Connect with us

Socialist

നവോഥാനം എന്ന ഒളിച്ചുകളി; മുജാഹിദ് നേതാവിന്റെ വൈകാരിക പരിസരങ്ങള്‍

Published

|

Last Updated

മുജീബ് റഹ്മാൻ കിനാലൂർ

വക്കം മൗലവിയെ കുറിച്ചുള്ള പുസ്തകത്തിലെ തിരിമറി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണല്ലോ ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍ നേതാവ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍. Emmar Kinalur ദീപാ നിഷാന്ത് ഭാഷയില്‍ പറഞ്ഞാല്‍ കള്ളത്തരം പിടികൂടിയപ്പോള്‍ വൈകാരിക പരിസരം ഉദ്ധരിച്ചു രക്ഷപ്പെടാന്‍ നോക്കുകയാണ് മുജീബ്റഹ്മാന്‍ കിനാലൂരും.

1. വിഷബാധയേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുമായിരുന്നു എന്ന കാര്യം മുജീബും അംഗീകരിക്കുന്നുണ്ടല്ലോ. അതുകൊണ്ടാണല്ലോ “സംശയാസ്പദമവും മൗലവിയുടെ മൗലിക നിലപാടുകള്‍ക്ക് വിരുദ്ധവുമായ” “”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക”” എന്ന ഭാഗം കഷ്ണിച്ച് ബാക്കി ഭാഗം മുജീബ് പുസ്തകത്തില്‍ നിലനിര്‍ത്തിയത്. അപ്പോള്‍ എന്തിനാകാണം മൗലവിയെ കൂട്ടിക്കൊണ്ടുപോയിരുന്നത് എന്ന് അദ്ദേഹം വിശദീകരിക്കണം. മത സൗഹാര്‍ദം കാണിക്കാനോ, വിഷ ചികിത്സക്കോ? ഇനിയതല്ല, പാമ്പു കടിയിലൂടെ മാത്രം പുഷ്‌കലമാകുന്ന പ്രത്യേകതരം മത സൗഹാര്‍ദഹമുണ്ടോ? മൗലവിയുടെ മതാന്തര ബന്ധം കാണിക്കാന്‍ സീതി സാഹിബ് എടുത്തു ചേര്‍ത്തതാകാം എന്നാണ് ബോധ്യമായത് എന്ന് മുജീബ് പറയുന്നു. ഇതര മതക്കാരുമായുള്ള സൗഹൃദ ബന്ധവും വിഷബാധയും തമ്മിലുള്ള ബന്ധം എന്താണ്?

2. ഒരു വിഷയം സമര്‍ഥിക്കാന്‍ “”സംശയസ്പദവും മൗലികമല്ലാത്തതുമായ”” കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന ആളാണോ കേരളത്തിലെ വഹാബി സ്ഥാപകരിലൊരാളും മുന്‍ സ്പീക്കറും മുസ്ലിം ലീഗ് നേതാവുമായ കെ എം സീതി? അതും മന്ത്രജപം പോലെ ഒട്ടും ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍? അതും ദീര്‍ഘകാലം മുജാഹിദുകള്‍ സുന്നികളോട് തര്‍ക്കിച്ച ഒരു കാര്യം മൗലവിയില്‍ ആരോപിച്ചിട്ടു വേണമായിരുന്നോ സീതിക്കു അത് ചെയ്യാന്‍? അപ്പോള്‍ മുന്‍കാല വഹാബി നേതാക്കളും മുജീബിനെ പോലെ ആവശ്യാനുസാരം വെട്ടിക്കളഞ്ഞും കൂട്ടിച്ചേര്‍ത്തും ആണ് നവോത്ഥാനം ഉണ്ടാക്കിയത് എന്ന് വേണോ കരുതാന്‍? അതോ പരസ്പരം ശിര്‍ക്ക് ആരോപിക്കുന്ന മടവൂര്‍ വിഭാഗവും മൗലവി വിഭാഗവും മുജാഹിദില്‍ അന്നേ ഉണ്ടായിരുന്നോ?

3. മുജീബുര്‍റഹ്മാന്റെ നേതാവും ഭയങ്കര വഹാബിയുമായ പരേതനായ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ “മിശ്കാത്തുല്‍ ഹുദ” വിശേഷാല്‍ പതിപ്പാണ് കെ എം സീതിയുടെ ലേഖനം ആദ്യം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ സലഫീ സ്ഥാപകനെ കുറിച്ച് ഇത്തരമൊരു അസംബന്ധം അബ്ദുല്‍ സലാം മൗലവി സിദ്ധീകരിക്കുമോ?

4. പ്രസിദ്ധീകൃതമായ വക്കം മൗലവിയുടെ ലേഖനങ്ങളിലും പുസ്തകങ്ങളിലും മൗലവിയുടെ മന്ത്രത്തെ കുറിച്ച് പരാര്‍ശം കാണാത്തത് കൊണ്ട് അദ്ദേഹം അത് ചെയ്തില്ല എന്ന് പറയാന്‍ പറ്റുമോ? സലഫീ പശ്ചത്തലത്തിലായിരിക്കുമല്ലോ അവ ഏറെക്കുറെ പുറത്തിറങ്ങിയിരിക്കുക എന്ന സ്ഥിതിക്ക് മുജീബിനെ പോലെ അതിറക്കിയവരും കൈക്രിയ നടത്തിയതായിക്കൂടേ? കെ എം സീതിയും എം വി അബ്ദുസ്സലാം മൗലവിയും വക്കം മൗലവി മന്ത്രിച്ചത് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും?

5. അടിസ്ഥാന രഹിതമായ ഒരു പരാമാര്‍ശം വെച്ചല്ല ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് എന്നു പറയുന്നല്ലോ മുജീബുര്‍റഹ്മാന്‍. വക്കം മൗലവിയുടെ കാലത്ത് ജിവിച്ച, അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭഗീരത യ്തനങ്ങള്‍ നടത്തിയ കെ എം സീതി സാഹിബ് വക്കം മൗലവിയെ കുറിച്ച് പറഞ്ഞ കാര്യം അടിസ്ഥാന രഹിതമാണെന്ന് അക്കാലത്തെ പുസ്തകങ്ങളും കുറിപ്പുകളും വായിച്ച് പഠിക്കുന്ന മുജീബിനെ പോലെ ഒരാള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ യുക്തി/മാനദന്ധം എന്താണ്? അങ്ങിനെയെങ്കില്‍ കെ എം സീതയുടെ ഏതൊക്കെ പരാമര്‍ശങ്ങളാണ് അടിസ്ഥാന രഹിതം?

6. “എന്റെ പുസ്തകത്തിലെ കേന്ദ്ര ആശയം വക്കം മൗലവി പൗരോഹിത്യത്തെ എതിര്‍ത്ത, മത യാഥാസ്ഥിതികതയെ വെല്ലുവിളിച്ച നവോത്ഥാന നായകന്‍ ആയിരുന്നു” എന്ന് തുറന്നുപറയുന്നതിലൂടെ; സ്വന്തം താത്പര്യത്തിനനുസരിച്ച് വാക്കുകള്‍ വെട്ടിമാറ്റി നവോത്ഥാനായകനെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു എന്ന് സമ്മതിക്കുകയല്ലേ കിനാലൂര്‍? മന്ത്രിച്ചൂതിയതു കഴിച്ചുള്ള ബാക്കി മൗലവിയാണോ നവോഥാന നായകന്‍? ഇനി അങ്ങിനെയൊരു നവോഥാന നായകനെ സൃഷ്ടിക്കാന്‍ മറ്റു പലതും ഒളിപ്പിച്ചുവെക്കേണ്ടി വരും എന്നു കൂടിയാണോ മുജീബ് പറയുന്നത്?

7. ഇനിയിപ്പോള്‍ താഴ്ന്ന ജാതിക്കാരെ കഴുതകളെന്ന് വിളിക്കാന്‍ വക്കം മൗലവി പത്രത്തിന്റെ എഡിറ്റോറിയല്‍ വിട്ടുകൊടുത്ത സ്വദേശാഭിമാനി ബാലകൃഷ്ണ പിള്ള, മുജീബിന്റെ “യുക്തി” ലോജിക് അനുസരിച്ച് താഴ്ന്ന ജാതിക്കാരെയും ഉയര്‍ന്ന ജാതിക്കാരെയും ഒരു ക്ലാസില്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കാത്ത ആളാകുമോ?

8. “ശാസ്ത്രം, യുക്തി എന്നിവയെ മതവുമായി സംയോജിപ്പിക്കുന്ന കാഴ്ചപ്പാട് പുലര്‍ത്തുന്ന” സലഫീ ഗ്രൂപ്പുകള്‍ തന്നെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ജിന്ന് ചികിത്സയും മന്ത്രവും നടത്തുന്നില്ലേ? അതിന്റെ ഫീസ് നിരക്ക് വരെ അച്ചടിച്ച് വിതരണം ചെയ്യുന്നില്ലേ? ഇവരും വക്കം മൗലവിയുടെ പിന്മുറക്കാരല്ലേ?

9. “മൗലവി മന്ത്ര ചികിത്സ നടത്തി എന്ന് ഏതെങ്കിലും അനുഭവസ്ഥരോ സാക്ഷികളോ രേഖപ്പെടുത്തിയതായി കാണുന്നില്ല. അദ്ദേഹത്തിന്റെ അനുയായികളില്‍ ആരും തങ്ങളെ മന്ത്രിച്ചു ചികിത്സിച്ചതായി എഴുതിയിട്ടില്ല. ജീവിതകാലം ധാരാളം രോഗങ്ങള്‍ക്ക് അദ്ദേഹം ഇരയായതായും ചികില്‍സിച്ചതായും രേഖയുണ്ട്. അതിലധികവും മോഡേന്‍ മെഡിസിന്‍ ആയിരുന്നു. ഒരിക്കല്‍ പോലും അദ്ദേഹം മന്ത്ര ജപചികിത്സ നടത്തിയതായി കാണുന്നില്ല” എന്നാണു മുജീബ് പറയുന്നത്. അപ്പോള്‍ ഈ മന്ത്ര ചികിത്സ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമായി അദ്ദേഹം പ്രത്യേകം നടത്തിയതാകുമോ? മോഡേണ്‍ മെഡിസിന്‍ ഉപയോഗിച്ച് ചികില്‍സിച്ചിട്ടുണ്ട് എന്നത് മന്ത്ര ജപ ചികിത്സ നടത്തിയിട്ടില്ല എന്നതിനു തെളിവാകുന്നതെങ്ങിനെ? ഏതായാലും മുജീബിനെ പോലുള്ള അനുയായികളും ആരാധകരും ആണല്ലോ മൗലവിക്കും കെ എം സീതിക്കുമുള്ളത്. അതിനാല്‍ “ശാസ്ത്രീയമല്ലാത്തത്” ഒളിപ്പിച്ചുവെക്കാന്‍ അവരും ശ്രദ്ധിച്ചതാകുമോ?

10. “ശാസ്ത്രം, യുക്തി എന്നിവയെ മതവുമായി സംയോജിപ്പിക്കുന്ന കാഴ്ചപ്പാടാണ് വക്കം മൗലവി മുന്നോട്ടു വെച്ചത്. അയുക്തമായ ആചാര സമ്പ്രദായങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞതായി അദ്ദേഹത്തിന്റെ രചനകളില്‍ വ്യക്തമാണ്. “വക്കം മൗലവിയുടെ തെരഞ്ഞെടുത്ത കൃതികള്‍” വായിച്ചാല്‍ ഇത് ബോധ്യമാകും. എന്നിരിക്കെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മതത്തിനും ശാസ്ത്രത്തിനും നിരക്കാത്ത “മന്ത്രിച്ചു ഊത്ത്” അദ്ദേഹം നടത്തി എന്ന് എങ്ങനെ വിശ്വസിക്കാനാവും?” എന്നാണു മുജീബിന്റെ ചോദ്യം.
ഉത്തരം ലളിതമാണ്. കെ എം മൗലവിയുടെ അടുത്ത അനുയായിയും വിശ്വാസപരമായി അദ്ദേഹത്തിന്റെ നിലപാടുകളുടെ പ്രചാരകനും ജീവിത കാലത്ത് മൗലവിയുമായി അടുത്തടപഴകിയ വഹാബിയുമായ കെ എം സീതി അങ്ങിനെ പറയുന്നു, മുജാഹിദ് നേതാവായ എന്‍ വി അബ്ദുല്‍ സലാം മൗലവിയുടെ നേതൃത്വത്തിലുള്ള “മിശ്കാത്തുല്‍ ഹുദയില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നതു തന്നെയാണ് കാരണം. അദ്ദേഹം മന്ത്രതന്ത്ര ജപ ചികിത്സകള്‍ നടത്തി ജീവിച്ച ഒരു മൊല്ല കൂടി ആയിരുന്നു എന്ന് കരുതിയത് വഹാബി നേതാക്കളായ കെ എം സീതിയും എന്‍ വി അബ്ദുല്‍ സലാമും ആണ്. അതിനിങ്ങനെ കെറുവിച്ചിട്ടു കാര്യമൊന്നുമില്ല.

മുജീബ്, മോഷണം പോലെ അപരാധമാണ് മറച്ചു പിടിക്കലും. കെ എം സീതയുടെ ലേഖനം റഫറന്‍സായി ചേര്‍ത്തിട്ട്, അതിലെ ഉള്ളടക്കം തെറ്റായി ഉദ്ധരിച്ചു എന്ന കുറ്റമാണ് മുജീബില്‍ ആരോപിച്ചത്. അതാണ് കയ്യോടെ പിടികൂടപ്പെട്ടതും. മൗലവി അങ്ങിനെ ചെയ്തോ ഇല്ലേ എന്നതു രണ്ടാമത്തെ കാര്യമാണ്. അതിനുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. അപരാധം പിടികൂടിയപ്പോള്‍ ഉള്ള ജാള്യതയൊക്കെ മനസ്സിലാകും. ദീപാ നിഷാന്തിനെയും ശ്രീചിത്രനേയും നമ്മള്‍ കണ്ടുവെച്ചതല്ലേയുള്ളൂ. സത്യത്തില്‍ നമ്മുടെ ഈ വക പുതിയ തലമുറ നവോത്ഥാന പോരാളികളെല്ലാം എന്തുകൊണ്ടാണ് ഒന്നുകില്‍ മോഷ്ടാക്കളോ അല്ലെങ്കില്‍ ഒളിച്ചുകളിക്കാരോ ആകുന്നത്? ഇനിയതല്ല നവോത്ഥാനം തന്നെ ഒരു മാതിരി ഒളിച്ചു കളിയാണോ?

---- facebook comment plugin here -----

Latest