Articles
സാമൂഹിക മാധ്യമങ്ങളിലെ പോലീസ് മാമന്‍മാര്‍

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ചെകുത്താനും കടലിനുമിടയില്‍ നില്‍ക്കുമ്പോഴാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ജനപ്രീതിയെക്കുറിച്ച് പഠനം നടത്താന്‍ മൈക്രോസോഫ്റ്റ് തീരുമാനിക്കുന്നത്. പൊതുജനസമ്പര്‍ക്കത്തിന് സാമൂഹികമാധ്യമങ്ങളെ എങ്ങനെയാണ് നിയമപാലക സംഘം ഉപയോഗപ്പെടുത്തിയത് എന്നതിനെക്കുറിച്ചാണ് ഗവേഷണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് ലഭിക്കുന്ന പിന്തുണയും ഈ ഗവേഷണത്തിന്റെ ഭാഗമായി വരുന്നുണ്ട്. പുതുവര്‍ഷം പിറന്നതോടെ കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലൈക്കുകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരിക്കുകയാണ്. പേജിന്റെ ലൈക്ക് കൂട്ടാനായി ട്രോളുകളും വീഡിയോകളും പോലീസ് ഉപയോഗിച്ചിരുന്നുവെങ്കിലും അതിനേക്കാളേറെ പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കുന്നതില്‍ സഹായകമായത് പേജിലെ കമന്റുകള്‍ക്ക് നല്‍കുന്ന മറുപടിയാണ്. സാധാരണ പോലീസ് ശൈലിവിട്ട് ഹാസ്യാത്മകമായുള്ള മറുപടിയാണ് പേജിലെ പോസ്റ്റുകള്‍ വൈറലാകാനും കൂടുതല്‍ ലൈക്കുകള്‍ നേടാനും സഹായകമായത്. പേജില്‍ വന്ന “പോലീസ് മാമ, സുഖമാണോ”? എന്നൊരു കമന്റിന് “മാമന്റെ തക്കുടു സുഖമാണോ” എന്നൊരു കമന്റാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനും കൂടുതല്‍ ലൈക്കുകള്‍ പേജിന് ലഭിക്കാനും സഹായകമായത്.
പോലീസിനെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ചില ധാരണകളെ മാറ്റിമറിക്കുന്നതാണ് സാമൂഹിക മാധ്യമത്തിലെ പോലീസിന്റെ ഇടപെടല്‍. അതില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്മാര്‍ക്ക് ഇത്തരത്തില്‍ ജനങ്ങളുമായി ഇടപെടുന്നതിന് പ്രത്യേകിച്ച് കുഴപ്പമൊന്നും വരാനില്ല. കാരണം അവര്‍ ജനങ്ങളുമായി നേരിട്ടിടപഴകേണ്ടി വരുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍, സാധാരണജനങ്ങളുമായുള്ള പോലീസിന്റെ ഇടപെടല്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ലല്ലോ.
ആദ്യകാലങ്ങളിലെ ഗൗരവമുള്ള പോസ്റ്റുകള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിനാലാണ് പോസ്റ്റുകള്‍ വൈറലാക്കാന്‍ വേണ്ടി ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് പേജിന്റെ അഡ്മിന്മാര്‍ തന്നെ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നവര്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. കാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തിയും ഹാസ്യാത്മകമായും പൊടിപ്പും തൊങ്ങലും വെച്ചും ജനങ്ങളുടെ ശ്രദ്ധ ലഭിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലൂടെ തന്നെ പോലീസ് പേജിനും സഞ്ചരിക്കേണ്ടി വരുന്നുവെന്നത് സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എത്രമാത്രം ഗൗരവപൂര്‍വമാണെന്ന് മനസ്സിലാക്കിത്തരുന്നു.
പേജിന്റെ ലൈക്കുകള്‍ കൂടുന്നതിനനുസരിച്ച് പോലീസ് സന്ദേശങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുമെന്നതില്‍ സംശയമില്ല. അത് ആവശ്യമാണുതാനും. പക്ഷേ, ഇവിടെ ചിന്തിക്കേണ്ട വിഷയമതല്ല. പേജ് ലൈക്ക് ചെയ്യുന്നവരും ഫോളോ ചെയ്യുന്നവരും ഇത്തരം അറിയിപ്പുകള്‍ അതിന്റെ പ്രാധാന്യത്തോടുകൂടി തന്നെ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതാണ്. അതല്ല, ഏതൊരു ട്രോള്‍ പേജും നല്‍കുന്നതുപോലെയുള്ള ഒരു ഹാസ്യപരിപാടിയായി ഇത് മാറുന്നുവോ?. പോലീസിന്റെ പേജ് ലൈക്ക് ചെയ്തിരിക്കുന്നവരില്‍ 70 ശതമാനവും 20നും 35നും ഇടയിലുള്ളവരാണെന്നതും ഇതൊരു ട്രോള്‍ പേജ് മാത്രമായി തീരുന്നോ എന്ന സംശയത്തിന് ഇട നല്‍കുന്നതാണ്. ന്യൂയോര്‍ക്ക് പോലീസ്, ബെംഗളൂരു പോലീസ് എന്നീ പേജുകളെ കടത്തിവെട്ടി മുന്നോട്ടുകുതിക്കുന്ന കേരള പോലീസിന്റെ പേജ് അടുത്ത് മറികടക്കാന്‍ ലക്ഷ്യമിടുന്നത് നേപ്പാള്‍ പോലീസിന്റെ പേജിനെയാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള തീവ്രയത്‌നത്തില്‍ പേജ് ഒരു ഹാസ്യപരിപാടിയായി മാറുന്നുവോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകുമോ? മനഃസംഘര്‍ഷമുണ്ടാകുമ്പോള്‍ പോലീസിന്റെ പേജില്‍ കയറിയാല്‍ മതി സമാധാനം ലഭിക്കുമെന്ന് പറയുന്നിടത്താണ് ഇപ്പോള്‍ കാര്യങ്ങളുള്ളത്.
അടുത്തകാലം വരെ ദിവസവും മുളച്ചുപൊന്തിയിരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മാത്രമേ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അവിടെനിന്നും മാറി ലൈവ് വീഡിയോയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിനുപുറമേ യൂട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഈ കുത്തൊഴുക്കിനിടയില്‍ വാര്‍ത്താമാധ്യമങ്ങള്‍ പോലും പ്രിന്റ് എഡിഷന്‍ നിര്‍ത്തി ഓണ്‍ലൈന്‍ രംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഈയൊരു ട്രെന്റ് കണ്ടുകൊണ്ട് കേരള പോലീസും യൂട്യൂബ് ചാനല്‍ ആരംഭിക്കാനിരിക്കുകയാണ്.
ഇതൊക്കെ മറ്റേതൊരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിനും അപരിചിതമാണെന്ന് പറയാം. സര്‍ക്കാര്‍ സംവിധാനങ്ങളുമായി അടുക്കാന്‍ തന്നെ ജനങ്ങള്‍ മടിക്കുന്നതാണ് വര്‍ത്തമാന സാഹചര്യം. കാരണം വേറൊന്നുമല്ല. അതിന്റെയൊക്കെ നൂലാമാലകളാണ്. പലപ്പോഴും ഏതെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളുമായോ അതോറിറ്റികളുമായോ ബന്ധപ്പെടേണ്ടി വന്നിട്ട് കയ്‌പ്പേറിയ അനുഭവമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരത്തിലേറെ നിയമസഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നതെന്ന് പേജിന്റെ അഡ്മിന്മാര്‍ പറയുന്നു. ഇത് വ്യക്തമാക്കുന്നത് നിലവിലുള്ള നിയമസംവിധാനങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ മടിക്കുന്നുവെന്നത് തന്നെയാണ്. അതിന് അവരെ പ്രേരിപ്പിക്കുന്നത് ഇത്തരം സംവിധാനങ്ങളുടെ മേല്‍ പതിഞ്ഞിട്ടുള്ള “ചുകപ്പുനാട”കളും. അവിടെയാണ് പോലീസ് ഫേസ്ബുക്ക് ടീം പുതിയ വിപ്ലവം സൃഷ്ടിക്കുന്നതെന്നതും സത്യമാണ്. അത്തരമൊരു പരിതസ്ഥിതിയില്‍ നിന്ന് നോക്കുമ്പോള്‍ ഈയൊരു ഉദ്യമം വളരെ നല്ലതാണെന്ന് പറയാം. അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഇതെല്ലാം സമ്മതിക്കുമ്പോള്‍ തന്നെ ഈ പേജ് വഴി നല്‍കുന്ന അറിയിപ്പുകള്‍ ജനങ്ങള്‍ എത്രമാത്രം കാര്യഗൗരവത്തോടെ കാണുന്നുണ്ട് എന്നിടത്താണ് മര്‍മം കിടക്കുന്നത്. മറ്റേതൊരു എന്റര്‍ടെന്‍മെന്റ് പേജിനെ പോലെ തന്നെയാണോ ജനങ്ങളുടെ പോലീസ് ഫേസ്ബുക്ക് പേജിനെയും സമീപിക്കുന്നത്? വെറുതെയിരിക്കുമ്പോള്‍ ഒരു രസത്തിന്, അല്ലെങ്കില്‍ ടെന്‍ഷനടിക്കുമ്പോള്‍ കുറച്ച് സമാധാനം ലഭിക്കുന്നതിന്. ഇങ്ങനെയൊക്കെയാണെങ്കില്‍ പേജിന് കിട്ടുന്ന ലൈക്കുകളിലോ ഫോളോവേഴ്‌സിലോ കാര്യമില്ലെന്ന് മനസ്സിലാക്കേണ്ടിവരും.
നിപ്പാ വൈറസ് കാലത്ത് പേജിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ ഫലപ്രദമായിരുന്നുവെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ പ്രളയം താണ്ഡവമാടിയപ്പോള്‍ പേജിലൂടെ 15,000ത്തിലേറെ സഹായാഭ്യര്‍ഥനകളാണ് ലഭിച്ചിരുന്നതെന്നും പറയുന്നു. ഇതൊക്കെ ഒരു ദുരന്തമുണ്ടാകുമ്പോള്‍ ഏതൊരു സമൂഹത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ്. അപ്പോള്‍ എവിടെ നിന്നും ആര് സഹായം നീട്ടിയാലും സ്വീകരിക്കുകയും ഉപദേശനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. പ്രളയകാലത്തിന് ശേഷം ശബരിമല വിഷയമെത്തിയപ്പോള്‍ കേരളം ഇത് രണ്ടും ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തമുഖത്തെ പ്രവര്‍ത്തനത്തിനപ്പുറം സാധാരണ ജീവിതത്തില്‍ ഈ പേജിന്റെ പ്രവര്‍ത്തനം എത്രത്തോളം ഗൗരവത്തോടെ ജനങ്ങള്‍ കാണുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം?
ഏതായാലും കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സാമൂഹികമാധ്യമ ഇടപെടലുകളില്‍ ചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന പോലീസ് ഫേസ്ബുക്ക് പേജ് ഒരു പുതിയ സംസ്‌കാരം തന്നെയാണ് വളര്‍ത്തിക്കൊണ്ടുവരുന്നത്. ജനങ്ങളില്‍ ഭൂരിഭാഗവും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും മുഴുസമയവും ചെലവഴിക്കുമ്പോള്‍ ഇത്തരമൊരു സാധ്യതകളെ ഉപയോഗപ്പെടുത്തുകയെന്ന വളരെ ലളിതമായ തത്വം. ലൈക്കുകള്‍ കൊണ്ട് മറ്റ് പേജുകളെ കീഴടക്കുകയെന്ന ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പേജിലൂടെ നല്‍കുന്ന സന്ദേശങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പുവരുത്തുക കൂടി ചെയ്താല്‍ അത് വന്‍ മുന്നേറ്റം സാധ്യമാക്കുമെന്നതില്‍ സംശയമില്ല. മാത്രവുമല്ല, മറ്റ് വകുപ്പുകള്‍ക്ക് കൂടി ഇത്തരത്തില്‍ പ്രവര്‍ത്തനരംഗത്തേക്കിറങ്ങാന്‍ പ്രചോദനമാകുമെന്നതും കാണണം.
……………………………..
വി പി എം സാലിഹ്