സംവരണ ബില്‍ ഭരണഘടന തിരുത്തിയെഴുതാനുള്ള നീക്കത്തിന്റെ തുടക്കം: കാന്തപുരം

Posted on: January 9, 2019 8:21 pm | Last updated: January 9, 2019 at 9:37 pm

കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണ ഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനും അതിനാവശ്യമായ പൊതു സമ്മതി നിര്‍മിക്കാനും ലക്ഷ്യം വെച്ചുള്ളതാണെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ലമെന്റിനു അകത്തും പുറത്തും നല്‍കിയ പിന്തുണ ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും എതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാറിന് വലിയ ആത്മ വിശ്വാസം നല്‍കും. ഈ വിഷയത്തില്‍ കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണെന്നും കാന്തപുരം പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുള്ള ഭരണഘടനാപരമായ നിലപാട് എന്ന അര്‍ഥത്തിലാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ, സാമ്പത്തിക സംവരണത്തിലൂടെ അസമത്വം കൂടുതല്‍ വ്യവസ്ഥാപിതമാവുകയാണ് ഫലത്തില്‍ സംഭവിക്കുക. പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും സംവരണം ബാധകമാക്കാത്ത സ്വകാര്യ, അണ്‍ എയ്ഡഡ് മേഖലകളില്‍ പോലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ കൈപറ്റുന്നതിന് നിലവിലുള്ള സാമ്പത്തിക പരിധി മാനദണ്ഡം ഉയര്‍ത്തണമെന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ നിര്‍ദേശം പോലും നടപ്പില്‍ വരുത്താത്തവരാണ് യാതൊരുവിധത്തിലുള്ള പ്രായോഗിക പഠന നിര്‍ദ്ദേശങ്ങളോ മുന്നൊരുക്കമോ കൂടാതെ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

നിയമ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ക്ക് പോലും ഈ നിയമത്തിന്റെ പൂര്‍ണ്ണ രൂപം ആവശ്യമായ ആലോചനക്കും ചര്‍ച്ചക്കും അവസരമൊരുക്കും വിധത്തില്‍ നേരത്തേ ലഭ്യമാക്കിയില്ല എന്നത് കുറ്റകരമാണ്. ആവശ്യമായ മുന്‍കരുതലുകളും ചര്‍ച്ചകളും ഇല്ലാതെ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തവര്‍ ഈ രാജ്യത്തെ ഉല്‍ബുദ്ധരായ പൗരന്മാരോട് കടുത്ത അനീതിയാണ് കാണിച്ചത്. അതേ സമയം ഓ ബി സി വിഭാഗങ്ങളെ സംവാരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും വിലക്കുന്ന സാമ്പത്തിക മാന ദണ്ഡങ്ങള്‍ എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് കാന്തപുരം ചോദിച്ചു.

സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം. അതിനെ സാമ്പത്തിക അസമത്വവുമായി കൂട്ടികെട്ടേണ്ട. സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആ മേഖലയില്‍ പരാജയപ്പെടുമ്പോഴാണ് സാമ്പത്തിക അസമത്വത്തെയും സാമൂഹിക നീതിയെയും കൂട്ടിക്കുഴക്കുന്നത്. ആവശ്യത്തിനു തൊഴിലോ, സാമ്പത്തിക വളര്‍ച്ചയോ നേടാന്‍ കഴിയാത്തതില്‍ ഉയരുന്ന പ്രതിഷേധത്തെ വഴി തിരിച്ചു വിടുകയാണ് ഇതിന്റെയൊക്കെ ലക്ഷ്യം. പുതിയ ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങള്‍ക്കു സുന്നി സംഘടനകളുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മ പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ സമാന മനസ്‌കരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കാന്തപുരം അറിയിച്ചു.