കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍

കൊല്ലം ബൈപ്പാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു. കേരളത്തിന്റെ സന്മനസ്സും ഹൃദയ വിശാലതയും പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Posted on: January 10, 2019 6:03 am | Last updated: January 9, 2019 at 11:46 pm

ദേശീയപാതയില്‍ ഗതാഗതം സുഗമമാക്കാനാണ് കൊല്ലത്തും ആലപ്പുഴയിലും ഓരോ ബൈപ്പാസ് നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് വരിപാതയാണ് ഉദ്ദേശിച്ചത്. ദേശീയപാത നാല് വരിയാക്കുമ്പോള്‍ ബാക്കി രണ്ട് വരി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വഴി നിര്‍മിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ സ്ഥലമെടുപ്പിലെ കാലതാമസം കാരണം കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം വൈകി. അതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ ഗതാഗതം സുഗമമാക്കുന്നതിനാണ് പെവിഡ്‌ഷൊള്‍ഡറോട് കൂടിയ രണ്ട് വരിപ്പാത നിര്‍മിച്ചത്. കേന്ദ്രവും സംസ്ഥാനവും പകുതിതുക നിക്ഷേപിച്ചാണ് നിര്‍മാണം. 2013 ലാണ് തീരുമാനമെടുത്തത്. 13 കി. മീറ്റര്‍ നീളമാണുള്ളത്. അഷ്ടമുടികായലിലൂടെ കടന്ന് പോകുന്ന ഇതിന്റെ സാമ്പത്തിക കരാര്‍ 2014 ജനുവരി 17നാണ് ഒപ്പുവെച്ചത്.

14 മാസം താമസിച്ചാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാകുന്നത്. ഇടക്ക് പദ്ധതിയുടെ പൂര്‍ത്തീകരണം 2018 ഡിസംബര്‍ 31 വരെ നീട്ടാന്‍ ദേശീയ അതോറിറ്റി ശിപാര്‍ശചെയ്തു. എന്നിട്ടും ഒരു മാസത്തിലേറെ അധികമെടുക്കുകയുണ്ടായി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 30 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ 36.8 കോടി രൂപ കരാറുകാരന് നല്‍കിയിരുന്നു. ബാക്കി 70 ശതമാനം പണികള്‍ പിണറായി സര്‍ക്കാറിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. 82 കോടി രൂപ പിണറായി സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നല്‍കി. ആകെ സംസ്ഥാന വിഹിതമായി 119 കോടി രൂപ ഇതുവരെ നല്‍കിയിട്ടുണ്ട്. ഇതുപോലെ തന്നെ ആലപ്പുഴ ബൈപ്പാസും ആരംഭിച്ചതാണ്. ഏഴ് കി.മീറ്റര്‍ നീളമാണ് ആലപ്പുഴബൈപ്പാസിനുള്ളത്. ആലപ്പുഴയിലും രണ്ട് വരി ബൈപ്പാസാണ് നിര്‍മിക്കുന്നത്. 2019 മെയില്‍ പൂര്‍ത്തിയാകും. റെയില്‍വേയുടെ മുകളിലൂടെയാണ് ബൈപ്പാസ് പോകുന്നത്. ആലപ്പുഴ ബീച്ചിന് മുകളിലാണ് ബൈപ്പാസിന്റെ ഭൂരിഭാഗവും. റെയില്‍വേയുടെ മുകളില്‍ പാലം നിര്‍മിക്കേണ്ടത് റെയില്‍വേ നിയമപ്രകാരം അവര്‍ തന്നെയാണ്. ബാക്കി ഭാഗം എല്ലാം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് കഴിഞ്ഞിട്ടും റെയില്‍വേയുടെ ഭാഗം നിര്‍മിക്കുന്നതില്‍ വന്ന ഒന്നര വര്‍ഷത്തെ കാലതാമസമാണ് 2017 സെപ്തംബര്‍ 14ന് തീരേണ്ടിയിരുന്ന പദ്ധതി ഇതുവരെ തീരാതെ നീണ്ടുപോയി. മൂന്ന് തവണയാണ് ആലപ്പുഴ പദ്ധതി നീട്ടികൊടുത്തത്. റെയില്‍വേ പാലം ഒഴിച്ച് ബാക്കിയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 15 ശതമാനം പ്രവൃത്തിയേ പൂര്‍ത്തിയായിരുന്നുള്ളൂ. ഒറ്റ സ്പാന്‍ പോലും വെച്ചിരുന്നില്ല. 85 ശതമാനം പണിയും പിണറായി സര്‍ക്കാറിന്റെ കാലത്താണ് പൂര്‍ത്തിയാക്കുന്നത്. 348.43 കോടിരൂപയാണ് അടങ്കല്‍.
കൊല്ലം ബൈപ്പാസ് എടുത്ത കരാറുകാരന്‍ തന്നെയാണ് ആലപ്പുഴ ബൈപ്പാസ് നിര്‍മിക്കുന്നത്. കൊല്ലം ബൈപ്പാസിന് 46 പിയറുകള്‍ (തൂണുകള്‍) ആവശ്യമാണ്. അതില്‍ ഒമ്പത് എണ്ണം യു ഡി എഫ് ഭരണ കാലത്തും 37 എണ്ണം ഇപ്പോഴത്തെ എല്‍ ഡി എഫ് ഭരണകാലത്തുമാണ് നിര്‍മിച്ചത്. 190 പൈലുകള്‍ നിര്‍മിച്ചു. പൈല്‍ ക്യാപ്പുകള്‍ 46 എണ്ണം നിര്‍മിച്ചു. അതുപോലെ തന്നെ 18 പിയര്‍ക്യാപ്പുകള്‍ നിര്‍മ്മിച്ചു. പ്രളയം നിര്‍മാണത്തെ ബാധിച്ചിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയപാത വിഭാഗമാണ് കൊല്ലം ബൈപ്പാസ് രൂപകല്‍പ്പന ചെയ്തതും ടെണ്ടര്‍ ചെയ്തതും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും. കേന്ദ്രം ചെയ്യേണ്ടïജോലി സമയത്ത് ചെയ്യാത്തതിനാല്‍ ഗതാഗത കുരുക്ക് കുറക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പും സര്‍ക്കാറും സ്വന്തം പണം മുടക്കി നിര്‍മാണം നടത്തുകയായിരുന്നു. മുടക്കിയ പണത്തിന്റെ 50 ശതമാനം കേന്ദ്ര ഫണ്ട് ആണ്. മറ്റ് എല്ലാ കാര്യവും സംസ്ഥാന പൊതുമരാമത്ത് ആണ് ചെയ്തിട്ടുള്ളത്.

പിണറായി സര്‍ക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ പദ്ധതി ഇപ്പോഴും തീരുമായിരുന്നില്ല. 2013 ല്‍ അംഗീകാരംകിട്ടിയ പദ്ധതി യു ഡി എഫ് ഭരണകാലത്ത് 2016 മെയ് 25 വരെ പൂര്‍ത്തിയാക്കിയത് 36 ശതമാനം മാത്രമാണ്. എങ്കിലും ആരംഭിച്ചത് നല്ല കാര്യം തന്നെയാണ്. അതേ രീതിയില്‍ ആയിരുന്നെങ്കില്‍ അഞ്ച് വര്‍ഷം എടുക്കുമായിരുന്നു പൂര്‍ത്തിയാക്കാന്‍. എന്നാല്‍ രണ്ടര വര്‍ഷം കൊണ്ട് പിണറായിസര്‍ക്കാര്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കുന്ന 10-ാമത്തെ ബൈപ്പാസ്/മേല്‍പ്പാലമാണ് കൊല്ലം. മെയില്‍ ആലപ്പുഴ ബൈപ്പാസ് തുറക്കും. തലശ്ശേരി – മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, കുന്നൂര്‍ മേല്‍പ്പാലം, വൈറ്റില മേല്‍പ്പാലം, പള്ളിപ്പുറം കഴക്കൂട്ടം മേല്‍പ്പാലം, ഉള്ളൂര്‍ – പട്ടം – ശ്രീകാര്യം മേല്‍പ്പാലങ്ങള്‍, കുതിരാന്‍ തുരങ്കം എന്നിവ നിര്‍മാണത്തിലാണ്. കേരളത്തിലാകെ കോടാനുകോടി രൂപ മുടക്കി റോഡുകളും പാലങ്ങളും സര്‍ക്കാര്‍കെട്ടിടങ്ങളും അടിപ്പാതകളും മേല്‍പ്പാലങ്ങളും ബൈപ്പാസുകളും നിര്‍മിച്ചുവരുന്നു. അതിനായി ധനകാര്യവകുപ്പും പൊതുമരാമത്ത് വകുപ്പും കേന്ദ്ര പദ്ധതികളില്‍ കേന്ദ്രവും കൈകോര്‍ത്ത് പിടിച്ചിരിക്കുകയാണ്. കിഫ്ബി വഴി ധനസഹായം നല്‍കി വരുന്നു. ബഡ്ജറ്റിന് പുറമെയാണിത്. കെ എസ് ഡി പി വഴി ഒമ്പത് പദ്ധതികല്‍ നടപ്പിലാക്കി വരുന്നു. 4,000 കോടിരൂപ അടങ്കല്‍, അതില്‍ അഞ്ച് പദ്ധതികളും ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയായി. എം സി റോഡ് ഉള്‍പ്പെടെ. കേന്ദ്ര റോഡ് ഫണ്ടും നബാര്‍ഡ് പണവും ഫലപ്രദമായി ഉപയോഗിക്കുക വഴി ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് റോഡ് നിര്‍മാണത്തിന് കേന്ദ്ര ഫണ്ടില്‍ നിന്ന് കിട്ടിയിട്ടുള്ളത്. കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ സഹായം എടുത്തുപറയുന്നു. ദേശീയപാത നാല് വരി ആക്കുന്നതില്‍ കേന്ദ്രത്തിന്റെ തണുപ്പന്‍ നയം കേരളത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത് മാറുമെന്ന് കേന്ദ്രം മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
നവകേരളം കെട്ടിപ്പടുക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ സന്ദര്‍ഭോജിതമായ ഇടപെടലുകളും ഉറച്ച നേതൃത്വവും പൊതുമരാമത്ത് വകുപ്പിന് ലഭിച്ച ഏറ്റവും വലിയ പിന്തുണയായി എടുത്ത് പറയാന്‍ ആഗ്രഹിക്കുകയാണ്.

കൊല്ലം ബൈപ്പാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു. കേരളത്തിന്റെ സന്മനസ്സും ഹൃദയ വിശാലതയും പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.