ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശി അറസ്റ്റില്‍

Posted on: January 14, 2019 6:18 pm | Last updated: January 14, 2019 at 6:18 pm
SHARE

മഞ്ചേരി: ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പുവീരന്‍ പോലീസ് പിടിയിലായി. കാമറൂണ്‍ സ്വദേശി മൈക്കിള്‍ ബുന്‍വി ബൊന്‍വ (29)യെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരബാദില്‍ നിന്ന് മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ താമസസ്ഥലത്തെത്തിയായിരുന്നു അറസ്റ്റ്. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ മൈക്കിള്‍ ഫോറിനേഴ്‌സ് ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്തിരുന്നില്ല. ഇതേ കേസില്‍ രണ്ടുപേരെ കഴിഞ്ഞ മാസം പോലീസ് പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.

മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സാധനങ്ങള്‍ വാഗ്ദാനം ചെയ്തു തന്റെ കൈയില്‍ നിന്ന് അജ്ഞാതനായ ആള്‍ പണം തട്ടിയതായുള്ള ഒരു ഇതര സംസ്ഥാനക്കാരന്റെ പരാതിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. തട്ടിപ്പിനുപയോഗിച്ച മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡി വൈ എസ് പി. ജലീല്‍ തോട്ടത്തില്‍, സി ഐ. എന്‍ ബി ഷൈജു, എസ് ഐ, ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീമംഗം എന്‍ എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി പി മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here