തന്നെ മാറ്റിയത് ശത്രുതയുള്ള വ്യക്തി ഉന്നയിച്ച ബാലിശ ആരോപണത്തില്‍ വിശ്വസിച്ച്: അലോക് വര്‍മ

Posted on: January 11, 2019 10:04 am | Last updated: January 11, 2019 at 12:20 pm

ന്യൂഡല്‍ഹി: തീര്‍ത്തും ബാലിശമായ ആരോപണത്തിന്റെ പേരിലാണ് തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് അലോക് വര്‍മ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ , അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണം അടിസ്ഥാനമാക്കിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന് അലോക് വര്‍മ ആരോപിച്ചു.

വ്യാഴാഴ്ച ചേര്‍ന്ന ഉന്നതാധികാര സമതിയാണ അദ്ദേഹത്തെ മാറ്റിയത്. താല്‍ക്കാലിക ചുമതല വീണ്ടും എം നാഗേശ്വര റാവുവിന് തന്നെ നല്‍കിയിരിക്കുകയാണ്. അഴിമതി, കൃത്യവിലോപം എന്നീ ആരോപണങ്ങളുടെ പേരിലായിരുന്നു നടപടി. ഉന്നതാധികാര സമതിയിലെ അംഗം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വര്‍മയെ മാറ്റുന്നതിനെതിരെ നിലപാടെടുത്തിരുന്നു. സിബിഐയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ഥാപനത്തിന്റെ സമഗ്രത കാത്ത് സൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് അലോക് വര്‍മ പറഞ്ഞു. തന്നോട് വിദ്വേഷമുള്ള വ്യക്തി ഉന്നയിച്ച ആരോപണം വിശ്വസിച്ച് തന്നെ മാറ്റിയത് ദു:ഖകരമാണ്. സിവിസി ഉത്തരവുകള്‍ അധികാരപരിധി കടന്നിട്ടുള്ളവയുമായിരുന്നുവെന്നും അലോക് വര്‍മ പറഞ്ഞു.