14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി പീഡനത്തെ തുടര്‍ന്ന് പ്രസവിച്ചു

Posted on: January 6, 2019 3:22 pm | Last updated: January 6, 2019 at 4:10 pm

അരിസോണ: 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി പീഡനത്തിനിരയായി പ്രസവിച്ചു. അമേരിക്കയിലെ അരിസോണയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രത്തില്‍ കഴിയുന്ന യുവതി ഡിസംബര്‍ 29നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന കാര്യം അവരെ പരിപാലിക്കുന്നവര്‍ അറിഞ്ഞിരുന്നില്ലെന്നതാണ് അതിലേറെ ആശങ്കയുണര്‍ത്തുന്നത്. യുവതിയെ പീഡിപ്പിച്ചയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഒരു അപകടത്തില്‍പെട്ടാണ് യുവതിക്ക് ബോധം നഷ്ടപ്പെട്ടത്. തുടര്‍ന്ന് 14 വര്‍ഷമായി അവര്‍ അതേ അവസ്ഥയില്‍ തുടരുകയാണ്. യുവതി അസാധാരണമായി ഞരങ്ങുന്നത് കേട്ട് ശ്രദ്ധിച്ചപ്പോഴാണ് അവര്‍ പ്രസവിക്കുന്നതായി അറിഞ്ഞത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന നഴ്‌സ് തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അബോധാവസ്ഥയിലാണെങ്കിലും യുവതി പ്രസവ വേദന അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അരിസോണയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള പരിപാലന കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇത് വലിയ കോളിളക്കത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളുടെ മുറിയില്‍ പുരുഷ ജീവനക്കാര്‍ കയറുന്നതിന് ആശുപത്രി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ മുറിയില്‍ പുരുഷ ജീവനക്കാര്‍ക്ക് കയറണമെങ്കില്‍ ഒരു സ്ത്രീ ജീവനക്കാരി കൂടെ വേണം. ഈ ആരോഗ്യ പരിപാലന കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ കഴിയുന്ന രോഗികള്‍ക്ക് എതിരെ പുരുഷ ജീവനക്കാരന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും യുവതികള്‍ കാണെ സ്വയംഭോഗം ചെയ്തുവെന്നുമായിരുന്നു പരാതി.