ജിഷ്ണുവിന്റെ ഓര്‍മകള്‍ക്ക് രണ്ട് വയസ്സ്; നീതി കാത്ത് കുടുംബം

Posted on: January 6, 2019 11:48 am | Last updated: January 6, 2019 at 11:48 am

നാദാപുരം: സ്വാശ്രയ കോളജ് മാനേജ്മെന്റിന്റെ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. നീതി തേടിയുള്ള ഒരു കുടുംബത്തിന്റെ കാത്തിരിപ്പാണ് ഏറെ വേദനാജനകം. ഏക മകന്‍ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് അമ്മ മഹിജ ഇതുവരെ മോചിതയായിട്ടില്ല. ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി ഉറക്കെ കരയാന്‍ പോലുമാകാതെ നീതിക്കായി കാത്തിരിക്കുകയാണ് അച്ഛന്‍ അശോകന്‍.

ജിഷ്ണുവിന്റെ ചരമദിനമായ ഇന്ന്് വിപുലമായ പരിപാടികളാണ് ജന്മനാട്ടില്‍ ഒരുക്കുന്നത്. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടന്നു. വൈകിട്ട് അഞ്ചിന് ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ വിവിധ ക്ലബ്ബുകളും അനുസ്മരണം സംഘടിപ്പിക്കും.

2017 ജനുവരി ആറിനാണ് തൃശൂര്‍ പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി വളയം പൂവ്വംവയല്‍ കിണറുള്ള പറമ്പത്ത് ജിഷ്ണു എന്ന ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. കോളജ് അധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് തുടക്കം മുതല്‍ തന്നെ കുടുംബം ആരോപിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അനേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് എറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകന്‍ സി പി പ്രവീണ്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അശോകനും മഹിജയും ഉള്‍പ്പെടുന്ന കുടുംബം മുഖ്യമന്ത്രിക്കും ഡി ജി പിക്കും കത്തയച്ചു. സ്ഥലം ഡി വൈ എസ് പിയും സി ഐയും സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയതിന് പിന്നാലെ പോലീസ് സര്‍ജനെന്ന് തെറ്റിദ്ധരിപ്പിച്ച് പി ജി വിദ്യാര്‍ഥിയെ കൊണ്ട് പോസ്റ്റ് മോര്‍ട്ടം നടത്തിച്ചും വ്യാജ ആത്മഹത്യ കുറിപ്പ് സൃഷ്ടിച്ചും കേസ് അട്ടിമറിക്കപ്പെട്ടു. ജിഷ്ണുപ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറി സീല്‍ ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായില്ല. ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറകള്‍ മായ്ച്ചുകളഞ്ഞു. ഡി എന്‍ എ. ടെസ്റ്റിന് വേണ്ട സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. പത്ത് മാസത്തെ അന്വേഷണത്തില്‍ പ്രതികള്‍ക്കനുകൂലമായി പോലീസ് നീങ്ങിയത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും പിന്തുണയുമായി വളയം പൂവ്വംവയലിലെ വീട്ടിലെത്തി. ചിലര്‍ കൂടെ നിന്നു. ചിലര്‍ കൈമലര്‍ത്തി. മറ്റ് ചിലര്‍ സഹായം വാഗ്ദാനങ്ങളിലൊതുക്കി.

ജിഷ്ണുവിന്റെ അമ്മ മഹിജ തിരുവനന്തപുരത്ത് ഡി ജി പിയെ കാണാന്‍ പോയതും മാതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചതും ഏറെ വിവാദമായി. പരുക്കേറ്റ മഹിജ ആശുപത്രിയിലും ജിഷ്ണുവിന്റെ സഹോദരി വളയത്തെ വീട്ടിലും നിരാഹാരം കിടന്നതും ഏറെ കോളിളക്കമുണ്ടാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഉപവാസം പിന്‍വലിച്ചെങ്കിലും കുറച്ചു ദിവസത്തിന് ശേഷം ജിഷ്ണുവിന്റെ ബന്ധുക്കളുമായി ഉടമ്പടി ഉണ്ടാക്കിയിട്ടില്ലെന്ന സര്‍ക്കാര്‍ വിശദീകരണം ഏറെ വിവാദത്തിന് കാരണമായി.

അതിനിടെ, സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൃഷ്ണദാസിന്റെ നികുതി വെട്ടിപ്പും സ്വാശ്രയ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയും പ്രവര്‍ത്തിച്ചതിനാലാണ് തന്റെ മകനെ ഇല്ലായ്മ ചെയ്തെന്നും കൃഷ്ണദാസിന്റ സാമ്പത്തികമാണ് കേസ് തെളിയാതെ പോകുന്നതിന് കാരണമെന്നും കാണിച്ച് കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സി ബി ഐ അന്വേഷിക്കണം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണം തുടങ്ങിയ ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നു. ജിഷ്ണു പ്രണോയ്, ശഹീര്‍ ശൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലു എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് കേസ് എറ്റടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി സി ബി ഐക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചു. കേസ് ഏറ്റെടുക്കാന്‍ ആദ്യം വിസമ്മതിച്ച സി ബി ഐയെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ കേസ് ഏറ്റെടുക്കാന്‍ സി ബി ഐ. തയ്യാറാകുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഏതാനും മാസം മുമ്പ് സി ബി ഐ സംഘം വളയത്തെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്ന്
മാത്രം. കേസിന്റെ പുരോഗതിയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പിതാവ് അശോകന്‍ പ്രതികരിച്ചത്.