തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന ബി ജെ പി പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി നടന്ന അക്രമസംഭവങ്ങളില്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ഇതേ തുടര്‍ന്നുണ്ടായ നഷ്ടം 3.35 കോടി രൂപയാണെന്ന് മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. തകര്‍ന്ന കെ എസ് ആര്‍ ടി സി ബസുകളുമായി നടത്തിയ വിലാപ യാത്രക്കു മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബസുകള്‍ തകര്‍ന്നതു മൂലം മാത്രമുണ്ടായതാണ് ഇത്രയും നഷ്ടം. സര്‍വീസുകള്‍ മുടങ്ങിയതിന്റെ ഭാഗമായും മറ്റുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരും. ബസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മാസങ്ങളെടുത്തേക്കും. വോള്‍വോ, സ്‌കാനിയ ബസുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ വിദേശത്തു നിന്ന് എത്തിക്കേണ്ടതുണ്ട്.
കോര്‍പറേഷനുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തില്ല. ഒരുകാലത്തും അങ്ങനെ ഉണ്ടാകാറുമില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പൊതുജനം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.