Connect with us

Sports

യു എ ഇയെ വീഴ്ത്തിയ ആ ഗോള്‍ ഓര്‍മകളിലേക്ക് ഇരച്ച് കയറുന്നു

Published

|

Last Updated

പനാജി: ഏഷ്യാ കപ്പില്‍ ഇന്ത്യ യു എ ഇയെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഗോളിന്റെ തിരയിളക്കം ജൂള്‍സ് ആല്‍ബര്‍ട്ടോ ഡയസിന്റെ ഓര്‍മകളിലേക്ക് കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്നു.
ഇന്ത്യ അവസാനമായി യു എ ഇയെ തോല്‍പ്പിച്ചത് 2001ലാണ്. ഫിഫ ലോകകപ്പ് ക്വാളിഫയറില്‍. അന്ന് ബെംഗളുരുവില്‍ ഇന്ത്യ യു എ ഇയെ വീഴ്ത്തിയത് സാല്‍ഗോക്കര്‍ മിഡ്ഫീല്‍ഡറായിരുന്ന ജുള്‍സ് ആല്‍ബര്‍ട്ടോ ഡയസിന്റെ ഏക ഗോളില്‍.
ആ ഗോള്‍ ഇന്ത്യക്ക് ലോകഫുട്‌ബോളില്‍ അഭിമാനിക്കാവുന്ന വിജയം സമ്മാനിച്ചു. വ്യക്തിപരമായ നേട്ടമല്ലായിരുന്നു, ടീമിന് ലഭിച്ച പ്രൗഢിയായിരുന്നു അന്നേറെ സന്തോഷം നല്‍കിയത്. 1999 മുതല്‍ 2004 വരെ ദേശീയ ടീമിന്റെ ഭാഗമായിരുന്ന ആല്‍ബര്‍ട്ടോ ഡയസ് ഇത് പറയുമ്പോള്‍ ഒരു കാലഘട്ടം മിന്നിമായുന്നു.

രാജ്യത്തിനായി ഒരു ഡസന്‍ ഗോള്‍ നേടിയ ഡയസ് ഇന്നും ഓര്‍മിക്കപ്പെടുന്നത് യു എ ഇയെ തോല്‍പ്പിച്ച ഗോളിന്റെ പേരിലാണ്.
അതിനൊരു പ്രധാന കാരണം, ഹെന്റി മിഷേലിന്റെ യു എ ഇയെ ആയിരുന്നു തോല്‍പ്പിച്ചത് എന്നതിനാലാണ്. 1998 ലോകകപ്പ് നേടിയ ഫ്രാന്‍സിന്റെ പരിശീലകനാണ് മിഷേല്‍. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഇന്ത്യന്‍ ടീമില്‍ ആല്‍ബര്‍ട്ടോക്ക് ഏറെ പ്രതീക്ഷയുണ്ട്. യു എ ഇ മികച്ച ടീമാണ്, പക്ഷേ നിലവിലെ ഇന്ത്യന്‍ ടീമിന് അവരെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്. തന്ത്രങ്ങള്‍ വിജയകരമായി നടപ്പിലാക്കണമെന്ന് മാത്രം. വിംഗുകളിലൂടെയുള്ള യു എ ഇ ആക്രമണം പാടെ തടയണം. അതോടെ, മധ്യനിരയില്‍ മാത്രമാകും അവരുടെ ഗെയിം. ഇത് ഫലം കണ്ടാല്‍ മ ത്സരം ഇന്ത്യക്ക് അനുകൂലമാകും – ആല്‍ബര്‍ട്ടോ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കോച്ച് സുഖ്വീന്ദര്‍ സിംഗിന്റെ ബ്ലൂ ടൈഗേഴ്‌സ് യു എ ഇയെ വരച്ചവരയില്‍ നിര്‍ത്തിയത് കൃത്യമായ ഹോംവര്‍ക്ക് ചെയ്താണ്.
ബൈച്ചുംഗ് ബൂട്ടിയ, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി,ഖാലിദ് ജമീല്‍ എന്നിവര്‍ കോച്ചിന്റെ ഗെയിം പ്ലാന്‍ അതിഗംഭീരമായി നടപ്പിലാക്കി – ആല്‍ബര്‍ട്ടോ ഓര്‍മയില്‍ നിന്നെടുത്ത് പറഞ്ഞു.
2006 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞ ആല്‍ബര്‍ട്ട് കഴിഞ്ഞ ഒരു ദശകമായി ഇംഗ്ലണ്ടിലാണ്. ഡാര്‍ട്‌ഫോഡ് എഫ് സി അക്കാദമിയുടെ അണ്ടര്‍ 16 ടീമിന്റെ പരിശീലകനാണ് ആല്‍ബര്‍ട്ടോ ഡയസ്.

---- facebook comment plugin here -----

Latest