Connect with us

Gulf

മൃതദേഹ ടിക്കറ്റ് നിരക്ക്: പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ഫലംകണ്ടു: ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

Published

|

Last Updated

ഷാര്‍ജ: മൃതദേഹ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ എടുത്ത തീരുമാനം, നിരവധി പ്രവാസി സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം ഫലം കണ്ടുവെന്നതിന്റെ തെളിവാണെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ പ്രവാസികളായ ഇന്ത്യക്കാരുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 750ഉം അതിന് മുകളില്‍ 1,500 ദിര്‍ഹവുമാക്കിയാണ് എയര്‍ ഇന്ത്യ ഏകീകരിച്ച നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അടക്കമുള്ള നിരവധി പ്രവാസി സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളും ആവശ്യപ്പെടലുകളും മൂലമാണ് എയര്‍ ഇന്ത്യ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൃതദേഹത്തെ തൂക്കി വിലയിട്ടിരുന്ന രീതി മാറ്റിയാണ് എകീകരിച്ച നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്റെ കൂടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, മൃതദേഹത്തെ വഹിക്കാനുള്ള പെട്ടി, ആംബുലന്‍സ് ചെലവ്, കൂടെ പോകുന്നവരുടെ ടിക്കറ്റ് എന്നിവയുടെ ചെലവുകള്‍ ഏകീകരിച്ച നിരക്കില്‍ പെടുന്നില്ല. ഈ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു മൃതദേഹത്തിന് ഏകദേശം 5,500 ദിര്‍ഹമോളം ചെലവ് വരും.
ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ മുന്നോട്ടുവെച്ച തീരുമാനം പ്രവാസികള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുവെങ്കിലും മൃതദേഹങ്ങളോട് കാണിക്കേണ്ട ആദരവിന്റെ അടിസ്ഥാനത്തിലും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിക്കുന്ന സുപ്രധാനമായ പങ്ക് കണക്കിലെടുത്തും മറ്റു രാജ്യങ്ങളെ പോലെ മൃതദേഹം തീര്‍ത്തും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ വിമാന കമ്പനികളും സര്‍ക്കാരും ഒന്നിച്ചു സന്നദ്ധമാവണമെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Latest