ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു

Posted on: January 8, 2019 5:24 pm | Last updated: January 9, 2019 at 8:55 am

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നില നിന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രാമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കും. മറ്റന്നാള്‍ ഭരണഘടനാ ബഞ്ച് കേസില്‍ വാദം കേള്‍ക്കും.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച തര്‍ക്കമാണ് കേസിന് ആധാരം. 2.77 ഏക്കര്‍ ഭൂമി സുന്നി വഖ്ഫ ബോര്‍ഡ്, നീര്‍മോഹി അഖാര, രാംലല്ല എന്നീ വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ 14 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് ഉടന്‍ പരിഗണിക്കണമെന്ന യുപി സര്‍ക്കാറിന്റെ ഹരജി ഒക്ടോബറില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമനടപടികള്‍ അവസാനിച്ച ശേഷമെ ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുക്കുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത്തന്നെ ഓര്‍ഡിന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മോദിയെ തിരുത്തുകയും ചെയ്തിരുന്നു.