില്‍ പ്രധാനം അറിവും ഭയഭക്തിയുമാണ്. മസ്്ജിദ് കേന്ദ്രീകൃതമായ ദര്‍സുകളില്‍ ജ്ഞാനത്തോടൊപ്പം ഗണിച്ചിരുന്ന ഒന്നാണ് അദബ്. അദബ് എന്നതിന് സാഹിത്യം എന്നും അനുസരണ എന്നും അര്‍ഥതലങ്ങളുണ്ട്. പ്രാഥമിക തലത്തില്‍ പഠിതാവിന്റെ ഹൃദയത്തില്‍ അനുസരണ എന്നതിനെ ഊട്ടിയുറപ്പിക്കുകയും, പഠനത്തിന്റെ ഒരു പരിധി കടക്കുമ്പോള്‍ സാഹിത്യം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. മറ്റൊരു സവിശേഷത, ആവിര്‍ഭാവ കാലം മുതല്‍ക്കെ കേരള വൈജ്ഞാനിക മേഖലക്ക് ആഗോള വൈജ്ഞാനിക കേന്ദ്രങ്ങളുമായി അടുപ്പമുണ്ടായിരുന്നു. ലോക വൈജ്ഞാനിക കേന്ദ്രമെന്ന നിലക്ക് ഖ്യാതി നേടിയ അല്‍ അസ്ഹറുമായുള്ള ബന്ധമാണ് പൊന്നാനി ദര്‍സിനും അവിടുന്നിങ്ങോട്ടുള്ള ദര്‍സീ ശൃംഖലകള്‍ക്കും അടിസ്ഥാനപരമായി വര്‍ത്തിച്ചത്. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എങ്കിലും കേരളീയ പാഠ്യപദ്ധതിക്കുള്ള സവിശേഷത വിഷയ കേന്ദ്രീകൃതമെന്നതിനപ്പുറം എല്ലാ ശാഖകളിലും അവബോധമുണ്ടാകുന്ന തരത്തില്‍ ആഴത്തിലുള്ള പഠനം നടത്തുന്നു എന്നതാണ്.
പത്തും പതിനഞ്ചും ഇരുപതും വര്‍ഷം നീണ്ടുനില്‍ക്കുന്ന ദര്‍സീ പഠനം പരിശീലിപ്പിക്കുന്ന മതമൂല്യങ്ങളും സാമൂഹിക ആചാരങ്ങളും അടങ്ങിയ സാമൂഹിക വ്യവസ്ഥകളും ദീര്‍ഘകാലത്തെ ‘വായിച്ചോത്തുകള്‍’ നല്‍കുന്ന അനുഭവങ്ങളും വ്യക്തിയുടെ മതകീയ ആഭിമുഖ്യങ്ങളെ സ്വാധീനിക്കാനും സമൂഹത്തെയും സംസ്‌കാരത്തെയും വിശകലനം ചെയ്യാനും ദര്‍സീ പഠിതാക്കളെ പ്രാപ്തരാക്കിയിരുന്നുവെന്ന് മനസ്സിലാക്കാം.
റഫറന്‍സ്:
1. മാപ്പിള മലബാര്‍, റോളണ്ട് ഇ മില്ലര്‍
2. Beyond Timbuktu: an intellecutual history of Muslim in west africa- Ousmane Oumer Kane
3. Islmic educatiuon in Malaysia- Ahmed Fouzi Abdul Hamid
4. Inside a Madrasa -Arshad Alam
(അവസാനിച്ചു)
.

മശ്ഹൂദ് മുഹമ്മദ്‌

[email protected]