വളരണം ഈ തളിരുകള്‍

ശാസ്ത്രമേളകള്‍ വര്‍ഷാവര്‍ഷം മുറപോലെ നടക്കുന്നു. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നു. എന്നാല്‍, കലോത്സവവും കായികമത്സരങ്ങളും ആഘോഷിക്കപ്പെടുന്ന രീതിയില്‍ പലപ്പോഴും ശാസ്ത്രമേളകളുടെ മേല്‍ ശ്രദ്ധ പതിയാറില്ല. അവഗണന എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. പലപ്പോഴും അവയ്ക്ക് തുടര്‍ച്ചകളുമുണ്ടാകാറില്ല. ഇവിടെയാണ്, സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥിനികള്‍ തങ്ങള്‍ കണ്ടതും അനുഭവിച്ചതുമെല്ലാം മണ്ണിനും മനുഷ്യനും അതിജീവനത്തിനുള്ള പ്രൊജക്ട് വിഷയങ്ങളാക്കി ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടിയത് ശ്രദ്ധിക്കേണ്ടത്...
Shareefkinalur @gmail.com
Posted on: January 17, 2019 5:11 pm | Last updated: January 17, 2019 at 5:12 pm
ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ബാലുശ്ശേരി ജി ജി എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍

നമ്മുടെ മണ്ണിന് യോജിച്ച കാര്‍ഷികയിനങ്ങള്‍ വിളവെടുക്കുന്നതിന് പരമ്പരാഗത കൂടം രീതി ഉപയോഗപ്പെടുത്തുക, വിത്തുഗുളിക, വിത്തുപെട്ടി, ചില്ലു കുപ്പികള്‍, വിത്ത് പാത്രം തുടങ്ങിയവയില്‍ വിത്തുകള്‍ കേടുകൂടാതെ സൂക്ഷിക്കുക. പരമ്പരാഗത കൈത്തറി മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് യൂനിഫോം നിര്‍മാണത്തിലുപരി വൈവിധ്യവത്കരണം സാധ്യമാക്കുക, മറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുക, വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ പരിശീലനങ്ങള്‍ നടത്തുക, തൊഴിലാളികളുടെ എണ്ണം കൂട്ടാന്‍ കൂലിയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക, കോളനി, സൊസൈറ്റി എന്നിവ നവീകരിക്കുക, ഉത്പന്നങ്ങള്‍ ഭൗമ സൂചിക നിയമത്തിന് കീഴില്‍ കൊണ്ടുവരിക. പലനിലക്കും അതിജീവനം തേടുന്ന കൃഷിയുടെയും കൈത്തറി മേഖലയുടെയും നിലനില്‍പ്പിനുള്ള ചില പരിഹാര മാര്‍ഗങ്ങളാണിത്. ദേശീയ തലത്തില്‍ തന്നെ കൈയടികള്‍ നേടിയ ഈ മാര്‍ഗങ്ങള്‍ മുന്നോട്ടുവെച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥിനികളാണ്. കഴിഞ്ഞ മാസം 27 മുതല്‍ 31 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിലാണ് കോഴിക്കോട്ടെ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ നിന്നുള്ള നിരുപമ ദാസ്, കാര്‍ത്തിക, ആഇശ നിതാര, ദേവനന്ദ എന്നിവര്‍ ഈ പരിഹാര മാര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്..


പൊന്നരംതെരുവിലെ നഷ്ടപ്പെട്ട പൊന്ന് കണ്ടെടുക്കാന്‍
സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്ന് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത 16 പ്രബന്ധങ്ങളില്‍ രണ്ടെണ്ണമാണ് ഈ വിദ്യാര്‍ഥിനികളുടെത്. ശാസ്ത്രവും സാങ്കേതികവിദ്യയും നൂതനരീതികളും സുസ്ഥിരവികസനത്തിന് എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. പതിവിന് വിപരീതമായി, പഠിക്കുന്ന സ്‌കൂളിനും താമസിക്കുന്ന വീടിനും ചുറ്റുമായി നിത്യേന അവഗണിക്കപ്പെടുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് ഇവര്‍ വിഷയങ്ങളായെടുത്തത്. ബാല ശാസ്ത്ര കോണ്‍ഗ്രസിലെ അനുഭവങ്ങള്‍ ശാസ്ത്ര രംഗത്ത് ഇവര്‍ക്ക് പ്രത്യേക ഉണര്‍വാണ് ഉണ്ടാക്കിയത്. മീറ്റ് ദ സയിന്റിസ്റ്റ് എന്ന ശാസ്ത്രജ്ഞരുമായുള്ള സംവാദം വിദ്യാര്‍ഥികളിലെ ശാസ്ത്രാവബോധം ഉണര്‍ത്താന്‍ സഹായകമായിയിട്ടുണ്ട്.
ബാലുശ്ശേരിയിലെ പൊന്നരംതെരുവിലെ ശാലിയ സമുദായത്തിന്റെ കുലത്തൊഴിലായ കൈത്തറി മേഖലയെ സംബന്ധിച്ച മുന്നൂറ് പേജ് വരുന്ന പ്രബന്ധമാണ് നിരുപമ ദാസും കാര്‍ത്തികയും ഒരുക്കിയത്. പ്രദേശത്തെ നെയ്ത്തു കോളനികള്‍ സന്ദര്‍ശിച്ച് പ്രതിസന്ധികളും പ്രശ്‌നങ്ങളും പഠിച്ച് വ്യക്തവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളും നടത്തി. പ്രായമായ നെയ്ത്തുകാരുമായി കണ്ടുസംസാരിച്ചത് സ്വന്തമായ നിരീക്ഷണങ്ങളിലും പ്രതിവിധിക്കുള്ള വഴികളിലുമെത്താന്‍ സഹായകമായി. സ്ഥിരമായി രൂപപ്പെടുത്തി എടുക്കാറുള്ള വസ്ത്ര നിര്‍മാണമെന്ന സങ്കല്‍പ്പത്തിനപ്പുറം തുണി സഞ്ചി, കൈത്തറി ബാഗ്, മൊബൈല്‍ പഴ്‌സ് തുടങ്ങിയ പരിസ്ഥിതിസൗഹൃദമായ വൈവിധ്യവത്കരണത്തിലൂടെ അന്യംനിന്നുപോകുന്ന കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിവിധിയും വിദ്യാര്‍ഥികള്‍ കണ്ടെത്തി. പൊന്നരംതെരുവിനെ കുറിച്ച് പഠനം നടത്തിയപ്പോള്‍ പുതുതലമുറക്ക് മറ്റു ജോലികളോടുള്ള താത്പര്യവും കൈത്തറി തൊഴിലിന്റെ അധ്വാനവും കൂലി കുറവും വിദഗ്ധ തൊഴിലാളികളില്ലാത്തതും ഈ മേഖലയെ തളര്‍ത്തിയതായി ഇരുവരും കണ്ടെത്തി. തുടര്‍ന്ന് തെരുവിലെ വീടുകള്‍, ബാലുശ്ശേരിയിലെ തുണിക്കടകള്‍, വ്യക്തികള്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ സര്‍വേ നടത്തി. പരമ്പരാഗത നെയ്ത്തുകാരായ തെരുവിന്‍ കാട്ടില്‍ രാമന്‍കുട്ടി, പറമ്പില്‍ ലീല, പുത്തന്‍വീട്ടില്‍ ശ്രീധരന്‍ തുടങ്ങി ആറ് വ്യക്തികളെ അഭിമുഖം നടത്തുകയും ഇപ്പോഴുള്ള മഗ്ഗ്വവും യന്ത്രത്തറിയും തമ്മില്‍ താരതമ്യ പഠനം നടത്തുകയും ചെയ്തു. വിദഗ്ധ പരിശീലനം നല്‍കുക, തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൂലിയും ആനുകൂല്യങ്ങളും കൂട്ടുക, കോളനി, സൊസൈറ്റി എന്നിവ നവീകരിക്കുക, ഉത്പന്നങ്ങള്‍ ഭൗമ സൂചിക നിയമത്തിന് കീഴില്‍ കൊണ്ടുവരിക തുടങ്ങിയ പരിഹാരമാര്‍ഗങ്ങളും പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം എന്നിത്യാദി തുടര്‍ പ്രവര്‍ത്തനങ്ങളും പ്രബന്ധത്തിലുണ്ട്. ഗൈഡ് കൂടിയായ അധ്യാപകന്‍ ഒ കെ അഭിലാഷും കൈമെയ് മറന്ന് ഇവരെ സഹായിച്ചു.
വീണ്ടെടുക്കണം
കൂടവും വിത്തുഗുളികയും
പണ്ടുകാലം മുതല്‍ ഭക്ഷ്യയോഗ്യമായ ചെടികള്‍ കാലാവസ്ഥക്കും മണ്ണിനും അനുസരിച്ച് കൃഷി ചെയ്യുകയും അവയുടെ വിത്തുകള്‍ അടുത്ത കൃഷിക്കായി സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന രീതി നിലനിന്നിരുന്നു. കൃഷി ഒരു സംസ്‌കാരമായിരുന്ന കാലത്ത് നിന്ന് മനുഷ്യന് വന്ന പുരോഗതിയും ജനസംഖ്യാ വര്‍ധനവും കാര്‍ഷിക മേഖലയിലെ മാറ്റവും ഇത്തരം പരമ്പരാഗത അറിവുകളുടെ ശോഷണത്തിന് കാരണമായി. സങ്കരയിനം വിത്തുത്പാദനം കൂടിയതോടെ പരമ്പരാഗത വിത്തുകള്‍ സൂക്ഷിക്കേണ്ട ആവശ്യകത കുറഞ്ഞു വന്നു. കര്‍ഷക രംഗത്ത് വിലങ്ങുതടിയായി മാറിയ കുത്തക കമ്പനികളുടെ വിത്തു വില്പനയും അതിനുള്ള വിലവര്‍ധനയും സസ്സൂക്ഷ്മം പഠനവിധേയമാക്കിയാണ് ഇരുവരും ശ്രദ്ധ നേടിയത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പരമ്പരാഗതമായി ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ സൂക്ഷിപ്പു രീതികളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ എട്ടാം തരം വിദ്യാര്‍ഥികളായ ആഇശ നിതാരയും ദേവനന്ദയും ഗവേഷണം നടത്തിയത്.
കാര്‍ഷിക മേഖലയിലെ പരമ്പരാഗത അറിവുകള്‍ കുറഞ്ഞു വരുന്നതിന്റെ കാരണങ്ങളും വിത്തുകളില്‍ വന്ന മാറ്റവും വിപണിയും ഉള്‍പ്പെടെ പഠന വിധേയമാക്കിയതില്‍ നിന്നും ഫലപ്രദമായ നിരവധി കാര്യങ്ങളാണ് ഇരുവരും കണ്ടെത്തിയത്. പരമ്പരാഗത കൃഷി അറിവുകളും വിത്തു സൂക്ഷിപ്പു രീതികളും ഇല്ലാതാവുന്നു, പ്രായം ചെന്നവരുടെ കൃഷി അറിവുകള്‍ സംരക്ഷിക്കപ്പെടുന്നില്ല, വന്‍കിട കമ്പനികള്‍ കമ്പോളത്തില്‍ ലാഭം കൊയ്യുന്നു തുടങ്ങിയ കണ്ടെത്തലുകള്‍ പ്രബന്ധത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. പരമ്പരാഗത കര്‍ഷകന്‍ മാനന്തവാടി ചെറുവയല്‍ രാമന്‍, കര്‍ഷക തൊഴിലാളി കേളന്‍, കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫ. സാലിക്കുട്ടി, അധ്യാപകനും കര്‍ഷകനുമായ ജോസ്, ജൈവകര്‍ഷകന്‍ കെ വി ദയാല്‍ എന്നിവരുമായി അഭിമുഖവും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വീടുകള്‍ എന്നിവിടങ്ങളില്‍ സര്‍വേകള്‍, താരതമ്യ പഠനം, പരീക്ഷണങ്ങള്‍, കൃഷിയിടങ്ങളും സ്ഥാപനങ്ങളും കൃഷി ഓഫീസുകളും സന്ദര്‍ശിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
നിരവധി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ പാഠ്യപദ്ധതിയില്‍ കൃഷിയുടെ പ്രായോഗിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. വന്‍കിട വിത്ത് കമ്പനികളെ ആശ്രയിക്കാതെ ഭക്ഷ്യയോഗ്യമായ ചെടികളുടെ വിത്തുകള്‍ കണ്ടെത്തി നടീല്‍ വസ്തുക്കളാക്കി സൂക്ഷിക്കുന്ന ‘കൂടം’ പോലുള്ള പരമ്പരാഗത രീതികളെ ഉപയോഗപ്പെടുത്തുക, വിത്തുഗുളിക, വിത്തുപെട്ടി, ചില്ലു കുപ്പികള്‍, വിത്ത് പാത്രം തുടങ്ങിയവയില്‍ വിത്തുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികള്‍ അവലംബിക്കുക എന്നിവയെല്ലാം പ്രധാന നിര്‍ദേശങ്ങളാണ്. ഇത്തരം നിസ്സാരവത്കരിക്കപ്പെടുന്ന രീതികള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാണ് ദേശീയ തലത്തിലേക്ക് ഇരുവരും അംഗീകരിക്കപ്പെട്ടത്. പ്രബന്ധം തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികളിലും മുതിര്‍ന്നവരിലും ബോധവത്കരണം, സ്‌കൂളില്‍ വിത്ത് ബേങ്ക് സജ്ജീകരണം, ചാര്‍ട്ട് പ്രദര്‍ശനം, വയോജന സംഗമം, പ്രാദേശിക വിത്ത് വിപണന കേന്ദ്രം, പഞ്ചായത്ത് പ്രസിഡന്റ്, എം എല്‍ എ എന്നിവര്‍ക്ക് നിവേദനം തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ആഇശ നിതാരയുടെ മാതാവും ഇതേ സ്‌കൂളിലെ അധ്യാപികയുമായ ഷര്‍മിനയാണ് ഇരുവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രബന്ധങ്ങള്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയതെന്നത് ശ്രദ്ധേയമാണ്. ‘ഏഅഠഋ’ ീുലി ീേ വേല ളൗൗേൃല എന്ന പേരില്‍ സ്‌കൂളില്‍ ആരംഭിച്ച പദ്ധതി വഴി പഠന മികവിനൊപ്പം പൊതുവായ മറ്റു കഴിവുകളും വേറിട്ട ചിന്താഗതികളും പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ആവശ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും പരിശീലനവും നല്‍കി രാജ്യവും സമൂഹവും ഉറ്റുനോക്കുന്ന നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുകയാണ് അധ്യാപകര്‍. ഇതിന്റെ കോഓഡിനേറ്ററും അധ്യാപകനുമായ ഷഖിലാണ് വിദ്യാലയത്തെയും വിദ്യാര്‍ഥികളെയും ഉയരങ്ങളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനായ സജിത്കുമാറിന്റെയും സര്‍വേയര്‍ സജിതയുടെയും മകളാണ് നിരുപമ ദാസ്. പൊന്നരംതെരുവിലെ രാജന്‍- വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് കാര്‍ത്തിക. ഒമ്പതാം തരം വിദ്യാര്‍ഥിനികളായ ഇരുവരും സീനിയര്‍ വിഭാഗത്തിലാണ് മത്സരത്തില്‍ പങ്കെടുത്തത്. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അബ്ദുല്‍ ഗഫൂറിന്റെയും ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷര്‍മിനയുടെയും മകളാണ് ആഇശ നിതാര. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെ കെ എം ഷിബുവിന്റെയും നരിക്കുനി ജി ജി എച്ച് എസ് എസിലെ സിന്ധുവിന്റെയും മകളാണ് ദേവനന്ദ. ഇരുവരും ജൂനിയര്‍ വിഭാഗത്തിലാണ് പ്രബന്ധമവതരിപ്പിച്ചത്. മെഡിക്കല്‍/ എന്‍ജിനീയറിംഗ് കോളജുകളിലെ പ്രവേശനത്തില്‍ മാത്രമൊതുങ്ങുന്ന ഇത്തരം മികച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ പ്രശസ്തമായ ഐ ഐ ടികളിലോ ബിഗ് സാന്റിലോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലോ എത്തിച്ചേരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവിടെയാണ് ബാലുശ്ശേരി ജി ജി എച്ച് എസ് എസ് വേറിട്ടു വഴിവെട്ടുന്നത്.

ശരീഫ് കിനാലൂര്‍

Shareefkinalur @gmail.com