വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted on: January 5, 2019 4:51 pm | Last updated: January 5, 2019 at 6:55 pm

മുംബൈ: സഹസ്ര കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യ രാജാവ് വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ച് മുംബൈ കോടതിയുടെയാണ് നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യംവിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമ പ്രകാരമാണ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ ഇയാളുടെ മുഴുവന്‍ സ്വത്തുക്കളും സര്‍ക്കാറിന് കണ്ടുകെട്ടാനാകും.

ഒമ്പതിനായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് വിജയ് മല്യ നടത്തിയത്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ രാജ്യം വിട്ട ഇയാള്‍ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ലണ്ടന്‍ കോടതി അംഗീകരിച്ചിട്ടുണ്ട്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാനുള്ള ഇഡിയുടെ നടപടിക്കെതിരെ ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക കോടതിയും ഹൈക്കോടതിയും അപേക്ഷ തള്ളിയതോടെയാണ് ഇയാള്‍ സുപ്രീം കോടതിയിലെത്തിയത്.