സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Posted on: January 10, 2019 5:32 pm | Last updated: January 10, 2019 at 6:10 pm

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിര സുപ്രിം കോടതിയില്‍ ഹര്‍ജി. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഭരണഘടനയുടെ രണ്ട് അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ബില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ബില്‍ പാസ്സാക്കിയതെന്നും ഹര്‍ജിക്കാർ ആരോപിച്ചു.

സംവരണത്തിന്റെ പരമാവധി പരിധി 50 ശതമാനമായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് സംവരണ പരിധി 60 ശതമാനമാകുന്ന രീതിയിലാണ് ബില്‍ തയ്യാറാക്കിയത്. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസ്സാക്കിയിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ഡിഎംകെയുടെയും ഇടതുപക്ഷത്തിന്റെയും ആവശ്യം വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസ്സാക്കിയത്.

മുന്നാക്ക ജന വിഭാഗങ്ങളിലെ ഭൂരിഭാഗം പേരും സംവരണ പരിധിയില്‍ വരുന്ന വിധത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടന്നു. തുല്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ബില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയും കൗശല്‍ കന്ദ് മിശ്ര എന്നയാളുമാണ് ബില്ലിനെതിരെ കോടതിയെ സമീപിച്ചത്.