ആലപ്പാട് വിഷയം: ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: January 12, 2019 9:30 am | Last updated: January 12, 2019 at 11:58 am

കൊല്ലം: ആലപ്പാട് വിഷയത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ചര്‍ച്ചക്ക് വ്യവസായ വകുപ്പ് മുന്‍കൈയെടുക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. നിയമസാ പരിസ്ഥിതി റിപ്പോര്‍ട്ട് കമ്പനി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രദേശവാസികള്‍ നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച റിലേ നിരാഹാര സമരം 73 ദിവസം പിന്നിട്ടു. കരിമണല്‍ ഖനനം ആലപ്പാടും പരിസര പ്രദേശങ്ങളും തകര്‍ക്കുകയാണെന്നും എത്രയും വേഗം ഖനനം അവസാനിപ്പിക്കണമെന്നുമാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. സമരം ശക്തമായിട്ടും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം രൂപപ്പെട്ടിട്ടും ഖനനം നിര്‍ത്തുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഐ ആര്‍ ഇ എടുത്തിട്ടില്ല.
കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരദേശമേഖലയിലാണ് ആലപ്പാട് പഞ്ചായത്ത്. ഇവിടെയും തൊട്ടടുത്തുള്ള പന്‍മനയിലും നടക്കുന്ന കരി മണല്‍ ഖനനം അശാസ്ത്രീയമാണെന്നാണ് പ്രതിഷേധവുമായി രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 1960കളില്‍ ആരംഭിച്ച മണല്‍ ഖനനം ഗുരുതരമായ രീതിയില്‍ ആലപ്പാടിനെ ബാധിച്ചെന്നാണ് ഇവര്‍ പറയുന്നത്.

‘1955ല്‍ തയാറാക്കിയ ഒരു ലിതോഗ്രഫിക് ഭൂപടം അനുസരിച്ച് ആലപ്പാട് 89.5 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും നടത്തിയ അളവ് അനുസരിച്ച് വെറും 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നും ഖനന ശേഷം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ കടല്‍ വിഴുങ്ങുകയാണെന്നും സമര രംഗത്തുള്ള പ്രദേശവാസികള്‍ പറയുന്നു. ഇല്‍മെനൈറ്റ്, മോണോസൈറ്റ്, ബ്രൗണ്‍ ഇല്‍മെനൈറ്റ്, സിര്‍കോണ്‍ തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയ മണലാണ് ഈ തീരത്തുള്ളത്. വ്യാവസായികമായി വലിയ ഡിമാന്‍ഡ് ഉള്ള ഈ മണല്‍ ഖനനം ചെയ്യുന്നതില്‍ സര്‍ക്കാറുകള്‍ക്ക് എല്ലാക്കാലത്തും വിലങ്ങുതടി തീരദേശത്ത് താമസിക്കുന്ന ജനങ്ങളാണ്.
പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ഐ ആര്‍ ഇക്ക് ഉണ്ട്. ഖനനം തുടരുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ എതിര്‍പ്പില്ല. പക്ഷേ, ചിലരെങ്കിലും ശാസ്ത്രീയമായ ഖനനം ആണ് വേണ്ടതെന്നാണ് പറയുന്നത്. ഇതുകൊണ്ടും കാര്യമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിനോടകം ആലപ്പാട് വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സമ്പൂര്‍ണമായി ഖനനം നിര്‍ത്തണമെന്നും നാട്ടുകാര്‍ പറയുന്നു.
20,000 ഏക്കര്‍ സ്ഥലം ഖനനത്തിലൂടെ നഷ്ടമായെന്നാണ് അവരുടെ കണക്കുകൂട്ടല്‍. മൂക്കുംപുഴ, പനക്കട തുടങ്ങിയ പാടശേഖരങ്ങളും ആലപ്പാട് ഉണ്ടായിരുന്നു. തുടര്‍ച്ചയായ ഖനനത്തില്‍ ഇവ പൂര്‍ണമായും നശിച്ചു. തീരദേശപരിപാലന നിയമം പൂര്‍ണമായും ലംഘിച്ചാണ് ഐ ആര്‍ ഇ ഖനനം നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.