സമരക്കാരുടെ അഴിഞ്ഞാട്ടം; തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ചു

Posted on: January 9, 2019 11:57 am | Last updated: January 9, 2019 at 3:08 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ബേങ്കിലേക്ക് ഇരച്ചുകയറിയ പതിനഞ്ചോളം സമരക്കാര്‍ മാനേജരുടെ ക്യാബിനും ഓഫീസും കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തു. ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി.

സംഭവത്തെ തുടര്‍ന്ന് ബേങ്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ബേങ്ക് ജീവനക്കാര്‍ രാവിലെ ഓഫീസിലെത്തിയവേളയിലാണ് സമരക്കാര്‍ ബേങ്കിലേക്ക് കയറിയത്. ബേങ്കിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല.

ബേങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അക്രമികള്‍ ബേങ്കിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പോലീസ് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സംയുക്ത സമരസമിതിയുടെ സമരപ്പന്തലിന് സമീപത്തുള്ള ബേങ്കിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരില്‍ ഒരു വിഭാഗമാണ് ബേങ്കിനുള്ളിലേക്ക് പ്രവേശിച്ച് അക്രമം നടത്തിയത്.