എ എഫ് സി ഏഷ്യാ കപ്പ്; ഇന്ത്യ ഇന്നിറങ്ങും

ഇന്ന് രണ്ട് മത്സരം. ആദ്യ കളിയില്‍ ആസ്‌ത്രേലിയ ജോര്‍ദാനെ നേരിടും. വൈകീട്ട് 4.30ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം. ഇന്ത്യയുടെ മത്സരം രാത്രി 7.00ന്‌
Posted on: January 6, 2019 9:02 am | Last updated: January 6, 2019 at 9:35 am

അബുദാബി: അപ്രസക്തര്‍ എന്ന വിശേഷണവുമായി എ എഫ് സി ഏഷ്യാ കപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നു. എതിരാളി തായ്‌ലന്‍ഡ്. ഗ്രൂപ്പ് എയില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലെത്താന്‍ ആദ്യ കളി തന്നെ ജയിച്ച് ആത്മവിശ്വാസം നേടുകയാണ് ബ്ലൂ ടൈഗേഴ്‌സിന്റ ലക്ഷ്യം. നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് എത്തുന്നത്. സന്നാഹ മത്സരങ്ങളിലെ റിസള്‍ട്ട് മികച്ചതായിരുന്നു. ഇറ്റാലിയന്‍ കോച്ച് മാര്‍സലോ ലിപ്പി പരിശീലിപ്പിക്കുന്ന ചൈനയെയും കരുത്തരായ ഒമാനെയും സമനിലയില്‍ പിടിച്ചു. ജോര്‍ദാനോട് തോറ്റെങ്കിലും അത് നേരിയ മാര്‍ജിനില്‍, പൊരുതിത്തോറ്റതായിരുന്നു.

പരാജയമറിയാതെ പതിമൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്റ്റീഫന്‍കോണ്‍സ്റ്റന്റൈന്റെ പരിശീലക കാലത്ത് ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിക്കാന്‍ സാധിച്ചത് സ്ഥിരതയുള്ള പ്രകടനം കൊണ്ടാണ്. ഏഷ്യാ കപ്പ് പോലൊരു വലിയ ചാമ്പ്യന്‍ഷിപ്പിലും ആവശ്യം സ്ഥിരതയാണ്. അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ തായ്‌ലന്‍ഡിനെ പിച്ചിച്ചീന്തുന്ന പ്രകടനം സാധ്യമായാല്‍ ഇന്ത്യക്ക് മുന്നോട്ടുള്ള വഴി എളുപ്പായി. കാരണം, യു എ ഇ, ബഹ്‌റൈന്‍ ടീമുകളുമായി സമനില പിടിച്ചാല്‍ പോലും നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.
പ്രതിരോധ നിരയുടെ അച്ചടക്കം ഇന്ത്യയുടെ പ്രത്യേകതയാണ്. അസിയാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോളുകള്‍ അടിച്ച് കൂട്ടിയ തായ്‌ലന്‍ഡിനെ മെരുക്കാന്‍ ഇന്ത്യക്ക് പ്രയാസമുണ്ടാകില്ല. ഫിഫ റാങ്കിംഗിലെ അന്തരവും ഏറെയാണ്. ഇന്ത്യ 97 ; തായ്‌ലന്‍ഡ് 118. ഗ്രൂപ്പില്‍ യു എ ഇ കഴിഞ്ഞാല്‍ മികച്ച റാങ്കിംഗ് ഇന്ത്യയുടെതാണ്.

ചരിത്രപരമായി പറഞ്ഞാല്‍ തായ്‌ലന്‍ഡിന് ഇന്ത്യക്ക് മേല്‍ വ്യക്തമായ ആധിപത്യമുണ്ട്. 24 തവണ ഏറ്റുമുട്ടിയപ്പോള്‍ കിഴക്കനേഷ്യന്‍ രാജ്യം ജയിച്ചത് പന്ത്രണ്ട് തവണ. ഇന്ത്യക്ക് അഞ്ച് ജയവും. ഏഴ് കളികള്‍ സമനില. അവസാനമായി നേര്‍ക്കുനേര്‍ വന്നത് 2010ല്‍. ആ വര്‍ഷം രണ്ട് മത്സരവും തായ്‌ലന്‍ഡ് ജയിച്ചു, 2-1; 10.
സമീപകാല പ്രകടനം പരിശോധിച്ചാല്‍ ഇന്ത്യ സമനിലയില്‍ തളച്ച ഒമാനോട് തായ്‌ലന്‍ഡ് തോറ്റിരുന്നു. അതുകൊണ്ട് ഇന്ത്യക്ക് തന്നെയല്ലേ സാധ്യത എന്ന് കോച്ച് സോണ്‍സ്റ്റന്റൈനോട് ചോദിക്കരുത്. കൃത്യമായ മറുപടി ലഭിക്കില്ല. ടീമുകളോരോന്നും വ്യത്യസ്തമാണ്. ഒമാനല്ല, തായ്‌ലന്‍ഡ്. ടീമിലെ കളിക്കാരും വ്യത്യസ്ത ശൈലിക്കാരാണ്. മത്സരഫലവും വ്യത്യസ്തമായിരിക്കുമെന്നാണ് കോണ്‍സ്റ്റന്റൈന്‍ പറത്ത് വരുന്നത്.

1986 മെര്‍ദെക്കാ കപ്പിലാണ് ഇന്ത്യ അവസാനമായി തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചത്. ആ ചരിത്ര ദിവസം ഇന്ന് വീണ്ടും ആവര്‍ത്തിക്കപ്പെടും എന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളും സ്വപ്‌നം കാണുന്നത്.
ക്യാപ്റ്റനും ഗോള്‍ മെഷീനുമായ സുനില്‍ ഛേത്രിയിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സ്‌ട്രൈക്ക് പങ്കാളി ജെജെ ലാല്‍പെഖുലയുടെ ഫോം ടീമിന് തലവേദനയാണ്. കളത്തിലിറങ്ങിയാല്‍ മാത്രമേ മിസോ താരം ഫോം ഔട്ടാണോ എന്ന് വ്യക്തമാകൂ.
പ്രതിരോധ നിരയില്‍ ആത്മവിശ്വാസത്തോടെ എടുത്തു പറയാന്‍ പേരുകളുണ്ട്. സന്ദേശ് ജിങ്കാന്‍, മലയാളി താരം അനസ് എടത്തൊടിക. ഇവര്‍ക്ക് പിറകിലായി ഗോള്‍ വല കാക്കുന്നത് ഗുര്‍പ്രീത് സിംഗ് സന്ധുവാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗോളി എതിരാളികള്‍ക്ക് ബാലികേറാമലയാകും.

കോണ്‍സ്റ്റന്റൈന്റെ ഫസ്റ്റ് ചോയ്‌സ് വിംഗര്‍മാര്‍ ഉദാന്ത സിംഗും ഹാലിചരണ്‍ നര്‍സാരിയുമാണ്. ഛേത്രിക്കും ജെജെക്കും കൂടുതലായി പന്തെത്തിക്കുക എന്ന ദൗത്യം ഇവരില്‍ നിക്ഷിപ്തം.
ഇന്ന് ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ സുനില്‍ ഛേത്രി മാത്രമാണ് 2011 ഏഷ്യാ കപ്പ് കളിച്ചത്. മറ്റെല്ലാവരും അരങ്ങേറ്റക്കാര്‍. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു 2011 സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിന്റെ മികച്ച പ്രകടനം 1972 ലാണ്. മൂന്നാം സ്ഥാനത്തെ ഫിനിഷിംഗ്. അതിന് ശേഷം, അഞ്ച് തവണ പങ്കെടുത്തപ്പോഴും ഗ്രൂപ്പ് റൗണ്ട് കടമ്പ താണ്ടാന്‍ സാധിച്ചിട്ടില്ല.
2010 ലോകകപ്പില്‍ ഘാനയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിപ്പിച്ച കോച്ച് മിലോവന്‍ റജെവാച് ആണ് തായ്‌ലന്‍ഡിന്റെ പരിശീലകന്‍. ജപ്പാനിലെ ജെ ലീഗില്‍ കളിക്കുന്ന സ്‌ട്രൈക്കര്‍ ടീറാസില്‍ ദംഗ്ദയാണ് ടീം നായകന്‍. തീര്‍തോന്‍ ബുന്‍മഥന്‍, ചനതിപ് സോംഗ്‌റസിന്‍ എന്നിവരും ജെ ലീഗിലെ സൂപ്പര്‍ താരങ്ങളാണ്.

സമനിലത്തുടക്കം

അബുദാബി: എ എഫ് സി ഏഷ്യാ കപ്പിന് സമനിലത്തുടക്കം. ഗ്രൂപ്പ് എയില്‍ യു എ ഇയും ബഹ്‌റൈനും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു (1-1). ആവേശകരമായ മത്സരത്തില്‍ ബഹ്‌റൈനായിരുന്നു ലീഡെടുത്തത്. യു എ ഇ എണ്‍പത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ തോല്‍വി ഒഴിവാക്കുകയായിരുന്നു. അഹമ്മദ് ഖലീലാണ് യു എ ഇക്ക് സമനില സമ്മാനിച്ചത്.