വിദേശത്തേക്ക് സൈന്യത്തെ അയക്കാറില്ല; യുഎസിന് മറുപടിയുമായി ഇന്ത്യ

Posted on: January 3, 2019 3:16 pm | Last updated: January 3, 2019 at 7:25 pm
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ വിദേശത്തേക്ക് സൈനികരെ അയക്കാറില്ലെന്ന് ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കണമന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കാണ് ഇന്ത്യയുടെ മറുപടി.

വികസന പ്രവര്‍ത്തങ്ങള്‍ക്ക് സഹായം നല്‍കുന്നതിലൂടെ ജനജീവിതം മാറ്റാന്‍ സാധിക്കുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് സൈന്യത്തെ ഇന്ത്യ അയക്കാറില്ല. യുഎന്നിന്റെ സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രമാണ് ഇന്ത്യ സൈന്യത്തെ വിട്ടു നില്‍ക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനില്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതുകൊണ്ട് മാത്രം അവിടത്തെ സുരക്ഷാ പ്രശനങ്ങള്‍ മറികടക്കാനാകില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും റഷ്യയും ചേര്‍ന്ന് പ്രശനപരിഹാരത്തിന് ശ്രമിക്കണമെന്നും ട്രപ് പറഞ്ഞിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.