Connect with us

Kerala

കലാപത്തിന് കാരണം സര്‍ക്കാര്‍; രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്

Published

|

Last Updated

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സുപ്രീം കോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരില്‍ യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗ്ഗത്തിലൂടേനയും പാര്‍ട്ടി നയം നടപ്പാക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം സങ്കീര്‍ണമാക്കിയത് സര്‍ക്കാറാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നിവയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. ശബരിമല വിഷയം എല്ലാ മതസാമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരേയും അനുവദിക്കാന്‍ പാടില്ല. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വര വിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. സര്‍ക്കാര്‍ അത് നിറവേറ്റിയില്ലെങ്കില്‍ വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.