ചക്രങ്ങളില്ല; പകരം കാലുകള്‍; നടക്കും കാറുമായി ഹ്യുണ്ടായ്

Posted on: January 4, 2019 3:36 pm | Last updated: January 4, 2019 at 3:37 pm

അടുത്തയാഴ്ച ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രാണിക് ഷോയില്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് എത്തുന്നത് ഒരു പുത്തന്‍ ഐഡിയയുമായി. ടയറില്‍ ഉരുളുന്ന പരമ്പരാഗത കാര്‍ സങ്കല്‍പത്തിന് തിരുത്ത് കുറിച്ച് കാലില്‍ നടക്കുന്ന കാറാണ് ഹ്യുണ്ടായിയുടെ സ്വപ്‌നവാഹനം. ഇതിന്റെ പ്രോടോ ടൈപ്പ് കമ്പനി തയ്യാറാക്കുകയും ചെയ്തു. കണ്‍സ്യൂമര്‍ ഷോയില്‍ ഇത് അവതരിപ്പിക്കും.

ഇലവേറ്റ് (Elevate) എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്. റോബോട്ടിക് സാങ്കേതിക വിദ്യയും ഇലക്‌ട്രോണിക് വെഹികിള്‍ ടെക്‌നോളജിയും സമ്മിശ്രമായി ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണമെന്ന് കമ്പനി വ്യക്തമാക്കുന്നു. കാറിന് ടയറുകള്‍ക്ക് പകരം നാല് കാലുകളാണ് ഉണ്ടാകുക. സിനിമകളിലാണ് ഇതിന് മുമ്പ് ഇത്തരമൊരു ആശയം നമ്മള്‍ കണ്ടത്.

കാറിന്റെ ചിത്രം ഹ്യുണ്ടായ് പുറത്തുവിട്ടിട്ടുണ്ട്. കാറിന് ഡോറുകള്‍ ഉള്ളതായി ചിത്രത്തില്‍ കാണുന്നില്ല. ഇതിന് പകരം മറ്റെന്തെങ്കിലും സംവിധാനം മറുവശത്ത് ഒരുക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന കാലുകളാണ് കാറിന്റെ ആകര്‍ഷണം. ഇത് ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടാന്‍ സഹായിക്കും. കാലിന് താഴെയായി ചക്രമെന്ന് തോന്നിക്കുന്ന ഭാഗം കാണുന്നുണ്ട്.

എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് മുന്നോട്ട് നീങ്ങാന്‍ പാകത്തിലുള്ളതാകും പുതിയ കാര്‍ എന്നാണ് കരുതുന്നത്. ഡ്രൈവ് ചെയ്യാനും നടക്കാനും മലകയറാനും എല്ലാം കാറിന് കഴിയുമത്രെ. അള്‍ട്ടിമെയ്റ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു എം വി) എന്ന വിഭാഗത്തിലാണ് കാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.