Connect with us

Kerala

ബി ജെ പി അഴിയാക്കുരുക്കില്‍; അക്രമക്കേസുകള്‍ തലവേദനയാകും

Published

|

Last Updated

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തില്‍ രാഷ്ട്രീയ നാടകത്തിനൊപ്പം കലാപം അഴിച്ചുവിട്ട ബി ജെ പി വീണ്ടും ചെന്നുപെട്ടത് അഴിയാക്കുരുക്കില്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ശബരിമല സമരം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് തടിയൂരാനുള്ള നീക്കങ്ങള്‍ക്കിടെ വന്നുപെട്ട യുവതീ പ്രവേശവും ഹര്‍ത്താലും അക്രമസംഭവങ്ങളും കേന്ദ്ര ഓര്‍ഡിനന്‍സിനുള്ള തുടര്‍ സമ്മര്‍ദ്ദവുമെല്ലാം ബി ജെ പിയെ വലിയ കുരുക്കിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ശബരിമല വിശ്വാസികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ഇതുവഴി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് വേണ്ട നിലമൊരുക്കുകയും ചെയ്യാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് സമര രംഗത്ത് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും ഉറച്ചു നിന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ലക്ഷ്യം പാളുകയും ശബരിമലയില്‍ തുടങ്ങിയ സമരം ബി ജെ പിക്ക് പാതി വഴിയിലുപേക്ഷിക്കേണ്ടിവരികയും ചെയ്യുകയായിരുന്നു.

സുപ്രീം കോടതി കേസ് പരിഗണിക്കുംവരെയെങ്കിലും സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന നിരാഹാര സമരം തുടരാനും വിധിക്കനസുരിച്ച് നയം മാറ്റാനുമാണ് സംസ്ഥാന നേതൃത്വം പിന്നീട് ആലോചിച്ചിരുന്നത്. ഇതിനിടയില്‍ രണ്ട് യുവതികള്‍ പോലീസിന്റെ പിന്തുണയില്‍ ശബരിമല ദര്‍ശനം നടത്തിയതോടെ നിലവിലുള്ള സമര രീതി മാറ്റേണ്ടി വരികയായിരുന്നു. തീവ്ര ഹൈന്ദവ സംഘടനകള്‍ ഉള്‍പ്പെട്ട ശബരിമല കര്‍മ സമിതിയുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട സമരത്തിലേക്ക് ബി ജെ പിയും ഉള്‍ച്ചേരുകയായിരുന്നു. ഹര്‍ത്താലില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം നിയന്ത്രണാതീതമായതോടെ ബി ജെ പിയോട് ചേര്‍ന്ന് നിന്ന സാധാരണക്കാരായ വിശ്വാസികള്‍ പോലും അക്രമങ്ങളെ തള്ളിപ്പറഞ്ഞു തുടങ്ങി. അതിനെല്ലാമപ്പുറം സംസ്ഥാനത്തെമ്പാടും നടന്ന അക്രമങ്ങളില്‍ പ്രതികളായ നൂറുകണക്കിന് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് തുടങ്ങിയതോടെ ഇവരുടെ കേസുകളുടെ തുടര്‍ നടത്തിപ്പും മറ്റും വലിയ തലവേദനയാണ് ബി ജെ പി നേതൃത്വത്തിന് സൃഷ്ടിച്ചിട്ടുള്ളത്.

നിലവില്‍ 1108 കേസുകളാണ് പോലീസ് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അക്രമത്തിന്റെ പേരില്‍ 1718 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇത്രയും പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവെച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂവെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറിയിട്ടുള്ളത്. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമുണ്ടായപ്പോള്‍ ചെയ്തതുപോലെ അക്രമികളുടെ ആല്‍ബം തയ്യാറാക്കും. അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇത് കൈമാറും. തുടര്‍ന്നാകും അറസ്റ്റ്. തുലാമാസ പൂജ സമയത്തുണ്ടായ അക്രമങ്ങളില്‍പ്പെട്ടവരുടെ കേസ് നടത്തിപ്പ് തന്നെ ബി ജെ പിക്കുള്ളില്‍ വലിയ മുറുമുറുപ്പ് സൃഷ്ടിച്ചിരുന്നു.

അതേസമയം, ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കണമെന്ന വാദവുമായി ആര്‍ എസ് എസും ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 28ലെ വിധിയും എതിരാവുകയും സ്ഥിതി വഷളാവുകയും ചെയ്താല്‍ ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാകുമെന്ന് ആര്‍ എസ് എസ് സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമുണ്ടാകില്ലെന്നും സമ്മര്‍ദം ശക്തമായാല്‍ അവസാനത്തെ നടപടിയെന്ന നിലക്ക് കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടിവരുമെന്നുമാണ് ആര്‍ എസ് എസിന്റെ ആവശ്യം. ശബരിമല വിഷയത്തില്‍ ബി ജെ പി നിലപാടിനൊപ്പം നിന്ന എന്‍ എസ് എസും ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്നാണ് ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രവേശം സംബന്ധിച്ച നിയമത്തിലെ വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. അത് സംസ്ഥാന വിഷയമാണ്. അതിന്മേല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് നേരത്തെ ബി ജെ പി നേതൃത്വം പറഞ്ഞിരുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് അത് കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന വിഷയത്തിലുള്‍പ്പെടുന്നതുകൊണ്ടാണെന്നായിരുന്നു നേരത്തെയുള്ള അദ്ദേഹത്തിന്റെ വാദം.

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ യുവതികളുടെ പ്രവേശം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതായതിനാല്‍ അതിനെതിരെ ഔദ്യോഗികമായി നിലപാട് പറ്റില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest